മിൽമയും ഹോർട്ടികോർപ്പുമായുണ്ടാക്കിയ ധാരണപ്രകാരം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മിൽമ ബൂത്ത് വഴി തേൻ നൽകുന്നത് നവംബർ ആദ്യം ആരംഭിക്കും. ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റുകൾ വഴി മിൽമ ഉത്‌പന്നങ്ങളും വിൽക്കാനാകും. എല്ലാ മാസവും 15-നകം ഇരുസ്ഥാപനങ്ങളും വിറ്റുവരവുകണക്ക് തീർക്കുംവിധമാണ് ക്രമീകരണം. തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പുതന്നെ ഉദ്ഘാടനം നടത്താനാണ് ശ്രമം.
കിലോഗ്രാമിന് 300 രൂപ നിരക്കിൽ സംസ്ഥാനത്ത് വിവിധ ആദിവാസിമേഖലകളിൽനിന്ന് ഹോർട്ടികോർപ്പ് തേൻ ശേഖരിക്കുന്നത് തുടരുകയാണ്. കേരളത്തിലെ ആദ്യത്തെ സമ്പൂർണ തേൻപാർക്ക് മാവേലിക്കരയ്ക്ക് സമീപം കൊച്ചാലുംമൂട്ടിൽ ഹോർട്ടികോർപ്പ് തുടങ്ങുകയും ചെയ്തിട്ടുണ്ട്. മറ്റ് ജില്ലകളിലും ഇതേപോലെ തേൻപാർക്കുണ്ടാക്കി തേനും മൂല്യവർധിത ഉത്‌പന്നങ്ങളും ഉണ്ടാക്കുന്നുണ്ട്. അവ ന്യായവിലയ്ക്ക് മിൽമ ബൂത്ത് വഴി നൽകാനാണ് തീരുമാനം.
കിട്ടാൻ ഏറെ പ്രയാസമുള്ള ചെറുതേനും ഹോർട്ടികോർപ്പ് പാർക്കിലുണ്ട്. ഔഷധസസ്യഉദ്യാനം ഒരുക്കി ഇതിനു സമീപം ചെറുതേനീച്ചയുടെ കൂട് ഒരുക്കിയാണ് തേനിന് സാധ്യത കണ്ടെത്തുന്നത്. ഔഷധിയുടെ സഹായത്തോടെയാണ് ഔഷധപാർക്ക് സജ്ജമാക്കിയത്. കൊച്ചാലുംമൂട്ടിലെ തേനിനും ഉത്‌പന്നങ്ങൾക്കും മികച്ച വിപണിയാണ് കിട്ടിയതെന്ന് ഹോർട്ടികോർപ്പ് എം.ഡി. ജെ.സജീവ് പറഞ്ഞു. മികച്ച ഉത്‌പന്നങ്ങൾക്ക് കേരളമാകെ വിപണി കണ്ടെത്താനാണ് മിൽമയുമായി ധാരണയിലെത്തിയത്. 50 ടൺ തേനാണ് സ്ഥാപനം ഇതേവരെ സംഭരിച്ചത്.
മിൽമ ഏജന്റുമാർക്ക് പുതിയ വരുമാനമാർഗമാകുന്നതിനൊപ്പം ഗുണമുള്ള തേൻ സംസ്ഥാനത്ത് നൽകാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്ന് മിൽമ അധികൃതർ പറഞ്ഞു. കെ.എസ്.ആർ.ടി.സി. ബസിലെ കഫേ പോലുള്ള പുത്തൻ വിപണനരീതികളിലൂടെ മിൽമ പോവുകയാണ്. സ്ഥാപനത്തിന് കേരളമെങ്ങും ബൂത്തുകളുള്ളത് ഹോർട്ടികോർപ്പിനും ഗുണകരമാകും.