1. റബ്ബര്‍കര്‍ഷകര്‍ക്ക് കേന്ദ്ര ധനസഹായം ലഭിക്കും. 2020-2021 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പരമാവധി രണ്ട് ഹെക്ടർ വരെ റബർ കൃഷിയുള്ളവർക്ക് നിബന്ധനകൾക്ക് വിധേയമായി ഒരു ഹെക്ടറിന് ധനസഹായത്തിന് അർഹതയുണ്ട്. കേന്ദ്ര സർക്കാരിന്റെ ‘സർവീസ് പ്ലസ്’ എന്ന വെബ് പോർട്ടലിലൂടെ ഓൺലൈനായി ഒക്ടോബർ 31നകം അപേക്ഷകൾ സമർപ്പിക്കണം.
അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, കൃഷിസ്ഥലത്തിന്റെ അതിരുകൾ രേഖപ്പെടുത്തിയ സ്കെച്ച്, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, കൂട്ടുടമസ്ഥത ഉള്ളവർക്കും മൈനറായ അപേക്ഷകർക്കുമുള്ള നോമിനേഷൻ എന്നിവ അപ്‌ലോഡ് ചെയ്യണം.
ഹെക്ടറിന് 20,000 രൂപയും, നടീൽവസ്തുവായി കപ്പുതൈയോ കൂടത്തൈയോ ഉപയോഗിച്ചവർക്ക് 5,000 രൂപയും ചേർത്ത് ആകെ 25,000 രൂപയാണ് ധനസഹായം ലഭിക്കുക. തോട്ടം പരിശോധിച്ചശേഷം അർഹമായ ധനസഹായം കർഷകരുടെ അക്കൗണ്ടിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് www.rubberboard.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0481 2576622 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷേമപെൻഷൻ വിതരണം മുന്നോട്ട്: 3,200 രൂപ വീതം 50.53 ലക്ഷം പേർക്ക്
2. ഓണത്തോടനുബന്ധിച്ച് ഹോർട്ടിക്കോർപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യവിൽപന സ്റ്റോർ ജനങ്ങളിലേയ്ക്ക്. കുറഞ്ഞ നിരക്കിൽ നാടൻ പച്ചക്കറികൾ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹോർട്ടിസ്റ്റോറിന്റെ സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഇന്ന് മുതൽ ഈ മാസം 7 വരെ കേരളത്തിലുടനീളം 21 ഹോർട്ടിസ്റ്റോർ നിരത്തിലിറങ്ങും. വിഷരഹിത പഴം-പച്ചക്കറികൾക്ക് പുറമേ, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൽപാദിപ്പിക്കുന്ന കുട്ടനാടൻ റൈസ്, കൊടുമൺ റൈസ്, മിൽമ ഉൽപ്പന്നങ്ങൾ, വെളിച്ചെണ്ണ, മറയൂർ ശർക്കര, പപ്പടം, ശുദ്ധമായ തേൻ തുടങ്ങിയവ സ്റ്റോറുകളിൽ ലഭ്യമാണ്.
3. കഴിഞ്ഞ നാലുവർഷം കേരളത്തെ ബാധിച്ച പ്രളയത്തിൽ നഷ്ടപ്പെട്ടത് 3,178 കോടിയുടെ നെൽകൃഷിയെന്ന് കൃഷിമന്ത്രി പി. പ്രസാദ്. 2018-19 ലെ പ്രളയത്തിൽ 35,000 ഹെക്ടറർ നെൽകൃഷി നശിച്ചപ്പോൾ 661.50 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 2019-20ൽ 68,304 ഹെക്ടർ കൃഷി നശിച്ചപ്പോൾ 1024 കോടി രൂപയുടെ നഷ്ടം നേരിട്ടു. 2020-21ൽ 56,423 ഹെക്ടർ കൃഷി നശിച്ചു. ഇതിൽ 846.35 കോടിയുടെ നഷ്ടമുണ്ടായി. 2021-22ലെ പ്രളയത്തിൽ 645.71 കോടിയുടെ കൃഷിനാശം രേഖപ്പെടുത്തി. പ്രളയം മൂലമുണ്ടായ കൃഷി നാശത്തിന് സംസ്ഥാന ദുരന്ത നിധിയിലെ വിഹിതവും സംസ്ഥാന വിഹിതവും നഷ്ടപരിഹാരമായി നൽകുന്നുണ്ടെന്നും സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് അർഹമായ നഷ്ടടപരിഹാരം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2022-23 വർഷത്തിൽ നഷ്ടപരിഹാരമായി അനുവദിച്ച 35 കോടിയിൽ 32.02 കോടി വിതരണം ചെയ്തതായി മന്ത്രി കൂട്ടിച്ചേർത്തു.
4. തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ‘മികവ്’, ‘മിഷൻ 941’ പദ്ധതികൾക്ക് തുടക്കം. തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. കാർഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് മിഷൻ 941 നടപ്പാക്കുന്നത്. നീർത്തട വികസന മാതൃകയിൽ മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക, അതുവഴി കാർഷികോൽപാദനം വർധിപ്പിക്കുക, കാർഷിക മേഖലയ്ക്കുള്ള വിപണന സൗകര്യം ഒരുക്കുക, ഗ്രാമീണ മേഖലയിലെ കായിക ഉണർവിനായി 941 കളിസ്ഥലങ്ങൾ നിർമിക്കുക, ഔഷധ സസ്യങ്ങൾ വച്ചുപിടിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതി വഴിയുള്ള പ്രവർത്തനങ്ങൾ. തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് തൊഴിൽ നൈപുണ്യം നേടാൻ വിദഗ്ധ പരിശീലനം നൽകുന്ന പദ്ധതിയാണ് ‘മികവ്’. ഓരോ പഞ്ചായത്തിൽനിന്നും 100 പേരെ വീതം തെരഞ്ഞെടുത്താകും പരിശീലനം നൽകുക.
5. ക്ഷീരകർഷകർക്കുള്ള മിൽക്ക് ഇൻസെന്റീവ് ഉടൻ ലഭ്യമാക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. പദ്ധതിപ്രകാരം ഒരു ലിറ്റർ പാലിന് മൂന്ന് രൂപ നിരക്കിൽ ധനസഹായം അനുവദിക്കും. ഓണത്തിന് മുമ്പായി 25.35 കോടി രൂപ ക്ഷീരകർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുമെന്നും ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി മിൽക്ക് ഇൻസെന്റീവ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
6. കോട്ടയം അരീപ്പറമ്പ് കേര നഴ്സറിയിൽ മുളപ്പിച്ചെടുത്ത തെങ്ങിൻതൈകൾ കൊണ്ട് കേരഗ്രാമമൊരുക്കാൻ മണർകാട് ഗ്രാമപഞ്ചായത്ത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ വർഷമാണ് അരീപ്പറമ്പിൽ കേര നഴ്സറി ആരംഭിച്ചത്. അരീപ്പറമ്പ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 25 സെന്റ് സ്ഥലത്താണ് നഴ്സറി നിർമിച്ചത്. കുറ്റ്യാടി വിഭാഗത്തിലുള്ള വിത്ത് തേങ്ങകളാണ് മുളപ്പിച്ചത്. ഇതുവരെ 2,580 തെങ്ങിൻതൈകൾ സൗജന്യമായി വിതരണം ചെയ്തു.
7. ഓണപ്പൂക്കളം ഒരുക്കാൻ പൂകൃഷി ചെയ്ത് പാലക്കാട് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നാലേക്കറോളം സ്ഥലത്താണ് പൂകൃഷി ഒരുക്കിയത്. ചെണ്ടുമല്ലിയാണ് കൂടുതലായി കൃഷി ചെയ്തത്. അത്തം മുതലുള്ള പത്തുദിവസത്തെ ഓണവിപണി ലക്ഷ്യം വെച്ച് രണ്ടു മാസം മുമ്പ് തന്നെ കൃഷി ആരംഭിച്ചിരുന്നു. ചാലിശ്ശേരി, എരിമയൂര്‍, മരുതറോഡ്, കപ്പൂര്‍, പല്ലശ്ശന, നല്ലേപ്പിള്ളി പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് കൃഷിയ്ക്ക് നേതൃത്വം നൽകിയത്.
