1. കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞദിവസം ശരാശരി 34.5 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. എൽനിനോ പ്രതിഭാസമാണ് വരണ്ട കാലാവസ്ഥയ്ക്ക് കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം. സമുദ്രത്തിന്റെ ഉപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. വേനൽക്കാലം സാധാരണ മാർച്ചിലാണ് ആരംഭിക്കുന്നത്. എന്നാലിപ്പോൾ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കണ്ണൂർ ജില്ല. 37.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ അനുഭവപ്പെട്ടത്. കൊച്ചിയിൽ 36.5, പുനലൂരിൽ 35.7 എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. മിക്ക ജില്ലകളിലും 30 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്.
2. മലപ്പുറം ജില്ലയിൽ ആട് വളര്‍ത്തല്‍ വിഷയത്തിൽ പരിശീലനം നല്‍കുന്നു. ആതവനാട് സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഫെബ്രുവരി 13 ന് രാവിലെ 10 മുതല്‍ പരിശീലനം നടക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നതിനായി 0494 2962296 എന്ന നമ്പറില്‍ ബന്ധപ്പെടാം.
കൂടുതൽ വാർത്തകൾ: 29 രൂപ നിരക്കിൽ 'ഭാരത് അരി'; അടുത്ത ആഴ്ച വിപണിയിലേക്ക്
3. വയനാട് ജില്ലയിൽ ജൈവ മഞ്ഞള്‍ കൃഷി വിളവെടുത്തു. ആയുഷ് ഗ്രാമം, ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ഗോത്ര ജനതയ്ക്കു വേണ്ടിയാണ് വയനാടന്‍ ജൈവ മഞ്ഞള്‍ കൃഷി പദ്ധതിയായ മഞ്ച ആരംഭിച്ചത്. വിളവെടുപ്പ് ഉത്സവം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്തിലെ കൊല്ലിമൂല ഊരില്‍ ഒരേക്കര്‍ സ്ഥലത്തെ കൃഷിയാണ് വിളവെടുത്തത്. പ്രദേശത്തെ ‘മരുന്ത്’ കര്‍ഷക സ്വാശ്രയ സംഘമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
4. കര്‍ണ്ണാടകയില്‍ കുരങ്ങുപനി മൂലം 2 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാടിനും മുന്നറിയിപ്പ്. ജില്ലയില്‍ വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍ രോഗ നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും, പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ് അറിയിച്ചു. രണ്ട് മരണങ്ങൾ ഉൾപ്പെടെ 49ഓളം കുരങ്ങുപനി കേസുകള്‍ കർണാടകയിൽ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് മൂലമുണ്ടാകുന്ന ഒരു ജന്തുജന്യ രോഗമാണ് കുരങ്ങുപനി. വനത്തില്‍ ജീവിക്കുന്ന കുരങ്ങുകള്‍, അണ്ണാന്‍, ചെറിയ സസ്തനികള്‍, പക്ഷികള്‍ തുടങ്ങിയവയിലാണ് രോഗം കാണപ്പെടുന്നത്. ഇവയുടെ രക്തം കുടിക്കുന്ന ചെള്ളുകള്‍ മനുഷ്യരെ കടിക്കുന്നതിലൂടെയോ, രോഗബാധയുള്ളതോ ചത്തതോ ആയ മൃഗങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴോ ആണ് കുരുങ്ങുപനി മനുഷ്യരിലേക്ക് പകരുന്നത്.