തിരുവനന്തപുരം: ആഗോളവത്കരണ ബദല്‍ നയങ്ങളാണ് കേരളത്തിന്റെ വികസനത്തിന് ആക്കം കൂട്ടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊട്ടാരക്കര നിയോജകമണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ വികസനം ആഗ്രഹിക്കാത്ത ശക്തികള്‍ കൂട്ടായ ആക്രമണം നടത്തുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു കേരളത്തെ ശ്വാസം മുട്ടിക്കുകയും വികസന ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഭരണഘടനാ വിരുദ്ധമായി കൈകടത്തിയുമാണ് അവര്‍ ഈ വിദ്വേഷം തീര്‍ക്കുന്നത്.
കേരളത്തില്‍ വര്‍ധിച്ച തോതില്‍ സാമൂഹ്യ പെന്‍ഷന്‍ നല്‍കുന്നത് എന്തിനാണെന്നാണ് അവരുടെ ചോദ്യം. സംസ്ഥാനത്തിന്റെ കടമെടുക്കല്‍ പരിധി കുറയ്ക്കുകയും കിഫ്ബി എടുക്കുന്ന കടം പോലും സംസ്ഥാനത്തിന്റെ കടമായി കാണുന്ന നടപടികള്‍ കേരളവിരുദ്ധ നിലപാടിനെ സ്പഷ്ടമാക്കുന്നു. കിഫ്ബി വഴി 83000 കോടിയുടെ വികസന പ്രവര്‍ത്തനമാണ് ഏഴരവര്‍ഷമായി സംസ്ഥാനം നടത്തി വരുന്നത്. സ്കൂള്‍, ആശുപത്രികള്‍, റോഡ് പാലം, ഫ്ലൈഓവർ തുടങ്ങി വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ച തുകയാണ് ഇത്. ആ കേരളത്തെ തകര്‍ക്കുവാനുള്ള ലക്ഷ്യമാണ് കിഫ്ബിയെ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം. സാമൂഹ്യ ക്ഷേമപെന്‍ഷന്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമവും നടന്നു വരുന്നു.
ഈ പ്രതിസന്ധികളില്‍ പോലും സംസ്ഥാനം മികച്ച നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. സമസ്ത മേഖലകളിലും പിന്നോട്ട് പോയ സാഹചര്യത്തിലാണ് 2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. എന്നാല്‍ അവിടെ നിന്ന് 2023 എത്തുമ്പോള്‍ വികസനപ്രവര്‍ത്തങ്ങള്‍ എവിടെ വരെ എത്തി എന്ന് ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാണ്. കാര്യക്ഷമമായ ധനവിനിയോഗവും കൃത്യമായ ഭരണ സംവിധാനവും ആണ് ഈ നേട്ടത്തിന് കാരണം.
ആഭ്യന്തര വളര്‍ച്ച നിരക്കില്‍ എട്ടു ശതമാനം വളര്‍ച്ച ആണ് ഈ കാലയളവില്‍ സംസ്ഥാനം നേടിയത്. അഞ്ചു ലക്ഷം കോടിയില്‍ നിന്ന് ആഭ്യന്ത ഉത്പാദനം പത്തു ലക്ഷം കോടി രൂപയിലേക്ക് വര്‍ധിപ്പിക്കാന്‍ സാധിച്ചു. പ്രതിശീര്‍ഷ വരുമാനം 1,48,000 രൂപയില്‍ നിന്ന് 2,28,000 രൂപയിലെക്ക് എത്തിച്ചു. ഇങ്ങനെ സംസ്ഥാനം നേടിയ മികവുകള്‍ വെറും പ്രഹസനങ്ങള്‍ അല്ല മറിച്ചു വ്യക്തമായ കണക്കുകള്‍ വച്ചുള്ളവയാണ്. വിവിധ പദ്ധതികളുടെ നിര്‍വഹണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കാന്‍ ഉള്ളത് 10000 കോടി രൂപയില്‍ അധികം കുടിശികയാണ്.
നാടിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാനും നവകേരള നിര്‍മിതിക്ക് ആവശ്യമായ നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ ആണ് നവകേരള സദസ്സ് സംഘടിപ്പിച്ചതിന്റെ ലക്ഷ്യം. ജനസമക്ഷം നടത്തുന്ന ഈ പരിപാടിയില്‍ ഓരോ വേദിയും നിറഞ്ഞു കവിയുന്ന ജനസഞ്ചയം സര്‍ക്കാരിന് നല്‍കുന്ന സന്ദേശം ‘ നിങ്ങള്‍ ധൈര്യമായി മുന്നോട് പൊയ്ക്കോളൂ ഞങ്ങളുണ്ട് കൂടെ’ എന്നു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.