വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ധനസഹായം
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 55 വയസ്സില്‍ താഴെ പ്രായമുളള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായം നല്‍കാന്‍ 'സഹായഹസ്തം' പദ്ധതി പ്രകാരം ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന പദ്ധതി പ്രകാരം ഒരു ജില്ലയില്‍ പത്ത് പേര്‍ക്കാണ് സഹായം ലഭിക്കുക. വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ താഴെ. വിശദവിവരം www.schemes.wcd.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി സെപ്തംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു.
വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ധനസഹായവുമായി 'പടവുകള്‍'
വിധവകളുടെ മക്കളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ട്യൂഷന്‍ ഫീസും ഹോസ്റ്റലില്‍ താമസിക്കുന്നവരാണെങ്കില്‍ സ്ഥാപനം നിശ്ചയിച്ചിട്ടുളള മെസ്സ് ഫീസും 'പടവുകള്‍' പദ്ധതി പ്രകാരം വനിത ശിശു വികസന വകുപ്പ് ഒറ്റത്തവണ സഹായമായി നല്‍കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കോ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുളള സര്‍വ്വകലാശാലകളോ അംഗീകരിച്ചിട്ടുളള കോളേജുകളിലോ പഠിക്കുന്നവരായിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷിക്കാന്‍ www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി സെപ്തംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണം
'മംഗല്യ' പദ്ധതിയില്‍ വിധവാ പുനര്‍വിവാഹ ധനസഹായം
ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട 18നും 50നുമിടയില്‍ പ്രായമുള്ള വിധവകളുടെയും നിയമപരമായി വിവാഹ മോചനം നേടിയവരുടെയും പുനര്‍വിവാഹത്തിനായി 25,000 രൂപ ധനസഹായത്തിന് 'മംഗല്യ' പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. ആദ്യ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹബന്ധം വേര്‍പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, അപേക്ഷകയുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പുനര്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 15 നകം www.schemes.wcd.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടാം.
അഭയകിരണം' പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു
സാധുക്കളായ വിധവകള്‍ക്ക് അഭയം നല്‍കുന്ന ബന്ധുവിനുള്ള ധനസഹായം നല്‍കുന്ന 'അഭയകിരണം' പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടോ സൗകര്യമോ ഇല്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന 50 വയസ്സിന് മുകളില്‍ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ 2021-22 വര്‍ഷത്തില്‍ ധനസഹായം അനുവദിക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വിധവകള്‍ സര്‍വ്വീസ് പെന്‍ഷനോ കുടുംബ പെന്‍ഷനോ കൈപ്പറ്റുന്നവരാകരുത്. പ്രായപൂര്‍ത്തിയായ മക്കള്‍ ഉണ്ടാവാന്‍ പാടില്ല. വിധവകളെ സംരക്ഷിക്കുന്ന അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന മറ്റു ധനസഹായങ്ങളോ ലഭിക്കുന്നവരായിരിക്കരുത്. മുന്‍ വര്‍ഷം ആനുകൂല്യം ലഭിച്ചവര്‍ ധനസഹായം തുടര്‍ന്നും ലഭിക്കുന്നതിന് വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 15 നകം www.schemes.wcd.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു.