മെടഞ്ഞ ഓലയ്ക്ക് നല്ല കാലം വരുന്നു. ഉത്തരവാദിത്വ ടൂറിസം മിഷന്‍ നടപ്പാക്കുന്ന പദ്ധതിയില്‍ റിസോര്‍ട്ടുകള്‍ക്കായി ഓല മെടഞ്ഞു നല്‍കാന്‍ മൂന്നു ജില്ലകള്‍ക്ക് കരാര്‍ ലഭിച്ചിരിക്കുകയാണ്. 36 ലക്ഷം രൂപയുടെ ഓര്‍ഡറാണ് കിട്ടിയത്.കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുമായി കൈകോര്‍ത്ത് നടപ്പാക്കുന്ന പദ്ധതിക്ക് ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
മെടഞ്ഞെടുക്കുന്ന ഓലകള്‍ ട്രാവല്‍മാര്‍ട്ട് സൊസൈറ്റി വഴി റിസോര്‍ട്ടുകള്‍ക്ക് വില്‍ക്കും. വനിതാ ഗ്രൂപ്പുകളാണ് ഓല മെടയുന്നത്. റിസോര്‍ട്ടുകള്‍ കേരളീയ ശൈലിയില്‍ പരിസ്ഥിതിക്ക് യോജിക്കുന്ന രീതിയില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്കു മുകളില്‍ പുല്ലും ഓലയും മേയുന്നുണ്ട്. പുല്ലിന് ക്ഷാമമാണ്.അതുപോലെ വനത്തില്‍ നിന്ന് ശേഖരിക്കാന്‍ നിയന്ത്രണവുമുണ്ട്. അങ്ങനെയാണ് ഓലയുടെ പദ്ധതിയിലേക്ക് മാറിയത്.
മുന്നൂറോളം ഗ്രൂപ്പുകളാണ് കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി ഓല മെടയാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കോട്ടയത്ത് കുമരകത്തും, തിരുവനന്തപുരത്ത് പൂവാര്‍, കോവളം എന്നിവിടങ്ങളിലും കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളിലുമാണ് ഇവരുടെ മെടച്ചില്‍.
മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നാണ് മെടഞ്ഞ ഓലകള്‍ റിസോര്‍ട്ടുകള്‍ വാങ്ങിയിരുന്നത്. മെടഞ്ഞാല്‍ ഒരെണ്ണത്തിന് 18 രൂപ കിട്ടും. 30 ലക്ഷം ഓലയെങ്കിലും കേരളത്തിലെ റിസോര്‍ട്ടുകള്‍ക്കു വേണമെങ്കിലും ആദ്യഘട്ടത്തില്‍ രണ്ടു ലക്ഷത്തിന്റെ ഓര്‍ഡറാണ് കിട്ടിയത്. ”കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുമായുള്ള ധാരണപ്രകാരമാണ് രണ്ടു ലക്ഷത്തിന്റെ ആദ്യ ഓര്‍ഡര്‍ ലഭിച്ചത്. ഇത് ജൂലായ് അവസാനം നല്‍കും. ഇതിനു ശേഷം ഔദ്യോഗിക കരാറില്‍ ഏര്‍പ്പെടും.”
English Summary: Good time for coconut leaf
Published on: 15 June 2019, 05:40 IST