1. വയനാട് കേരള വെറ്ററിനറി സർവകലാശാലയിൽ സംഘടിപ്പിക്കുന്ന ആഗോള ലൈവ്സ്റ്റോക്ക് കോൺക്ലേവിന്റെ ലോഗോ പ്രകാശനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പു മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി നിർവഹിച്ചു. കന്നുകാലി-ക്ഷീര കാർഷിക മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് യുവജനതയെ ഈ മേഖലയിലേക്ക് ആകർഷിക്കുക ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗ സംരക്ഷണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഡിസംബർ 20 മുതൽ 29 വരെയായിരിക്കും കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ക്ഷീര- കന്നുകാലി, വളർത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉൽപാദനക്ഷമതയും ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ കോൺക്ലേവാണ് വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ സംഘടിപ്പിക്കുന്നതെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. കന്നുകാലി, ക്ഷീര മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പുതുതലമുറയെ കാർഷികവൃത്തിയിലേക്കു നയിക്കാനും അതുവഴി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും ആഗോള ലൈവ്സ്റ്റോക്ക് കോൺക്ലേവ് സഹായകമാകും. മൂല്യ വർധിത ഉൽപ്പന്നങ്ങളെ കുറിച്ചും വളർത്തു മൃഗങ്ങൾ, പോൾട്രി, ഡയറി- അക്വഫാമിംഗ് എന്നീ വിഭാഗങ്ങളിലെ ഏറ്റവും പുതിയ അറിവുകൾ, മാറിവരുന്ന സാങ്കേതിക വിദ്യകൾ എന്നിവയെക്കുറിച്ച് മനസിലാക്കാനുള്ള ഒരു മികച്ച വേദിയാകുമിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2. നാടൻ ഉത്പന്നങ്ങൾ കർഷകരിൽ നിന്നും നേരിട്ടു സംഭരിച്ച് വിതരണം കാര്യക്ഷമമാക്കുന്നതിനായി ഹോർട്ടികോർപ്പ് സംഘടിപ്പിക്കുന്ന ഫാം ക്ലബ്ബിൻ്റെ വാർഷികവും കർഷക സംഗമവും കണ്ണൂരിൽ വച്ച് നടന്നു. കൃഷിമന്ത്രി ശ്രീ. പി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പു മന്ത്രി ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കേരളത്തിലെ അര ലക്ഷം കർഷകരുടെ കൂട്ടായ്മയാണ് കർഷക സംഗമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
3. സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളിലും നാളെ ആറ് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 12 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.