കൊല്ലം കടയ്ക്കല്‍ അണപ്പാട് ആര്‍.എസ്.ജി തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രം നടത്തുന്ന ആര്‍.എസ്.ഗോപകുമാര്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഒരു തേനീച്ചക്കൂടുമായാണ് തേന്‍യാത്ര തുടങ്ങുന്നത്. ഇന്നിപ്പോള്‍ ആ മധുരവഴിയില്‍ 6000 ഇന്ത്യന്‍ തേനീച്ച കോളനികളും 1000 ചെറുതേനീച്ച കോളനികളുമുണ്ട്.
മുപ്പത് വര്‍ഷമായി തേനീച്ച വളര്‍ത്തലും പരിശീലനവും തേന്‍കൂടുകളുടെ വില്‍പ്പനയും നടത്തുന്ന ഗോപന് ഇപ്പോള്‍ എല്ലാം തേനീച്ചകളാണ്. കുഞ്ഞുങ്ങളെപോലെ അവരെ പരിചരിച്ച് ജീവിക്കുന്നതിലെ സുഖം അനുഭവിക്കുകയാണ് ഗോപന്‍. ഈ ആത്മാര്‍ത്ഥതയ്ക്കുള്ള അംഗീകാരമായി ഗോപനെ ഈ വര്‍ഷം തേടിയെത്തിയത് സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച തേനീച്ച കര്‍ഷകനുള്ള പുരസ്‌ക്കാരമാണ്.
ഒരു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും 2019 ഡിസംബര്‍ 9ന് ആലപ്പുഴ നടന്ന ചടങ്ങില്‍ മന്ത്രി വി.എസി.സുനില്‍ കുമാറില്‍ നിന്നും അദ്ദേഹം ഏറ്റുവാങ്ങി. അനേകം തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ദാതാവാണ് ഇപ്പോള്‍ ഗോപന്‍. പരിശീലനം നേടാനായി നൂറുകണക്കിനാളുകളാണ് ഗോപനെ തേടിയെത്തുന്നത്. 2006ലും മികച്ച തേനീച്ച കര്‍ഷകനുള്ള പുരസ്‌ക്കാരം നേടിയിരുന്നു. 2008 ല്‍ ഹോര്‍ട്ടികോര്‍പ്പിന്റെ അംഗീകൃത തേനീച്ച വളര്‍ത്തുകാരനായി. അന്നു മുതല്‍ ഹോര്‍ട്ടികോര്‍പ്പിന് തേന്‍ നല്‍കി തുടങ്ങി. 2019 ല്‍ ഹോര്‍ട്ടികോര്‍പ്പിന് മാത്രം ഏഴ് ടണ്ണിലധികം തേന്‍ നല്‍കാന്‍ ഗോപകുമാറിന് കഴിഞ്ഞു.