8. റോഡ് നിർമാണത്തിൽ കയർ ഭൂവസ്ത്രം പ്രയോജനപ്പെടുത്തുമെന്ന്, വ്യവസായമന്ത്രി പി. രാജീവ്. റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, കൂടുതൽ കാലം നിലനിൽക്കുന്നതിനും, ഭൂവസ്ത്ര ഉപയോഗം പ്രയോജനപ്രദമാണെന്ന് മന്ത്രി പറഞ്ഞു. റോഡ് നിർമാണത്തിൽ ഉപയോഗിക്കുന്ന കയർ ഭൂവസ്ത്രങ്ങൾക്ക് കയർ വകുപ്പിന്റെ കീഴിലുള്ള സാങ്കേതിക ഗവേഷണ സ്ഥാപനമായ, നാഷണൽ കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർട്ടിഫിക്കേഷൻ ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു.
9. പാലിന്റെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനം വരുന്നു. ഓണവിപണിയിൽ ശുദ്ധമായ പാൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീര വികസന വകുപ്പാണ് പരിശോധന സംവിധാനം നടപ്പിലാക്കുന്നത്. സെപ്തംബർ മൂന്ന് മുതൽ ഏഴു വരെ പരിശോധന നടക്കും. പാൽ പരിശോധന സംവിധാനവും ഇൻഫർമേഷൻ സെന്ററും ക്ഷീര വികസന വകുപ്പിന്റെ തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ സംഘടിപ്പിക്കും.
10. ഏഴാമത് EIMA അഗ്രിമാച്ച് ഇന്ത്യ 2022ന് ഇന്ന് തുടക്കം. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും പുതിമയേറിയതുമായ കാർഷിക യന്ത്രങ്ങളുടെ പ്രദർശനമാണിത്. ബാംഗ്ലൂരിലെ അഗ്രികൾച്ചറൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന പ്രദർശനം സെപ്ററംബർ മൂന്നിന് അവസാനിക്കും. കർഷകക്ഷേമ മന്ത്രാലയത്തിന്റെയും കേന്ദ്രസർക്കാരിന്റെയും പങ്കാളിത്തത്തോടെയാണ് പ്രദർശനം നടക്കുന്നത്. രാജ്യത്തെ പ്രമുഖ കാർഷിക വ്യവസായികളുമായും അവരുടെ പ്രതിനിധികളുമായും ഉപഭോക്താക്കൾക്ക് സംവദിക്കാനുള്ള മികച്ച അവസരമാണ് അഗ്രിമാച്ച് ഇന്ത്യ 2022 ഒരുക്കിയിട്ടുള്ളത്. പ്രദർശനത്തിൽ കൃഷി ജാഗരൺ മാധ്യമപങ്കാളിയായി.
11. ബയോഫാക് ഇന്ത്യ 2022ന് ഡൽഹിയിൽ തുടക്കം. ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ മാർട്ടിലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവ ഉൽപന്നങ്ങളുടെ പ്രദർശനം നടക്കുന്നത്. നർൻബെർഗ് മെസ്സെ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രദർശനം സെപ്റ്റംബർ മൂന്നിന് അവസാനിക്കും. പ്രകൃതിദത്തമായ ഉൽപ്പന്നങ്ങളുടെ വ്യവസായ രംഗത്തേക്ക് കൂടുതൽ നിക്ഷേപകരെയും ഉപഭോക്താക്കളെയും എത്തിക്കുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യം. മേളയിൽ കൃഷി ജാഗരൺ മാധ്യമപങ്കാളിയായി.
12. ഓരുനിലം ഫലഭൂയിഷ്ഠമാക്കാനുള്ള പരീക്ഷണത്തിൽ വിജയം കണ്ടെത്തി ഒമാനിലെ ഗവേഷകസംഘം. സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി, ഒമാന്‍ ഷെല്‍,ഷെല്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫോറസ്ട്രി എന്നിവയാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്. പ്രത്യേക വളം ഉപയോഗിച്ച് ഓരുനിലം വീണ്ടെടുക്കാനുള്ള ഗവേഷണത്തിന്റെ രണ്ട് ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. മണ്ണില്‍ അമ്ലീകരണം നടത്തി ലവണത്തിന്റെയും സോഡിയത്തിന്റെയും അംശമുള്ള മണ്ണിനെ കൃഷിക്ക് അനുകൂലമാക്കി മാറ്റുകയാണ് പഠനത്തിന്റെ ലക്ഷ്യം.
13. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതിന്റെ ഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.