1. രാജസ്ഥാനിൽ എൽപിജി സിലിണ്ടറുകൾ 500 രൂപയ്ക്ക് വിതരണം ചെയ്യുന്നു. ഏപ്രിൽ 1 മുതലാണ് ഉജ്വല യോജനയുമായി സംയോജിപ്പിച്ച് രാജസ്ഥാൻ സർക്കാർ പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. പദ്ധതി പ്രകാരം 76 ലക്ഷത്തോളം ബിപിഎൽ കാർഡ് ഉടമകൾക്ക് വർഷത്തിൽ 12 സിലിണ്ടറുകൾ സർക്കാർ നൽകും. 2023-24 ബജറ്റ് അവതരണത്തിൽ രാജസ്ഥാൻ സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗ്യാസ് സിലിണ്ടർ കമ്പനിക്ക് ഉപഭോക്താക്കൾ മുഴുവൻ തുകയായ 1050 രൂപ നൽകണം. ശേഷം സർക്കാരിന്റെ സബ്സിഡി തുകയായി 540 രൂപ തിരിച്ച് ബാങ്ക് അക്കൗണ്ടിൽ എത്തും. ഇതിനായി ഉപഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ജൻ ആധാറുമായി ലിങ്ക് ചെയ്യണം.
കൂടുതൽ വാർത്തകൾ: ക്ഷേമപെൻഷൻ വിതരണം തുടങ്ങി; 3,500 രൂപ ലഭിക്കും
2. ‘മിഷൻ 1000’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ എം.എസ്.എം.ഇകളിൽ 1000 സംരംഭങ്ങൾ തെരഞ്ഞെടുത്ത് നൂറ് കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കുന്ന പദ്ധതിയാണ് ‘മിഷൻ 1000’. എറണാകുളത്ത് സംഘടിപ്പിച്ച ചടങ്ങിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ, തദ്ദേശമന്ത്രി എം.ബി രാജേഷ് എന്നിവർ പങ്കെടുത്തു. സംരംഭക വർഷം പദ്ധതിയുടെ തുടർച്ചയായാണ് ‘മിഷൻ1000’ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. വീണ്ടും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭക വർഷം 2.0 ഉൾപ്പെടെ നാല് പദ്ധതികൾക്ക് സംസ്ഥാനത്ത് തുടക്കമായി.
3. ഓരോ വാര്‍ഡും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യമുക്തമാക്കി പ്രഖ്യാപിക്കണമെന്നതാണ് പുതിയ ആശയമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. 'മാലിന്യമുക്തം ഹരിത നെയ്യാറ്റിന്‍കര' പദ്ധതിയുടെ പ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൃത്തിഹീനമായ വാര്‍ഡുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. ഹരിത നെയ്യാര്‍ പദ്ധതിയുടെ ഭാഗമായി ക്ലീന്‍ കേരള, ശുചിത്വ മിഷന്‍, കുടുംബശ്രീ, ഹരിത കേരള മിഷന്‍ എന്നിവയുടെ സഹായത്തോടെയാണ് 'മാലിന്യമുക്തം ഹരിത നെയ്യാറ്റിന്‍കര' പദ്ധതി നടപ്പിലാക്കുന്നത്.
4. 100 കോടി നിക്ഷേപം ലക്ഷ്യമിട്ട് ചേർത്തലയിൽ നിർമിച്ച മെഗാ ഫുഡ് പാർക്ക് നാടിന് സമർപ്പിച്ചു. മെഗാ ഫുഡ് പാർക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രി പശുപതി കുമാർ പരസും ചേർന്ന് നിർവഹിച്ചു. 128 കോടി രൂപ ചെലവിൽ നിർമിച്ച പാർക്കിലൂടെ 3000 പേർക്ക് തൊഴിൽ നൽകാൻ സാധിക്കും. കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തന്റെ സഹായത്തോടെയാണ് പാർക്ക് നിർമിച്ചത്.
5. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പയ്യന്നൂരിൽ കാർഷിക ഉല്പന്ന ശേഖരണ വിപണി തുറന്നു. വിപണിയുടെ ഉദ്ഘാടനം പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത നിർവഹിച്ചു. കൃഷിയാധിഷ്ഠിത പദ്ധതി പ്രകാരം കോറോം മുത്തത്തി നന്മ കൃഷിക്കൂട്ടത്തിൻ്റെ സഹായത്തോടെയാണ് വിൽപന നടക്കുന്നത്.
6. മൂടാടി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് 1 കോടി 70 ലക്ഷം രൂപ വിതരണം ചെയ്തു. വനിതാ വികസന കോർപ്പറേഷൻ ലോൺമേളയുടെയും മുഖ്യമന്ത്രി സഹായ ഹസ്തം ലോൺ പലിശ സബ്സിഡി വിതരണത്തിന്റെ ഉദ്‌ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ നിർവഹിച്ചു. സ്വയം തൊഴിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി 36 കുടുംബശ്രീ യൂണിറ്റുകൾക്കാണ് തുക വിതരണം ചെയ്തത്.
7. കന്നുകാലികളില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിക്ക് പത്തനംതിട്ട കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. മൃഗസംരക്ഷണവകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതി പ്രകാരമാണ് മൈക്രോചിപ്പ് ഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ നിര്‍വഹിച്ചു. ജില്ലയിലെ മുഴുവന്‍ ക്ഷീരകര്‍ഷകരുടെയും മൃഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനു വേണ്ടിയാണ് RFID അധിഷ്ഠിത ടാഗിംഗും GIS മാപ്പിംഗും ഉള്‍പ്പെടുത്തി ഇ-സമൃദ്ധ പദ്ധതി നടപ്പിലാക്കുന്നത്.
8. തൃശൂർ ജില്ലയിൽ കുടുംബശ്രീ വിഷു വിപണനമേളയ്ക്ക് തുടക്കം. കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ സാധ്യതകൾ ഒരുക്കുന്നതിനായി കലക്ട്രേറ്റ് അങ്കണത്തിലാണ് മേള സംഘടിപ്പിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഒരുക്കിയ ജില്ലാതല വിഷു വിപണന മേള കലക്ടർ വി.ആർ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. "വിഷു ആഘോഷിക്കാം കുടുംബശ്രീക്കൊപ്പം" എന്ന ആശയവുമായി വിവിധ മേഖലകളിലെ 14 സ്വയംപര്യാപ്ത സംരഭക യൂണിറ്റുകളെ സംഘടിപ്പിച്ചാണ് കുടുംബശ്രീ മേള ഒരുക്കിയിരിക്കുന്നത്. വിപണന മേള ഈ മാസം 13 വരെ തുടരും.
9. യുഎഇയിൽ മുട്ടയ്ക്കും കോഴിയിറച്ചിക്കും അധിക വില ഈടാക്കിയാൽ പിഴ അടക്കേണ്ടി വരും. നിയമം ലംഘിച്ചാൽ 2 ലക്ഷം ദർഹം വരെ പിഴ ഈടാക്കുമെന്ന് ദുബായ് സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കും. ഉൽപന്നങ്ങൾക്ക് 13 ശതമാനം വില വർധിപ്പിക്കാൻ ഇതിനുമുമ്പ് സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ വ്യാപാരികൾ അധിക വില ഈടാക്കുന്നുവെന്ന വാർത്തയെ തുടർന്നാണ് അധികൃതർ പിഴ ഈടാക്കാൻ തീരുമാനിച്ചത്.
10. കേരളത്തിൽ ഈ മാസം 14,15 തിയതികളിൽ മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കൂടാതെ 30 കിലോമീറ്റർ മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.