കോഴിക്കോട്: വേനൽ ചൂട് കഠിനമായതോടെ സംസ്ഥാനത്തെ റബ്ബർ ഉത്പാദനത്തിൽ 40 ശതമാനത്തോളം ഇടിവ് സംഭവിച്ചു. ചൂട് കൂടിയതോടെ റബ്ബർ പാലിൽ കുറവ് സംഭവിക്കുകയും ടാപ്പിംഗ് നിർത്താൻ തൊഴിലാളികൾ നിർബന്ധിതരാവുകയാണ്.ഇനി മൂന്നുമാസക്കാലത്തോളം വേനൽ തുടരുമെന്നതിനാൽ ഇക്കാലയളവിൽ തൊഴിലാളികൾക്ക് വരുമാനമില്ലാതാവും.
വേനൽ മഴ കഴിഞ്ഞ വർഷങ്ങളിലേതു പോലെ ലഭിക്കാത്തതും ഡിസംബർ ,ജനുവരി മാസത്തിൽ തണുപ്പ് കുറവായിരുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത്തവണ മഴക്കുള്ള സാധ്യതയും വളരെ കുറവാണെന്നാണു കർഷകർ അഭിപ്രായപ്പെടുന്നത്. കേരളത്തിലെ കാർഷിക മേഖലയെ ഒന്നാകെ ബാധിക്കുന്ന വേനൽക്കാലം പഴയതിനേക്കാൾ ശക്തമാകുന്നത് കർഷകരുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കും.റബ്ബർ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മലയോര മേഖലക്ക് കനത്ത പ്രഹരമാണ് ഇതുണ്ടാക്കിയത്.കാർഷിക മേഖലയിലെ മറ്റു ജോലികളിൽ ഏർപ്പെടാനും ബുദ്ധിമുട്ടുള്ള കാലയളവാണ് ഇപ്പോഴുള്ളതെന്ന് കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ കൂരാച്ചുണ്ടിലെ റബ്ബർ കർഷകൻ രാമചന്ദ്രൻ പറഞ്ഞു.
റബ്ബറിൻ്റെ വരുമാനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർ ഇപ്പോൾ മറ്റു തൊഴിലുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
കഴിഞ്ഞ ദിവസമാണ് റബ്ബറിൻ്റെ അടിസ്ഥാന വില 170 ൽ നിന്നും 180 രൂപയായി സംസ്ഥാന സർക്കാർ ഉയർത്തിയത്.