Updated on: 19 April, 2025 4:22 PM IST
കൃഷി ജാഗരൺ പുരസ്കാരവുമായി ജുനൈദ് കൈപ്പാണിയും അയ്യൂബ് തോട്ടോളിയും, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീമതി. രാജി വർഗീസ് സമീപം

വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട ആറുവാൾ തോട്ടോളി പാടത്ത് ' വെള്ളമുണ്ട കമ്പളം' എന്ന പേരിൽ സംഘടിപ്പിച്ച കമ്പളനാട്ടി ഉത്സവത്തിന് നേതൃത്വം നൽകിയ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്കും മാതൃകാ ജൈവകർഷകൻ അയ്യൂബ് തോട്ടോളിക്കും കൃഷി ജാഗരണിന്റെ അംഗീകാരം. കൽപ്പറ്റ കളക്ട്രേറ്റിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഇരുവർക്കും, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീമതി. രാജി വർഗീസ്, കൃഷി ജാഗരൺ അധികൃതർക്കു വേണ്ടി അംഗീകാരപത്രം കൈമാറി. കൃഷി ഡപ്യൂട്ടി ഡയറക്ടർമാരായ ഷീബ ജോർജ്, ബിന്ദു ആർ, സൂപ്രണ്ട് ശ്രീജിത്ത് കെ. എസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഗോത്രസമുദായത്തിന്റെ പാരമ്പര്യകലകളായ 'കമ്പളം' ഞാറുനടൽ എളുപ്പം തീർക്കാനുള്ള ഒരു ആഘോഷച്ചടങ്ങാണ്. ഇതിന്റെ ഭാഗമായി തുടികൊട്ടും, കുഴൽവിളിയും കമ്പളപ്പാട്ടും നൃത്തവുമൊക്കെയായി വലിയൊരു പണിയസംഘം വയലിലിറങ്ങി ഞാറുപറിക്കുകയും നടുകയും ചെയ്യും. കൃഷിയെ വിസ്മരിക്കുന്ന പുതിയ തലമുറയ്ക്ക് കൃഷി ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് നൽകുകയും, കാർഷികസംസ്കാരവുമായി അവരെ കൂടുതൽ ബന്ധിപ്പിക്കുകയുമാണ് വെള്ളമുണ്ട കമ്പളത്തിന്റെ പ്രധാന ലക്ഷ്യം. താളബോധത്തിൻറെ കാർഷിക അറിവുകളും, പാട്ടിന്റെയും പാടത്തിന്റെയും പൈതൃകവും കൂട്ടിനാക്കി വയനാട്ടിന്റെ കാര്‍ഷികാവബോധത്തിന് ഊടും പാവും പകരവാനായിരുന്നു 'വെള്ളമുണ്ട കമ്പളം' സംഘടിപ്പിച്ചത്. ഹൃദയസ്പർശിയായ ആ അനുഭവം, സന്ദേശവും പ്രചോദനവും സഹിതം ജില്ലയാകെ പ്രചരിച്ച്, നൂറുകണക്കിന് ആളുകൾ അന്യമാകാനിരിക്കുന്ന കമ്പളനാട്ടിയെ വീണ്ടും പുനരാവിഷ്കരിച്ചു മാതൃകയായി മാറി 'വെള്ളമുണ്ട കമ്പളം'.

പരമ്പരാഗത കാർഷിക പൈതൃകത്തെ പുതുതലമുറയിലേക്ക് കൈമാറാനും, നിലവിലെ നെൽകർഷകർക്ക് പ്രോത്സാഹനവും അംഗീകാരവും നൽകാനുമായി, 2022 ഒക്ടോബറിൽ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ ആവിഷ്കരിച്ച ‘കമ്പളനാട്ടി’ ഉത്സവം ശ്രദ്ധേയമായ കർഷകസാംസ്‌ക്കാരിക ചടങ്ങായി മാറി. ഗോത്രജനതയുടെ താളമേളങ്ങളോട് കൂടി നടത്തിയ കമ്പള നാട്ടിയ്ക്കൊപ്പം അറുപതിലധികം മികവുറ്റ കർഷകരെ കണ്ടെത്തി ഡിവിഷന്റെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. ആബാലവൃദ്ധങ്ങൾ സജീവമായി പങ്കെടുത്ത ഈ പരിപാടി, അക്ഷരാർത്ഥത്തിൽ വെള്ളമുണ്ട ഗ്രാമത്തിന്റെ സ്വന്തം ഉത്സവമായി - കൃഷിയുടെയും സംസ്‌കാരത്തിന്റെയും ഇടനാഴിയായി മാറി എന്ന കാര്യത്തിൽ സംശയമില്ല.

