ഭാവി സുരക്ഷിതമാക്കുന്നതിനുള്ള മികച്ച തൊഴിലവസരങ്ങളാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അഥവാ FSSAI നൽകുന്നത്. ഇതിന് പുറമെ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനുള്ള അവസരങ്ങളും FSSAI തുറന്നിടുന്നു.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ഇന്റേൺഷിപ്പ് സ്കീം 2022ലേക്ക് കഴിഞ്ഞ വർഷം ഡിസംബറിൽ അപേക്ഷ ക്ഷണിച്ചിരുന്നു. ഈ പുതുവർഷത്തിൽ അതായത് ജനുവരി മാസമാണ് ഇന്റേൺഷിപ്പ് ആരംഭിക്കുന്നതിനായി നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ FSSAI ഇന്റേൺഷിപ്പ് താൽക്കാലികമായി നിർത്തിവച്ചു.
ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായി വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ FSSAI ഇന്റേൺഷിപ്പ് സ്കീം 2022 താൽക്കാലികമായി നിർത്തിവക്കുകയാണെന്നും കോവിഡ് സാഹചര്യം വീണ്ടും നിയന്ത്രണവിധേയമാകുമ്പോൾ ഇന്റേൺഷിപ്പ് സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
'2022 ജനുവരി മാസം മുതൽ ആരംഭിക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാം പുതിയ ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.' COVID-19 കേസുകളുടെ വർധിക്കുന്നതിന്റെയും ഒമിക്രോൺ കേസുകൾ വർധിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന നിയന്ത്രണങ്ങളും നിർദേശങ്ങളും അനുസരിച്ചാണ് ഇന്റേൺഷിപ്പ് നിർത്തിവക്കുന്നതെന്നും FSSAI പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പിൽ വിശദീകരിക്കുന്നു.
FSSAI ഇന്റേൺഷിപ്പ് പ്രോഗ്രാം: കൂടുതൽ അറിയാം
എല്ലാ വർഷവും ഇതേ സമയം FSSAI വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്കായി ഇന്റേൺഷിപ്പ് സംഘടിപ്പിക്കുന്നു. ഭക്ഷ്യ നിയന്ത്രണത്തിന്റെയും ഭക്ഷ്യ സുരക്ഷയെയും സംബന്ധിച്ച് വിവിധ മേഖലകളിൽ വിദ്യാർഥികൾക്കായി പഠന അവസരങ്ങൾ ഒരുക്കുന്നു.
കേന്ദ്രസർക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം സ്ഥാപിതമായ ഒരു നിയമാനുസൃത സ്ഥാപനമാണ് FSSAI. രാജ്യത്തുടനീളമുള്ള ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ഉത്തരവാദിത്തം.
3 മുതൽ 6 മാസം വരെയാണ് ഇന്റേൺഷിപ്പ് കാലയളവ്. ഒരു മാസത്തിൽ താഴെ ദൈർഘ്യമുള്ള ഇന്റേൺഷിപ്പ് FSSAI വാഗ്ദാനം ചെയ്യുന്നില്ല.
ഇന്റേണുകൾക്ക് സ്വന്തമായി ലാപ്‌ടോപ്പുകൾ നിർബന്ധമാണ്. ഇന്റേൺഷിപ്പ് ചെയ്യുന്നതിനുള്ള സ്ഥലവും ഇന്റർനെറ്റ് സൗകര്യവും മറ്റ് ആവശ്യങ്ങളും FSSAI പ്രദാനം ചെയ്യും. താമസ സൗകര്യങ്ങളോ യാത്രാ സൗകര്യങ്ങളോ FSSAIയുടെ ഭാഗത്ത് ലഭ്യമായിരിക്കില്ല.
അർഹരായ ഇന്റേണുകൾക്ക്/ വിദ്യാർഥികൾക്ക് അവർ ജോലി ചെയ്യുന്ന ഓഫീസിന്റെയോ ഡിവിഷന്റെയോ ശുപാർശ പ്രകാരം ഇന്റേൺഷിപ്പ് കാലയളവിൽ 10,000 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കുന്നതാണ്. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നതിന് എല്ലാ ഉദ്യോഗാർഥികൾക്കും സർട്ടിഫിക്കറ്റും നൽകും.
കെമിസ്ട്രി, ബയോകെമിസ്ട്രി, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ് & ടെക്നോളജി, ഫുഡ് & ന്യൂട്രീഷൻ, എഡിബിൾ ഓയിൽ ടെക്നോളജി, മൈക്രോബയോളജി, ഡയറി ടെക്നോളജി, അഗ്രികൾച്ചറൽ, ഹോർട്ടികൾച്ചറൽ സയൻസസ്, മൈക്രോബയോളജി, പബ്ലിക് ഹെൽത്ത്, ലൈഫ് സയൻസ്, ബയോടെക്നോളജി, ഫ്രൂട്ട് & വെജിറ്റബിൾ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് പിജി ബിരുദം/ബിടെക് അല്ലെങ്കിൽ ബിഇ പഠിക്കുന്ന ഉദ്യോഗാർഥികൾക്കാണ് ഇന്റേൺഷിപ്പിന് അവസരമുള്ളത്.
ബിസിനസ് അഡ്മിനിസ്ട്രേഷൻ & മാനേജ്മെന്റ് വിദ്യാർഥികളും,
ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് എന്നിവയിൽ പിജി ഡിപ്ലോമയോ ബിരുദമോ ഉള്ള ഉദ്യോഗാർഥികളും ഇന്റേൺഷിപ്പിന് അർഹരാണ്.