1. കടുത്ത ചൂടിൽ പ്രതിസന്ധിയിലായി പൈനാപ്പിൾ കർഷകർ. പൈനാപ്പിളിന് ഏറ്റവും വില ലഭിക്കുന്ന റമസാൻ വിപണിയെ ലക്ഷ്യം വെച്ച് കൃഷി ചെയ്യുന്ന കർഷകരെയാണ് കനത്ത വേനൽ ബാധിച്ചിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മുന്നൊരുക്കങ്ങളൊക്കെ നടത്തിയിട്ടും ഉത്പാദത്തിൽ കുറവ് ഉണ്ടായി എന്നാണ് കർഷകർ പറയുന്നത്. മുൻവർഷങ്ങളേക്കാൾ കനത്ത ചൂടാണ് ഈ വർഷത്തിൽ അനുഭവപ്പെടുന്നത്. ഇത് കൈതച്ചെടികൾ കരിയുകയും, മൂക്കും മുൻപ് തന്നെ പഴുത്ത് നശിക്കുന്നതിനും കാരണമാകുന്നു, ഇതോടെ ഉത്പാദനത്തിൽ 50 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ചൂട് ദിനംപ്രതി കൂടി വരികയാണ്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും കനത്ത ചൂട് തുടരുകയാണ്.
2. ആലപ്പുഴ ജില്ലയിലെ ചിത്തിര കായലിലെ പുഞ്ച കൃഷി വിളവെടുപ്പ് ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. 475 ഏക്കറിലായി ഉമ ഇനം നെൽ വിത്താണ് വിതച്ചത്. നെല്ല് സംഭരിച്ച് പതിനഞ്ചു ദിവസത്തിനകം പണം കർഷകന് ലഭിക്കുന്ന സംവിധാനം സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നും അതിന്റെ നടപടിക്രമങ്ങൾ പരമാവധി ലഘൂകരിക്കാനുള്ള കാര്യങ്ങൾ ചെയ്തു വരുന്നതായും ചടങ്ങിനിടെ മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒന്നാം വിളയുമായി ബന്ധപ്പെട്ട് കേരളത്തിൽ സംഭരിച്ച നെല്ലിൽ ആലപ്പുഴ ജില്ലയിൽ 33 ലക്ഷം രൂപ മാത്രമാണ് കൊടുത്തു തീർക്കാനുള്ളതെന്നും അവർക്ക് സപ്ലൈകോ നേരിട്ട് പണം കൊടുത്ത് ഒരാഴ്ചയ്ക്കകം അവരുടെ പ്രശ്‌നവും പരിഹരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എ., ജില്ല കളക്ടർ ജോൺ വി. സാമുവൽ, കൈനകരി പഞ്ചായത്ത് പ്രസിഡൻറ് എം.സി. പ്രസാദ് മറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
3. ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 11 മുതല്‍ 21 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്കായി ക്ഷീരോല്പന്ന നിര്‍മാണം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 135 രൂപയാണ്. ആധാര്‍ / തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പരിശീലനത്തിൽ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 7ന് വൈകിട്ട് മൂന്നിനകം dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളിലോ 04922 226040, 9496839675, 9446972314 നമ്പറുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യുക.
4. ആലപ്പുഴ ജില്ലയിൽ പുഞ്ചക്കൊയ്ത്തിന് സമയബന്ധിതമായി പ്രവർത്തന ക്ഷമതയുള്ള കൊയ്ത്ത് മെതിയന്ത്രങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് പഞ്ചായത്തുതല അവലോകന സമിതിയെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടർ ജോൺ വി സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന പുഞ്ചക്കൊയ്ത് അവലോകന യോഗത്തിലാണ് തീരുമാനം. കൊയ്ത്ത് മെതിയന്ത്രങ്ങളുടെ പ്രവർത്തന ലഭ്യത ഉറപ്പാക്കാൻ കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള ടെക്നിക്കൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അഞ്ച് ശതമാനത്തിലേറെ വിളവ് നഷ്ടപ്പെടാതെയും മൂന്നു ശതമാനത്തിലേറെ ധാന്യത്തിന് കേടുപാടുകൾ സംഭവിക്കാതെയും നെല്ല് കൊയ്തു നൽകുന്നതിന് കൊയ്ത്ത് യന്ത്രത്തിന്റെ ഏജന്റുമാർ, ഉടമകളുമായി കരാർ വച്ച് പാടശേഖര സമിതികൾ കൊയ്ത് സമയബന്ധിതമായി നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം