നികുതി വെട്ടിപ്പ് തടയാൻ ജിഎസ്ടി സംവിധാനത്തിൽ പുതിയ പരിഷ്കാരങ്ങൾക്കൊരുങ്ങി കേന്ദ്രസർക്കാർ. പുതിയ ജിഎസ്ടി രജിസ്ട്രേഷനുകൾക്ക് ആധാർ, ബയോമെട്രിക് വിവരങ്ങൾ,ലൈവ് ഫോട്ടോ എന്നീ ഘടകങ്ങൾ നിർബന്ധമാക്കാനാണ് തീരുമാനം. വ്യാജഇൻവോയിസ് നൽകിയുള്ള തട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതുവരെ പാൻ കാർഡ് അടിസ്ഥാനമാക്കി രജിസ്ട്രേഷൻ ചെയ്യാമായിരുന്നു.
ജിഎസ്ടി രജിസ്ട്രേഷനായി ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും, പാസ്പോർട്ട് സേവാ കേന്ദ്ര മാതൃകയിൽ പുതിയതായി സ്ഥാപിക്കുന്ന ജിഎസ്ടി സേവാ കേന്ദ്രയിലും സംവിധാനങ്ങൾ ഒരുക്കും. വ്യാജരജിസ്ട്രേഷനുകൾ ഒഴിവാക്കുന്നതിനായി രണ്ട് നികുതിദായകർ സാക്ഷ്യപ്പെടുത്തുകയും വേണം. കൃത്രിമ ഇൻവോയ്സുകൾ നിർമ്മിച്ചുള്ള തട്ടിപ്പിലൂടെ പ്രതിവർഷം 30,000 കോടിയിലേറെ നഷ്ടമുണ്ടാകുന്നു
വെന്നാണ് കണക്കുകൾ.
ആഗോളതലത്തിലുള്ള നികുതിവെട്ടിപ്പുകൾ മൂലം രാജ്യത്തിന് 75,000 കോടി രൂപ നഷ്ടമാകുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അന്താരാഷ്ട്ര കോർപ്പറേറ്റ് നികുതി, വ്യക്തിഗത നികുതി എന്നീ മേഖലകളിലുള്ള തട്ടിപ്പിലൂടെയാണ് സർക്കാരിന് ഇത്രയും തുക നഷ്ടമാകുന്നത്. മൾട്ടിനാഷണൽ കമ്പനികളുടെ നികുതി വെട്ടിപ്പിലൂടെ 10 ബില്യൺ ഡോളറും വ്യക്തികളുടെ വെട്ടിപ്പിലൂടെ 200 മില്യൺ ഡോളറുമാണ് രാജ്യത്തിന് നഷ്ടപ്പെടുന്നത്.