മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ കന്നുകുട്ടി പരിപാലനത്തിനായി ഗോവര്‍ദ്ധിനി എന്ന പദ്ധതി നടപ്പിലാക്കുന്നു. ആദ്യഘട്ടത്തില്‍ 1000 കന്നുകുട്ടികളുടെ പരിപാലനത്തിനുളള പദ്ധതിയാണ് നടപ്പിലാക്കുകയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.മഹേഷ് അറിയിച്ചു.
അത്യുല്‍പ്പാദന ശേഷിയുളള സങ്കരയിനം പശുകുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കന്നുകുട്ടികള്‍ക്ക് 30 മാസക്കാലം പകുതി വിലയ്ക്ക് ധാതുലവണമിശ്രിത കാലിത്തീറ്റ നല്‍കും പദ്ധതി പ്രകാരം മൊത്തം 12500 രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡിയായി ക്ഷീരകർഷകന് ലഭിക്കുക. പൊതുവെ പാല്‍ ലഭിക്കുന്ന പശുവിന് മാത്രം പോഷകാഹാരം നല്‍കുകയും കന്നുകുട്ടികളെ അവഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ്ണ ആരോഗ്യമുളള കന്നുകുട്ടികള്‍ക്ക് മാത്രമുളള പോഷകാഹാരം നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ കര്‍ഷകന്‍ കന്നുകുട്ടി ജനിച്ചാല്‍ തൊട്ടടുത്ത മൃഗാശുപത്രിയിലോ ഡിസ്‌പെന്‍സറിയിലോ ഐസിഡിപി സബ്‌സെന്ററിലോ രജിസ്റ്റര്‍ ചെയ്യണം. നാലുമാസം വരെ പ്രായമുളള കന്നുകുട്ടികളെ രജിസ്റ്റര്‍ ചെയ്യാം. ഈ രജിസ്റ്ററിന്റെ സീനിയോറിറ്റി അടിസ്ഥാനത്തിലാണ് പോഷകാഹാര വിതരണത്തിനുളള കന്നുകുട്ടികളെ തെരഞ്ഞെടുക്കുക. ഒരു കര്‍ഷകന്റെ രണ്ട് പശുകുട്ടികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താം. പട്ടികവര്‍ഗ്ഗക്കാരുടെ എല്ലാ കന്നുകുട്ടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
കന്നുകുട്ടികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും നല്‍കും. അപേക്ഷകന് വരുമാന പരിധി ബാധകമല്ല. 30 ശതമാനം വനിതാ പ്രാതിനിധ്യം ഉണ്ടായിരിക്കും. വിധവകള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. പശുകുട്ടികള്‍ക്ക് സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ നല്‍കുക, ആദ്യ മദി കാണിക്കുന്ന പ്രായം 15 മാസമായി കുറയ്ക്കുക, ആദ്യ പ്രസവത്തിന്റെ പ്രായം 24-26 മാസമായി കുറയ്ക്കുക, പ്രസവങ്ങള്‍ തമ്മിലുളള ഇടവേള കുറയ്ക്കുക, പശുകുട്ടികളുടെ ജനിതക മൂല്യം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുക, അത്യുല്‍പ്പാദന ശേഷിയുളള പശുക്കളുടെ പുതുതലമുറയെ സൃഷ്ടിച്ച് പാലുല്പ്പാദനം വര്‍ദ്ധിപ്പിക്കുക, തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ നേരത്തെ നടപ്പിലാക്കിയ സുരഭിരക്ഷ, ആര്‍.കെ.വി.വൈ പദ്ധതികളിലെ ന്യൂനതകള്‍ പരിഹരിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
#krishijagran #kerala #govtscheme #benefit #fordiaryfarmers