സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പു പ്രകാരം അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയക്രമീകരണം ഏർപ്പെടുത്തുന്നതായി പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും പത്രസമ്മേളനത്തിൽ അറിയിച്ചു.
മെയ് 15 വരെ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3 മണി വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്ക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ സൂര്യാഘാതവും സൂര്യാതാപവുമേൽക്കാൻ സാധ്യത കൂടുതലാണെന്നും സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പുകൾ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു കരുതൽ എന്ന നിലയിൽ എന്തൊക്കെ ചെയ്യണം ചെയ്യാൻ പാടില്ല എന്നൊക്കെയുള്ള ചില നിർദേശങ്ങൾ നമുക്ക് നോക്കാം:
- ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങൾക്കല്ലാതെ പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക
- ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാത്തരം പുറം ജോലികളും, കായികവിനോദങ്ങളും, മറ്റു പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വയ്ക്കുക; പ്രത്യേകിച്ച് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയങ്ങളിൽ
- ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക
- അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക; പുറത്തിറങ്ങുമ്പോള്‍ കുടയും പാദരക്ഷയും നിര്‍ബന്ധമായും ഉപയോഗിക്കുക
- കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുക്കാനും വിശ്രമിക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക
- നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകല്‍ സമയത്ത് കഴിവതും ഒഴിവാക്കുക
- വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവ കൂടുതൽ നല്ലത്
- പ്രായമായവര്‍, കിടപ്പ് രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റു രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം
- കുട്ടികളെയോ വളര്‍ത്തു മൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്താതിരിക്കാൻ ശ്രദ്ധിക്കുക
- തീപിടിത്ത സാധ്യത കൂടുതലുള്ളയിടങ്ങളായ മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍, ചപ്പുചവറുകളും ഉണങ്ങിയ പുല്ലുമുള്ള സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും കൃത്യമായ സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കുകയും വേണം
- വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. പകല്‍ 11 മുതല്‍ മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏൽക്കാതിരിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ടതാണ്
- എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.
- പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണമെന്ന് കാലാവസ്ഥാവകുപ്പ് അഭ്യര്‍ത്ഥിച്ചു.