1. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഫ്രോസൺ ചിക്കൻ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കാൻ ചിക്കൻ മീറ്റ് പ്രോസസിംഗ് പ്ലാന്റും മിനി പ്രോസസിംഗ് യൂണിറ്റും ആരംഭിച്ച് കുടുംബശ്രീ. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്തും ആനയിറയിലുമാണ് പ്ലാന്റുകൾ ആരംഭിച്ചത്. ഫ്രോസൺ ചിക്കൻ മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് കഠിനംകുളത്തെ മീറ്റ് പ്രോസസിങ് പ്ലാന്റിലൂടെ പുറത്തിറക്കുക. കുടുംബശ്രീ കേരള ചിക്കൻ എന്ന ബ്രാൻഡിൽ സൂപ്പർമാർക്കറ്റുകൾ വഴിയാകും ആദ്യഘട്ടത്തിൽ ഈ ഉത്പന്നങ്ങൾ വിറ്റഴിക്കുക. കേരള ചിക്കൻ ഉത്പന്നങ്ങളുടെ വിപണി വർദ്ധിപ്പിക്കുന്നതിനും അതുവഴി കൂടുതൽ വനിതകൾക്ക് ഈ മേഖലയിൽ സംരംഭം തുടങ്ങുന്നതിനും സംരംഭകരുടെ വരുമാനം ഇരട്ടിയായി വർദ്ധിപ്പിക്കുവാനും ഇതിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നു.
നിലവിൽ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഫ്രോസൺ ഉത്പന്നങ്ങൾ കേരള ചിക്കൻ പദ്ധതി വഴി കുടുംബശ്രീ വിപണിയിലിറക്കുന്നുണ്ട്. കഠിനംകുളത്തെ പ്ലാന്റിലൂടെ സ്വന്തം നിലയിലും കുടുംബശ്രീ കേരള ചിക്കൻ ഫ്രോസൺ ഉത്പന്നങ്ങൾ പുറത്തിറക്കും. ആനയറ മിനി പ്രോസസിങ് യൂണിറ്റ് മുഖേന ചിൽഡ് ചിക്കനാണ് വിപണിയിലെത്തിക്കുന്നത്. അൽഫഹാം കട്ട്, കറികട്ട്, ബിരിയാണി കട്ട്, ഫുൾ ചിക്കൻ അങ്ങനെ വിവിധതരത്തിലുള്ള ചിൽഡ് ചിക്കൻ ഉത്പന്നങ്ങൾ ഈ യൂണിറ്റിലൂടെ വിപണിയിലത്തിക്കും. ശാസ്ത്രീയമായ രീതിയിൽ സെമി ഓട്ടോമേറ്റഡ് പൗൾട്രി പ്രോസസിങ് ലൈനിലാണ് കഠിനംകുളം പ്ലാന്റിൽ കോഴിയിറച്ചി സംസ്‌ക്കരിക്കുന്നതും മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയാറാക്കുന്നതും. അതിനാൽ തന്നെ ഈ കോഴിയിറച്ചി ഗുണമേന്മയിലും മുന്നിട്ട് നിൽക്കും. കുടുംബശ്രീ കേരള ചിക്കൻ എന്ന ബ്രാൻഡിൽ സൂപ്പർമാർക്കറ്റുകൾ വഴിയാകും ആദ്യഘട്ടത്തിൽ ഈ ഉത്പന്നങ്ങൾ വിറ്റഴിക്കുക. കേരള ചിക്കൻ ഉത്പന്നങ്ങളുടെ വിപണി വർദ്ധിപ്പിക്കുന്നതിനും അതുവഴി കൂടുതൽ വനിതകൾക്ക് ഈ മേഖലയിൽ സംരംഭം തുടങ്ങുന്നതിനും സംരംഭകരുടെ വരുമാനം ഇരട്ടിയായി വർദ്ധിപ്പിക്കുവാനും ഇതിലൂടെ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നു.
ഇറച്ചിക്കോഴി വിപണന രംഗത്ത് വില നിയന്ത്രണത്തിനും കുടുബശ്രീ അയൽക്കൂട്ടാംഗങ്ങൾക്ക് സ്ഥിര വരുമാനം ലഭ്യമാക്കുന്നതിനും കേരളത്തിലെ ആഭ്യന്തരവിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിനുമായി 2019ലാണ് സംസ്ഥാന സർക്കാർ കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്. കേരള ചിക്കൻ പദ്ധതിക്ക് കീഴിൽ കോഴിയിറച്ചി ഉത്പാദനം, വിപണനം, വിൽപന എന്നിവയ്ക്കുള്ള എല്ലാ സംവിധാനങ്ങളും ഏകീകരിക്കുന്നതിനായി കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കെ.ബി.എഫ്.പി.സി.എൽ) എന്ന കമ്പനിയും രൂപീകരിച്ചു. നിലവിൽ 450ഓളം ഫാമുകളും 140 വിപണനശാലകളും കേരളത്തിലുടനീളം പ്രവർത്തിക്കുന്നു. ഇതിലൂടെ 700 ഓളം കുടുംബങ്ങൾക്ക് ഒരു സ്ഥിര വരുമാനം കണ്ടെത്താനും കഴിയുന്നു. ഇന്റഗ്രേഷൻ വഴി കോഴി കർഷകർക്ക് 33.19 കോടി രൂപയും, ഔട്ട്ലെറ്റ് ഗുണഭോക്താക്കൾക്ക് 45.40 കോടി രൂപയും ലഭ്യമാക്കാനായിട്ടുണ്ട്. കൂടാതെ ഇക്കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 105 കോടി രൂപയുടെ വിറ്റുവരവും നേടി. നാളിതുവരെ 354 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ കേരള ചിക്കൻ കൈവരിച്ചിരിക്കുന്നത്. കേരള ചിക്കൻ ബ്രാൻഡിൽ ഇന്ന് വിപണിയിലെത്തുന്ന ഉത്പന്നങ്ങൾ ഗുണനിലവാരത്തിലും വിശ്വാസ്യതയിലും മുൻനിരയിലാണ്. ഈ പദ്ധതി ഭാവിയിൽ കേരളത്തെ കോഴിയിറച്ചി ഉത്പാദനരംഗത്ത് സ്വയംപര്യാപ്തമായ ഒരു മാതൃകാ സംസ്ഥാനമാക്കി ഉയർത്തുന്നതിന് സഹായിക്കും.
2. അമ്പലവയൽ വടുവഞ്ചാൽ റോഡിൽ സ്ഥിതിചെയ്യുന്ന വയനാട് കൃഷി വിജ്ഞാനകേന്ദ്രത്തിൽ വച്ച് "മത്സ്യകൃഷി" എന്ന വിഷയത്തിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ 22-ാം തീയതിയ്ക്കു മുൻപായി 85905 43454 എന്ന ഫോൺ നമ്പറിൽ പേര്, ഫോൺ നമ്പർ എന്നിവ സഹിതം വാട്‌സപ്പ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.
3. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. എന്നാൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവരും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം പകൽ താപനില ഉയർന്നു തന്നെ തുടരും. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.