ജൈവകൃഷിക്ക് പുതുജീവൻ നൽകാനും, കൃഷിയെ ഒരു ജീവശ്വാസമായി ഏറ്റെടുക്കാനുമായാണ് 'കമ്പളനാട്ടി' ഒരുക്കുന്നത്. ഭൂമിയോടും വയലുകളോടും ഗൗരവമേറിയ ബന്ധം സ്ഥാപിക്കുന്ന ഈ ഉത്സവം, കർഷകജീവിതത്തിന് താളവും ഊന്നലുമാണ് പകരുന്നത്. നെൽവയലുകളും പരമ്പരാഗത കൃഷിയും സംരക്ഷിക്കുക, അതിലൂടെ വരുംതലമുറയുടെ നിലനിൽപ്പ് ഉറപ്പാക്കുക എന്ന ബോധം കമ്പളനാട്ടിയുടെ ഹൃദയത്തിൽ നിന്നും ഉയരുന്നു. കൃഷിയെന്നത് ഒരുദിവസത്തേക്ക് മാത്രമല്ല, ജീവിതമാകെ ആസ്വദിക്കേണ്ട സാംസ്കാരിക അനുഭവമാക്കുക എന്നതാണ് കമ്പളനാട്ടിയുടെ ആഗോള സന്ദേശം.

വൈറ്റ്കോളർ ജോലി ഉപേക്ഷിച്ച് കൃഷി ഉപജീവനമാർഗമാക്കി തിരഞ്ഞെടുത്ത് മാതൃകയായ വ്യക്തിയാണ് അയ്യൂബ് തോട്ടോളി. സ്വന്തമായും പങ്ക് കൃഷിയിലൂടെയും, പാട്ടകൃഷിയിലൂടെയുമൊക്കെയായി മൊത്തം പതിമൂന്ന് ഏക്കർ ഭൂമിയിൽ അയ്യൂബ് പരമ്പരാഗത കൃഷികൾക്കൊപ്പം നൂതനവും പരീക്ഷണാത്മകവുമായ കൃഷികൾ ചെയ്തു വരികയാണ്. വിയറ്റ്നാം മാതൃകയിലുള്ള കുരുമുളക് കൃഷിയും, വാണിജ്യാടിസ്ഥാനത്തിൽ പപ്പായ കൃഷിയും വയനാട്ടിൽ ആദ്യമായി ആരംഭിച്ചത് അയ്യൂബ് തോട്ടളിയാണ്. പപ്പായയിൽ നിന്ന് കറയെടുത്ത് വരുമാനവഴികൾ വികസിപ്പിക്കുന്നതും, കൃഷിയെ ഏകതാനമായ ജോലിയല്ലാതെ വിപുലവ്യവസായ സാധ്യതകളുള്ള മേഖലയായി കാണാനുമുള്ള പ്രവർത്തനങ്ങൾ അയ്യൂബിനെ വ്യത്യസ്തനാക്കുന്നു. ഇവയൊക്കെ കൂടാതെ കുരുമുളക്, കാപ്പി, തെങ്ങ്, കവുങ്ങ്, ഏലം തുടങ്ങിയ പരമ്പരാഗത വിളകളോടൊപ്പം പാഷൻ ഫ്രൂട്ട്, പേര, പപ്പായ, വിയറ്റ്നാം ഏർളി പ്ലാവ്, ഹൈഡെൻസിറ്റി മാവുകൾ, റംബുട്ടാൻ, അവക്കാഡോ തുടങ്ങി നിരവധി വ്യത്യസ്ത ഫലവൃക്ഷങ്ങളും അയ്യൂബ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്നു. നൂതന കൃഷിയിലെ ശ്രമശക്തിയുടെ തിളക്കമാണ് അയ്യൂബ് തോട്ടോളി. പരീക്ഷണാത്മകമായി 14 തരം മുളകളുടെ 360 ചെടികളും അപൂർവമായ മറയൂർ ചന്ദനവൃക്ഷങ്ങളും അടങ്ങിയ കൃഷിപ്പാടങ്ങൾ അയ്യൂബിന്റെ നിസ്വാർത്ഥ പരിശ്രമത്തിന്റെ തെളിവുകളാണ്. കൃഷിയെ ആവാസവ്യവസ്ഥയുമായി ബന്ധിപ്പിച്ചതിന്റെ ഭാഗമായി, കോഴി, താറാവ് വളർത്തൽ, അഞ്ചു കുളങ്ങളിലായി മത്സ്യകൃഷി, നാടൻ പശുവളർത്തൽ തുടങ്ങിയ അനുബന്ധമേഖലയിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ട്.

