ഖാരിഫ് സീസണില്‍ ഇത്തവണ ഉല്‍പാദനം മികച്ചനേട്ടം കൈവരിക്കുമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം. മുന്‍ സീസണിനെക്കാള്‍ മികച്ചതാകുമെന്നാണ് പ്രതീക്ഷ.ഖാരിഫ് സീസണിലെ ഉല്‍പാദനം കഴിഞ്ഞ സീസണിലെ 141.7 മില്യണ്‍ ടണ്ണിനെക്കാള്‍ ഉയര്‍ന്നതാകുമെന്നാണ് മന്ത്രാലയത്തിൻ്റെ വിലയിരുത്തല്‍.
ഈ പ്രാവിശ്യം രാജ്യത്ത് ലഭിച്ച മഴയുടെ അളവിലെ വര്‍ധനവാണ് പ്രതീക്ഷ വര്‍ധിപ്പിച്ചതെന്ന് കൃഷി സഹമന്ത്രി പ്രശോത്തം രുപാല പറഞ്ഞു. കാലവര്‍ഷത്തിനൊപ്പം എത്തിയ പ്രളയം ഖാരിഫ് വിളകളെ ബാധിച്ചിരുന്നു. എന്നാല്‍ അത് മൊത്തത്തില്‍ വിളവ് കുറയാന്‍ ഇടയായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മഴക്കാലത്ത് കൃഷിചെയ്യുന്ന വിളകളെയാണ് ഖാരിഫ് വിളകൾ അഥവാ മൺസൂൺ വിളകൾ എന്നു പറയുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂണിൻ്റെ ആരംഭത്തിൽ ഇവയ്ക്കു വിത്ത് വിതയ്ക്കുകയും മൺസൂണിൻ്റെ അവസാനത്തോടെ വിളവെടുക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ പൊതുവെ ജൂൺ - ജൂലൈ മാസങ്ങളിലാണ് ഖാരിഫ് കൃഷി ആരംഭിക്കുന്നത്. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ഇവയുടെ വിളവെടുപ്പു നടത്തുന്നു. നെല്ല്, പരുത്തി, എള്ള്, കരിമ്പ്, സോയാബീൻ, ചണം എന്നിവ ഖരീഫ് വിളകൾക്ക് ഉദാഹരണങ്ങളാണ്.