ഉദ്യാനകൃഷി മേഖലയിൽ യന്ത്രവൽക്കരണത്തിനും പഴവർഗവിളകളുടെ വിളവിസ്തൃതി വ്യാപനം, പുതിയ കൃഷിത്തോട്ടങ്ങളുടെ സ്ഥാപനം എന്നിവയക്ക് സഹായവുമായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ.
8 ബിഎച്ച്പിക്കു താഴെയുള്ള പവർ ടില്ലറുകൾക്കു യൂണിറ്റൊന്നിന് 50,000 രൂപയും അതിനു മുകളിലുള്ള പവർ ടില്ലറുകൾക്ക് 75,000 രൂപയും സ്വയം പ്രവർത്തിക്കുന്ന ഉദ്യാനയന്ത്രങ്ങളായ വീഡട്ടർ, ഫൂട്ട് പ്ലക്കർ, ഫൂട്ട് ഹാർവെർ, ടീപൂണർ എന്നിവയ്ക്ക് 1.25 ലക്ഷം രൂപയും മാനുവൽ സ്പ്രേയറുകൾക്കു യൂണിറ്റൊന്നിന് 600 രൂപയും 8-12 ലീറ്ററിൽ വരെ സംഭരണശേഷിയുള്ള പവർ നാപ്നസാക്സ്പ്രേയറുകൾക്ക് യൂണിറ്റൊന്നിനു 10,000 രൂപയും പ്രകൃതിക്ക് ഇണങ്ങിയ വിളക്ക് കെണികൾക്കു യൂണിറ്റൊന്നിന് 1400 രൂപയും ധനസഹായം നൽകുന്നു. യന്ത്രങ്ങൾക്കുള്ള ധനസഹായം പട്ടികജാതി/പട്ടികവർഗ ചെറുകിടനാമമാത്ര കർഷകർ/സ്ത്രീകൾക്കാണു നൽകുന്നത്.
സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ മുഖേനയാണ് പദ്ധതി നടത്തിപ്പ്. 50 ഹെക്ടറിൽ സ്ട്രോബറി, 380 ഹെക്ടറിൽ വാഴക്കന്ന്, 100 ഹെക്ടറിൽ ടിഷക്കൾച്ചർ വാഴ, 200 ഹെക്ടറിൽ കൈതച്ചക്ക, 89.5 ഹെക്ടറിൽ പപ്പായ എന്നിവയുടെ പുതിയ കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിനാണ് സഹായം.
മൊത്തം കൃഷിച്ചെലവിന്റെ 40 ശതമാനമാണ് സഹായമായി നൽകുക. സാമ്പത്തിക സഹായം ഇപ്രകാരമാണ്. വാഴ, കൈതച്ചക്ക ഹെക്ടറിന് 35000 രൂപ, സ്ട്രോബറി ഹെക്ടറിന് 50000, പപ്പായ ഹെക്ടറിന് 30000, പപ്പായ (സൂക്ഷ്മ ജല സേചന സംവിധാനത്തോടെ) 80000 രൂപ. പരമാവധി നാലു ഹെക്ടർ വരെയാണ് സഹായം നൽകുക.