ഉത്പാദനത്തിൽ നിന്ന് വിപണിയിലെത്തുന്നതുവരെ സുസ്ഥിരത ഉറപ്പാക്കുന്ന സമീപനമാണ് അയ്യൂബിന്റെ മറ്റൊരു പ്രത്യേകത. നെല്ലും പച്ചക്കറികളും മറ്റ് കാർഷികോത്പന്നങ്ങളും ആവശ്യക്കാർക്ക് നേരിട്ട് ലഭ്യമാക്കുന്നതിന് സോഷ്യൽ മീഡിയയെ ഫലപ്രദമായി വിനിയോഗിക്കുന്നു; അതിലൂടെ മികച്ച വിലയും വിശ്വാസവും അയ്യൂബ് ഉറപ്പുവരുത്തുന്നു. സമഗ്ര കൃഷിസംഭാവനകൾ പരിഗണിച്ച് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തുന്നു. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷന്റെ കുടുംബകൃഷി അവാർഡ്, ഹരിത കീർത്തി അവാർഡ്, ആന്മയുടെ സമ്മിശ്ര കർഷക അവാർഡ്, മാതൃഭൂമി ചാനലിന്റെ കൃഷിഭൂമി പുരസ്കാരം, കർഷകമിത്ര അവാർഡ്, കൈരളി കതിർ അവാർഡ് എന്നിവയിലൂടെ അയ്യൂബ് തോട്ടോളിയുടെ നാൾവഴി കേരള കൃഷിയുടെ അഭിമാനകഥയായി മാറുകയാണ്.

ജുനൈദ് കൈപ്പാണി കർഷകനൊപ്പം

സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രകാശം പകർന്ന സാന്നിധ്യമാണ് ജുനൈദ് കൈപ്പാണി; മാതൃകയായ ജനപ്രതിനിധിയായും, ജനങ്ങൾക്കിടയിലുടനീളം ഊർജ്ജസ്വലമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ സാമൂഹിക സേവകനായും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അതിവേഗം മാറുന്ന സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ പോലും തന്റെ ജനസേവന പ്രതിബദ്ധതയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയാണ് ജുനൈദ് മുന്നേറുന്നത്. അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങളുടെ പട്ടിക തന്നെ ജനകീയനാകാനുള്ള അദ്ദേഹത്തിന്റെ യാത്രയുടെ തെളിവുകളാണ്: മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യത്തിന്റെ അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം, ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശപ്രതിനിധിക്കുള്ള ബാബാ സാഹിബ് അംബേദ്കർ പുരസ്‌കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ അവാർഡ്, ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ സജീവമായി പങ്കെടുത്തതിന് ലഭിച്ച ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്, മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിന് നൽകിയ സെൻട്രൽ ഭാരത് സേവക് സമാജ് പുരസ്‌കാരം, മികച്ച സാമൂഹ്യ പ്രവർത്തകനുള്ള കൗമുദി ജനരത്ന അവാർഡ് എന്നിവയിലൂടെ അദ്ദേഹം ജനസേവനത്തിൽ അടിയുറച്ച പാത വഴികാട്ടുന്നുണ്ടെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

English Summary: From the fields to appreciation: Junaid and Ayyub
Published on: 19 April 2025, 04:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now