എറണാകുളം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കി വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തുതന്നെ പഠനം പൂര്‍ത്തിയാക്കി മികച്ച തൊഴിലുകള്‍ കണ്ടെത്തുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. തൃക്കാക്കര ഭാരത് മാതാ കോളേജില്‍ റൂസ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മുന്‍ഗണന നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കലാലയങ്ങളുടെ ഭൗതിക സാഹചര്യത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. കിഫ്ബി വഴി ആയിരത്തിലേറെ കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും നടപ്പിലാക്കി. പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. രാഷ്ട്രീയ സാക്ഷരത അഭിയാന്‍ (റൂസ ) ഫണ്ട് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. 568 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു.
കലാലയങ്ങളെ നവ വൈജ്ഞാനിക സമൂഹമാക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിലൂടെ സാമൂഹിക പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുന്നതിന് കലാലയങ്ങളെ ഉപയോഗപ്പെടുത്താന്‍ സാധിക്കും. സുസ്ഥിര സാമ്പത്തിക ഘടന വൈജ്ഞാനിക സമ്പത്ത് ഉപയോഗിച്ച് നേടിയെടുക്കുകയാണ് ലക്ഷ്യം. സാങ്കേതികവിദ്യയുടെ വലിയ മുന്നേറ്റമാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനനുസൃതമായ പഠന സൗകര്യങ്ങള്‍ ഒരുങ്ങേണ്ടത് അനിവാര്യമാണ്.
വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. അസാപ്പ് വഴി ആധുനിക കോഴ്‌സുകള്‍ പഠിക്കുന്നതിന് സൗകര്യം ഒരുക്കുന്നു. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പുകള്‍ നല്‍കിവരുന്നു. 500 നവ കേരള ഫെലോഷിപ്പുകള്‍ നല്‍കി. അഭ്യസ്തവിദ്യര്‍ക്ക് തൊഴിലും ഉറപ്പാക്കുന്നതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. നൂതന ആവശ്യങ്ങളെ നേരിടാന്‍ ഭാവി തലമുറയെ പ്രാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
തൃക്കാക്കര ഭാരത് മാതാ കോളേജില്‍ റൂസ ഫണ്ട് ഒരു കോടി ഉപയോഗിച്ചാണ് പരീക്ഷ ബ്ലോക്ക്, ജലസംഭരണി, സ്റ്റെയര്‍കെയ്‌സ്, ലിഫ്റ്റ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ ഉമ തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു, ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായി. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, കൗണ്‍സിലര്‍ ടി.ജെ ദിനൂപ്, കോളേജ് മാനേജര്‍ ഫാ ഡോ. എബ്രഹാം ഒലിയപ്പുറത്ത്, അസിസ്റ്റന്റ് മാനേജര്‍ ഫാ. മാത്യു കാര്‍ത്താനം, റൂസാ കോ ഓഡിനേറ്റര്‍ അനു ഫിലിപ്പ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എം ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.