കൊല്ലം: തൊഴിലാളികലുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കി കശുവണ്ടി മേഖലയെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് സ്വകാര്യ വ്യവസായികള്‍ക്ക് 40 കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സര്‍ക്കാര്‍ ധനസഹായത്തോടെ സ്വകാര്യ കശുവണ്ടി ഫാക്ടറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പുഴ ഖദീജ കാഷ്യൂ ഫാക്ടറിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പ്രവര്‍ത്തന മൂലധനത്തിനായി എടുത്ത വായ്പയ്ക്ക് പലിശ ഇനത്തില്‍ പത്ത് ലക്ഷം രൂപവരെ സര്‍ക്കാര്‍ വഹിക്കുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി മൂന്ന് കോടി രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു കൂടാതെ ഏഴ് കോടി രൂപ ബജറ്റില്‍ മാറ്റിവയ്ച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കശുവണ്ടി ഉത്പന്നങ്ങള്‍ക്ക് കേരള ബ്രാന്റ് നടപ്പാക്കുന്നത് പരിഗണനയിലാണ്. ബ്രാന്റിങ്ങിന്റെ ഭാഗമായി പ്രോട്ടോകോള്‍ തയ്യാറാക്കും. സ്ത്രീ സൗഹൃദ തൊഴിലിടം ഒരുക്കുന്നതിന് സ്വകാര്യ കശുവണ്ടി വ്യവസായികള്‍ക്ക് അഞ്ച് കോടി രൂപ നല്‍കും. സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതില്‍ വീഴ്ച വരുത്തരുത്. ജോലിഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഷെല്ലിങ്ങിലെ യന്ത്രവത്കരണത്തിന് അഞ്ച് കോടി രൂപ നല്‍കും. വിറ്റുവരവ് വര്‍ധിപ്പിക്കുന്നതിന് ആവശ്യമെങ്കില്‍ ഒരു കമ്പനിക്ക് 40 ലക്ഷം രൂപവരെ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കാഷ്യു മില്‍ക്ക് അഥവാ കശുവണ്ടി പാലിന്റെ ഗുണങ്ങളും അത് തയ്യാറാക്കുന്ന വിധവും
കശുവണ്ടി വ്യവസായി സംഘടനയുടെ ജനറല്‍ സെക്രട്ടറി വിക്രമന്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, കാപ്പെക്സ് ചെയര്‍മാന്‍ എം ശിവശങ്കരപിള്ള, ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലന്‍വിള, വൈസ് പ്രസിഡന്റ് ജലജ ഗോപന്‍, മുഖത്തല ബ്ലോക്ക് അംഗം ഫാറൂഖ് നിസാര്‍, എസ് എല്‍ സജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.