ലോക്ക് ഡൗണ്‍ കാലയളവില്‍ വിവിധ ജില്ലകളിലെ കര്‍ഷകരില്‍ നിന്നും പഴം-പച്ചക്കറികള്‍ സംഭരിച്ച് വിപണനം നടത്തുന്നതിനായി ഹോര്‍ട്ടികോര്‍പ്പ് വിവിധ പദ്ധതികള്‍ക്കു രൂപം നല്‍കി. പ്രാദേശിക ഉത്പാദന കേന്ദ്രങ്ങളിലെ കര്‍ഷകരില്‍നിന്നും പഴം-പച്ചക്കറികള്‍ പ്രത്യേക സംവിധാനത്തിലൂടെ സംഭരിക്കും. ഇത്തരത്തില്‍ സംഭരിക്കുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പിന്റെ 100 വിപണികള്‍ വഴിയും 200 ഫ്രാഞ്ചൈസികള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് എത്തിക്കും.
സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചണുകളിലും സാമൂഹിക സുരക്ഷാ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും സംഭരിച്ച പച്ചക്കറികള്‍ വിതരണം നടത്തും. തിരുവനന്തപുരം ജില്ലയില്‍ റസിഡന്റ്സ് അസോസിയേഷനുകള്‍ മുഖേനയും ഓര്‍ഡര്‍ അനുസരിച്ച് പഴം പച്ചക്കറികള്‍ എത്തിച്ചു നല്‍കുവാന്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്തും എറണാകുളത്തും പച്ചക്കറി വിതരണത്തിനായി ഓണ്‍ലൈന്‍ ഡെലിവറി സംവിധാനവും ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ വാഴക്കുളം മേഖലയില്‍ നിന്നും 20 ടണ്‍ പൈനാപ്പിളും പാലക്കാട് മുതലമടയില്‍ നിന്നും അഞ്ച് ടണ്‍ മാങ്ങയും സംഭരിക്കുവാന്‍ ഹോര്‍ട്ടി കോപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടിലെ കര്‍ഷകരില്‍ നിന്നും നേന്ത്രക്കായയും ഇത്തരത്തില്‍ സംഭരിച്ച് വിവിധ ജില്ലകളില്‍ വിതരണം ചെയ്യും.