കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയത്തിനുകീഴിലെ മൗലാനാ ആസാദ് എജ്യുക്കേഷൻ ഫൗണ്ടേഷൻ (എം.എ.ഇ.എഫ്.) ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളുടെ ഒൻപതുമുതൽ 12 വരെ ക്ലാസുകളിലെ പഠനത്തിന് നൽകുന്ന ‘ബീഗം ഹസറത്ത് മഹൾ നാഷണൽ സ്കോളർഷിപ്പിന്' അപേക്ഷ ക്ഷണിച്ചു.
മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാർസി, ജയിൻ വിഭാഗത്തിൽ പെടുന്നവരെയാണ് പരിഗണിക്കുക. അപേക്ഷാർഥി മുൻക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വാങ്ങി ഇപ്പോൾ 9/10/11/12-ാം ക്ലാസിൽ പഠിക്കുകയാകണം. രക്ഷാകർത്താക്കളുടെ വാർഷിക കുടുംബവരുമാനം രണ്ടുലക്ഷം രൂപ കവിയരുത്.
ക്ലാസ് 9, 10 എന്നിവയിലെ പഠനത്തിന് 5000 രൂപ വീതവും 11, 12 ക്ലാസുകളിലേക്ക് 6000 രൂപ വീതവും സ്കോളർഷിപ്പ് ലഭിക്കും.
അപേക്ഷ, അനുബന്ധരേഖകൾ സഹിതം ഒക്ടോബർ 31-നകം www.maef.nic.in വഴി നൽകണം.