ഇടുക്കി: ചെറുകിട സംരംഭകരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും അവരുടെ വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഉത്തേജനം നല്‍കാനും സംസ്ഥാനസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ച ജില്ലാതല വ്യവസായനിക്ഷേപകസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപകസംഗമത്തിലെ 'എന്റെ സംരംഭം നാടിന്റെ അഭിമാനം' എന്ന സന്ദേശം ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ വ്യാവസായികമേഖലയില്‍ ഏറ്റവും ഗുണപരമായ മാറ്റം സംഭവിച്ചിരിക്കുന്നു. വ്യവസായസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞു. സംരംഭകരെ രൂപപ്പെടുത്തുന്നതിനൊപ്പം അവര്‍ ആരംഭിച്ച സംരംഭങ്ങള്‍ നല്ല രീതിയില്‍ കൊണ്ടുപോകുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും സര്‍ക്കാര്‍ മുന്നിലുണ്ട്. അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സംരംഭങ്ങളെ കാര്‍ഷികമേഖലയുമായി കുറേക്കൂടി ബന്ധിപ്പിച്ചുകൊണ്ടുപോകാന്‍ കഴിയണം. നിര്‍ത്തലാക്കപ്പെട്ട പല സംരംഭങ്ങളും ഏറ്റെടുത്ത് മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: Millets: ചെറുകിട കർഷകരുടെ വരുമാനം വർധിപ്പിക്കാൻ തിനയ്ക്ക് സാധിക്കും: കൃഷി സഹമന്ത്രി
ജില്ലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകരുടെ നൂതനാശയങ്ങളും നിക്ഷേപസാധ്യതകളും ചര്‍ച്ചചെയ്യുന്നതിനും സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ നിര്‍ബന്ധമായും നേടേണ്ട ലൈസന്‍സുകളെയും മറ്റും സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുമാണ് ജില്ലാതല നിക്ഷേപകസംഗമം സംഘടിപ്പിച്ചത്.
കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയതി നടന്ന ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി. ജയ അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭാംഗം ജാന്‍സി ബേബി, ഇടുക്കി എല്‍ഡിഎം രാജഗോപാലന്‍ ജി, കെ. എസ്. എസ്. ഐ. എ. ജില്ലാ പ്രസിഡന്റ് ബേബി ജോര്‍ജ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ടി. എസ്. മായാദേവി, ഉടുമ്പന്‍ചോല ഉപജില്ലാ വ്യവസായ ഓഫീസര്‍ വിശാഖ് പി. എസ്. തുടങ്ങിയവര്‍ പങ്കെടുത്തു.