സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ബാങ്കുകൾ വർധിപ്പിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാറും ചില നിക്ഷേപ, സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിൻറെ ലഘു സാമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പുതുക്കി. 2024 ജനുവരി - മാർച്ച് ത്രൈമാസ കാലയളവിലേക്കുള്ള പലിശ നിരക്കുകളാണ് പരിഷ്കരിച്ചത്. ചില സമ്പാദ്യ പദ്ധതികളുടെയും പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ പദ്ധതികളുടേയും പലിശ നിരക്കുകളിൽ 20 അടിസ്ഥാന പോയിന്റ് (0.20 %) വരെ വർധിപ്പിച്ചു.
സർക്കാരിന്റെ മറ്റൊരു നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 0.2 ശതമാനം വർധിപ്പിച്ചു. ഇതോടെ സുകന്യ സമൃദ്ധിയുടെ പലിശ നിരക്ക് 8.2 ശതമാനമായി ഉയർന്നു. അതുപോലെ പോസ്റ്റ് ഓഫീസ് മൂന്ന് വർഷ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 0.1 ശതമാനവും ഉയർത്തി നിശ്ചയിച്ചു. ഇതോടെ മൂന്ന് വർഷ ടൈം ഡിപ്പോസിറ്റിന്റെ പലിശ 7.1 ശതമാനമായി ഉയർന്നു.
കേന്ദ്ര സർക്കാർ/ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ 2024 ജനുവരി - മാർച്ച് കാലയളവിൽ ഉയർത്താൻ തീരുമാനിച്ചിരിക്കുന്ന പലിശ നിരക്കുകൾ നോക്കാം
- സുകന്യ സമൃദ്ധി യോജന : 8.2%
- സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം : 8.2%
- നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് : 7.7%
- പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) : 7.1%
- കിസാൻ വികാസ് പത്ര : 7.5% (115 മാസത്തെ കാലാവധി)
- പോസ്റ്റ് ഓഫീസ് സേവിങ്സ് ഡിപ്പോസിറ്റ് : 4.0%
- പോസ്റ്റ് ഓഫീസ് 1 വർഷ ടൈം ഡിപ്പോസിറ്റ് : 6.9%
- പോസ്റ്റ് ഓഫീസ് 2 വർഷ ടൈം ഡിപ്പോസിറ്റ് : 7.0%
- പോസ്റ്റ് ഓഫീസ് 3 വർഷ ടൈം ഡിപ്പോസിറ്റ് :7.1%
- പോസ്റ്റ് ഓഫീസ് 5 വർഷ ടൈം ഡിപ്പോസിറ്റ് : 7.5%
- പോസ്റ്റ് ഓഫീസ് 5 വർഷ റിക്കറിങ് ഡിപ്പോസിറ്റ് (ആർഡി) : 6.7%
- പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) : 7.4%
10 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് ആരംഭിക്കാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. അതേസമയം നിക്ഷേപം മുതലും പലിശയും ചേർത്ത് തിരികെ കിട്ടണമെന്ന് ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നിക്ഷേപ മാർഗമാണ് കേന്ദ്രസർക്കാരിന്റെ നിക്ഷേപ പദ്ധതികൾ. റിസ്ക് ഘടകങ്ങൾ ഇല്ലാത്തതും വാഗ്ദാനം ചെയ്ത ആദായം ഉറപ്പായും ലഭിക്കുമെന്നതാണ് സവിശേഷത.