ഇടുക്കി: ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതസ്ഥാപന പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി മാത്യു അധ്യക്ഷത വഹിച്ചു.
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ ഗ്രേഡിങ്ങിലുടെ ഒന്‍പത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ഹരിത ഓഫീസ് പദവി ലഭിച്ചത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥാപനങ്ങളില്‍ ഗ്രീന്‍ ഓഡിറ്റിംഗ് നടത്തുകയും ഗ്രേഡ് നല്‍കുകയും ചെയ്തു.
ഇതില്‍ എയും എ പ്ലസും ഗ്രേഡുകള്‍ നേടിയ സ്ഥാപനങ്ങളെയാണ് ഹരിതസ്ഥാപനങ്ങളായി പ്രഖ്യാപനം നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതും. ശാന്തിഗ്രാം ഗാന്ധിജി സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചെമ്പകപ്പാറ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ഇരട്ടയാര്‍ നോര്‍ത്ത് സര്‍ക്കാര്‍ മൃഗാശുപത്രി, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ ഓഫീസ്, എം.ജി.എന്‍. ആര്‍.ഇ.ജി.എസ് ഓഫീസ്, എല്‍. എസ്. ജി. ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസ്, കൃഷിഭവന്‍, ആയുര്‍വേദ ആശുപത്രി എന്നീ സ്ഥാപനങ്ങള്‍ക്കാണ് പദവി ലഭിച്ചത്. ഗ്രീന്‍ പ്രോട്ടോകോള്‍ പരിപാലനം, ശുചിത്വ മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊര്‍ജ സംരക്ഷണം തുടങ്ങിയവയാണ് ഓഫീസുകള്‍ ഗ്രേഡ് നേടിയെടുക്കുന്നതിന്റെ പ്രധാന ഘടകമായി പരിഗണിച്ചത്.
യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി സജി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയിനമ്മ ബേബി, പഞ്ചായത്തംഗങ്ങളായ ജിന്‍സണ്‍ വര്‍ക്കി പുളിയംകുന്നേല്‍, ജോസക്കുട്ടി അരീപറമ്പില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവദാസ് എന്‍.ആര്‍, ഉദ്യോഗസ്ഥരായ ബീന എന്‍., ജോണ്‍സണ്‍ എം.വി., എബി വര്‍ഗീസ്, ഘടകസ്ഥാപന നിര്‍വഹണ ഉദ്യോഗസ്ഥര്‍, കട്ടപ്പന ജെ.പി.എം കോളേജിലെ എം.എസ്.ഡബ്ലു വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.