Updated on: 28 June, 2024 1:06 PM IST
കാർഷിക വാർത്തകൾ
  1. മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്തു പലയിടങ്ങളിലും കനത്ത മഴ തുടരുന്നു.. വയനാട്ടിലും കണ്ണൂരിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. തീരദേശ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശമുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടൽ പ്രക്ഷുബ്ധമാകാനുമുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുമുണ്ട്.

കേരള തീരത്തു പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ നാളെ രാത്രി 11.30 വരെ 2.7 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂർ ജില്ലകളിലെ തീരങ്ങളിൽ നാളെ രാത്രി 07.00 വരെ 1.0  മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കുക. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേകജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

  1. കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടി കോർപ്, വിഎഫ്‌പിസികെ എന്നീ വിപണികൾ മുഖേന ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി പി പ്രസാദ്. പച്ചക്കറിക്ക് വില വർധിക്കുന്ന വിഷയം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ കൃഷി നാശം പച്ചക്കറി ഉല്പാദനത്തെ സാരമായി ബാധിച്ചതായി മന്ത്രി വിളിച്ചു ചേർത്ത ഉന്നത തല ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിലയിരുത്തി.

സംസ്ഥാനത്തുടനീളം സഞ്ചരിക്കുന്ന പച്ചക്കറി വിപണന ശാലകൾ സജ്ജമാകും. പ്രാദേശികമായി ഉല്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികൾ ലഭ്യമാകുന്നിടത്തോളം സംഭരിക്കുന്നതിനും തികയാത്തത് ഇതര സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നും കാർഷികോല്പാദക സംഘടനകളിൽ നിന്നും നേരിട്ട് സംഭരിക്കാനുമാണ് തീരുമാനം. വരാനിരിക്കുന്ന ഓണക്കാലത്തു ആവശ്യമായ പച്ചക്കറികൾ വിപണിയിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനും, അതിനാവശ്യമായ പ്രവർത്തന മാർഗരേഖ ഒരാഴ്ചക്കക്കം തയാറാക്കാനും കൃഷിവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. പച്ചക്കറിയുടെ തദ്ദേശീയമായ ഉല്പാദനം വർധിപ്പിക്കുന്നതിനും സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനത്തിൽ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിനും സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും മറ്റു വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് പ്രത്യേക പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

  1. കാർഷികക്ഷേമ വകുപ്പ് സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ കൂൺഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും, കൂൺ മേഖലയിലെ പുരോഗമന കർഷകരെ ആദരിക്കലും നാളെ വൈകി​ട്ട് 3 മണിയ്ക്ക് മന്ത്രി പി. പ്രസാദ് നിർവഹിക്കും. കൊല്ലം ജില്ലയിലെ അഞ്ചൽ, ഏരൂർ ഓയി​ൽ പാം കൺവൻഷൻ സെന്ററിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ബഹുമാനപ്പെട്ട പുനലുർ എം.എൽ.എ. ശ്രീ.പി. എസ്.സുപാലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മികച്ച കൂൺ കർഷകരെ ബഹുമാനപ്പെട്ട മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി ആദരിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ എന്നിവർ മുഖ്യാതിഥികളാകും. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം മുൻ മന്ത്രി അഡ്വ. കെ. രാജു, ഓയി​ൽ പാം ചെയർമാൻ ആർ. രാജേന്ദ്രൻ, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. രാജേന്ദ്രൻ എന്നിവർ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ജില്ലാ പ‌ഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരിഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി. അജിത്ത്, സജീവ് എസ്, ജയശ്രീ എം. തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. സംസ്ഥാന വ്യാപകമായി 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുവാനാണ് ഹോർട്ടിക്കൾച്ചർ മിഷൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഓരോ കൂൺഗ്രാമത്തിലും കൂൺ ഉൽപ്പാദന യൂണിറ്റുകൾക്ക് പുറമേ വിത്ത് ഉത്പാദന യൂണിറ്റുകൾ, മൂല്യവർധിത ഉത്പന്ന നിർമാണ യൂണിറ്റുകൾ, പാക്കിങ് യൂണിറ്റുകൾ, കംമ്പോസ്‌റ്റിംഗ്‌ യൂണിറ്റുകൾ, കർഷക പരിശീലനം എന്നിവയും നടപ്പിലാക്കുന്നു.

  1. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയവും നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡും (എൻ ഡി ഡി ബി ) ഇൻ്റർനാഷണൽ ഡയറി ഫെഡറേഷനും (ഐ.ഡി.എഫ്) ചേർന്ന്  രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന  "റീജിയണൽ ഡയറി കോൺഫറൻസ് - ഏഷ്യ പസഫിക് 2024" ത്രിദിന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി. സംസ്‌ഥാന ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. ഐഡിഎഫ്  പ്രസിഡൻറ് ഡോ. പിയർക്രിസ്റ്റ്യാനോ ബ്രസാലെ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര  വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് വെർച്വലായി മുഖ്യപ്രഭാഷണം നടത്തി. അരുണാചൽ പ്രദേശ് ക്ഷീരവകുപ്പ് മന്ത്രി ഗബ്രിയേൽ ഡെൻവാങ് വാങ്‌സു, എൻഡിഡിബി ചെയർമാനും ഐഡിഎഫിൻ്റെ ഇന്ത്യൻ നാഷണൽ കമ്മിറ്റി മെമ്പർ സെക്രട്ടറിയുമായ ഡോ. മീനേഷ് ഷാ, കേന്ദ്ര അനിമൽ ഹസ്ബൻഡറി ആൻ്റ് ഡയറിയിങ്ങ് വകുപ്പ് സെക്രട്ടറിയും ഐഡിഎഫിൻ്റെ ഇന്ത്യൻ നാഷണൽ കമ്മിറ്റി പ്രസിഡൻ്റുമായ അൽക്ക ഉപാധ്യായ;ഐഡിഎഫ്  പ്രസിഡൻറ് ഡോ. പിയർക്രിസ്റ്റ്യാനോ ബ്രസാലെ; കേന്ദ്ര  ക്ഷീര, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ സെക്രട്ടറി വർഷ ജോഷി,അരുണാചൽ പ്രദേശ് ക്ഷീരവകുപ്പ് മന്ത്രി ഗബ്രിയേൽ ഡെൻവാങ് വാങ്‌സു,എഫ് എ ഒ ഇന്ത്യ ടകയുകി ഹാഗിവാര, സംസ്‌ഥാന   ക്ഷീര, മൃഗസംരക്ഷണ വകുപ്പ്  സെക്രട്ടറി പ്രണബ്‌ജ്യോതിനാഥ്‌,  ഐഡിഎഫ് ഡയറക്ടർ ജനറൽ ലോറൻസ് റിക്കൻ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള 1000 പ്രതിനിധികളും 500 കർഷകരും പങ്കെടുക്കുന്നുണ്ട്. ഐഡിഎഫ്, ഗ്ലോബൽ സസ്റ്റൈനബിലിറ്റി ഫ്രെയിംവർക്ക്, കണക്റ്റിക്കട്ട് യൂണിവേഴ്സിറ്റി, ബിൽ ആൻ്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ഇൻ്റർനാഷണൽ ലൈവ്സ്റ്റോക്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എഫ്എഒ, ഡയറി ഏഷ്യ, മംഗോൾ ബാക്ട്രിയൻ അസോസിയേഷൻ,  എന്നിവയുൾപ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഡെയറി സ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

English Summary: Heavy rain; Orange and yellow alerts in various districts
Published on: 27 June 2024, 04:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now