1. രാജ്യാന്തര വിപണിയിലെ സ്വർണ വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ വില. ഒരു പവൻ സ്വർണത്തിന് ഇപ്പോൾ 43,600 രൂപയാണ്. ഒരു ഗ്രാമിന് 5450 രൂപയും. രാജ്യാന്തര വിപണിയിലെ സ്വർണ വിലയിൽ ഉണ്ടായിരിക്കുന്ന ഏറ്റക്കുറച്ചിലുകളും ആഗോളവിപണിയിൽ ഡോളർ കരുത്താർജിച്ചതുമാണ് സ്വർണവില ഇടിയാൻ കാരണമായിരിക്കുന്നത്. വരും ദിവസങ്ങളിലും വില കുറയും എന്നാണ് പ്രതീക്ഷ. ഡോളർ ഇനിയും ഉയർന്നാൽ സ്വർണ വില വീണ്ടും കുറയും.
2. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിക്കുന്ന ചെറുധാന്യകൃഷി വ്യാപന പദ്ധതിയായ കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കൃഷിഭവനും , ഫുഡ് & സേഫ്റ്റി എറണാകുളവും സംയുക്തമായി മില്ലറ്റ് ശിൽപ്പശാല സംഘടിപ്പിച്ചു. ശിൽപ്പശാലയിൽ ജൈവരാജ്യം ഓർഗാനിക്ക് ഫാമിന്റെ മില്ലറ്റ്സ് ഭക്ഷണങ്ങൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്തു. പരിപാടിയിൽ ആലുവ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ അനീഷ ചെറുധാന്യ ഭക്ഷണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു.
3. വരവൂർ കുടുംബശ്രീ 15 ജെ.എൽ.ജികൾ 72 ഏക്കറിലായി കൃഷി ചെയ്ത വരവൂർ കൂർക്ക വിളവെടുപ്പ് തുടങ്ങി. വരവൂർ ഗോൾഡ് എന്ന പേരിൽ അറിയപ്പെടുന്ന വരവൂർ കൂർക്ക വിപണിയിൽ ഏറ്റവും ഡിമാൻ്റുള്ള കൂർക്കയാണ്. പെരുമ്പാവൂർ, ബോംബെ, പട്ടാമ്പി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൂർക്ക കൊണ്ടുപോകുന്നതിനായി എജൻറുമാരും വാഹനങ്ങളുമുണ്ട്. . വരവൂർ കുടുംബശ്രീ സിഡിഎസിന്റെ നേത്യത്വത്തിൽ ഒക്ടോബർ ആദ്യവാരം കൂർക്ക ചന്തയും നടത്തുന്നുണ്ട്. 80 മുതൽ 100 രൂപ വരെയാണ് ഇപ്പോൾ കൂർക്കയുടെ വിപണി വില.
4. ഇന്ത്യയിൽ നിന്നും യുഎ ഇ ലേക്കുള്ള അരി കയറ്റുമതി വീണ്ടും പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ സർക്കാർ. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അരി കയറ്റുമതി ചെയ്യുന്നത്. 75,000 ടൺ വെള്ള അരി കയറ്റുമതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. എന്നാൽ ബസുമതി അരി അതിൽ ഉൾപ്പെടില്ല. ആഭ്യന്തര വില നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചത്. നാഷണൽ കോഓപറേറ്റീവ് എക്സ്പോർട്ട് ലിമിറ്റഡ് വഴിയായിരിക്കും അരി കയറ്റുമതി ചെയ്യുക.