1. കേരളത്തിൽ വീണ്ടും മഴ കനക്കുന്നു. ആന്ധ്രാപ്രദേശിൻ്റെ വടക്കൻ തീരത്തും, ലക്ഷദ്വീപിൻ്റേയും തമിഴ്നാടിൻ്റേയും മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ വീണ്ടും മഴ കനക്കുന്നതിന് കാരണമായത്. 12ാം തീയതി വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും, വ്യാഴാഴ്ച മലപ്പുറം, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇന്നും നാളേയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടമിന്നലിനും സാധ്യതയുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
2. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നടപ്പിലാക്കുന്ന ചെറുധാന്യ കൃഷി വ്യാപന പദ്ധതിയായ കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ പ്രചരണാർത്ഥം വിദ്യാർത്ഥികളെ ചെറുധാന്യ കൃഷിയും , ചെറുധാന്യ ഭക്ഷണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മില്ലറ്റ് വാരാഘോഷവും , ജൈവരാജ്യം മില്ലറ്റ് പ്രദർശ്ശന മേളയും സംഘടിപ്പിച്ചു. മില്ലറ്റ് മേളയുടെ ഭാഗമായി വിവിധയിനം ചെറുധാന്യ ചെടികളുടെയും , ചെറുമണി ധാന്യങ്ങളുടേയും , ചെറുധാന്യ വിത്തിനങ്ങളുടേയും , ചെറുധാന്യങ്ങളുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടേയും പ്രദർശനമൊരുക്കി. പരിപാടിയുടെ ഉദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് KS ഷാജി നിർവഹിച്ചു. ഒക്ടോബർ 16 ഭക്ഷ്യദിനത്തിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ നടക്കുന്ന കുട്ടികളുടെ മില്ലറ്റ് കൃഷി പാർലമെന്റോടെ മില്ലറ്റ് വാരാഘോഷ പരിപാടികൾ സമാപിക്കും.
3. പാലക്കാട് ആലത്തൂരിൽ നിർമാണം പൂർത്തിയാക്കിയ മത്സ്യഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിർവഹിച്ചു. ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെ മത്സ്യഭവനകളുടെ ശാക്തീകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20.75 ലക്ഷം രൂപ ചെലവഴിച്ചാണ് മംഗലംഡാം മത്സ്യവിത്ത് ഉത്പാദനകേന്ദ്രത്തിന് സമീപം ജില്ലാ നിര്‍മ്മിതി കേന്ദ്രം മത്സ്യ ഭവന്‍ കെട്ടിടം പൂര്‍ത്തിയാക്കിയത്.ആലത്തൂർ, നെന്മാറ, ഒറ്റപ്പാലം, പട്ടാമ്പി , തൃത്താല എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലുള്ള പഞ്ചായത്തുകൾ മുഖേനെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ നിർവഹണം നടത്തുന്നത് ആലത്തൂർ മത്സ്യഭവൻ മുഖേനയാണ്.
4. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കടത്തൂര്‍ പാഴൂത്തങ്കയത്തില്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ തഴവ ക്ഷീരസംഘത്തിന്റെ നേതൃത്വത്തിലാണ് ക്ഷീരസംഗമം സംഘടിപ്പിച്ചത്. സി ആര്‍ മഹേഷ് എം എല്‍ എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.കന്നുകാലി - ഉരുക്കളുടെ മൂല്യനിര്‍ണയം, ക്ഷീരവികസന സെമിനാര്‍ എന്നിവയും, മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കലും, അവാര്‍ഡ്ദാനവും ചടങ്ങിൻ്റെ ഭാഗമായി നടന്നു.