1. News

ക്ഷേമപെൻഷൻ വിതരണം മുന്നോട്ട്: 3,200 രൂപ വീതം 50.53 ലക്ഷം പേർക്ക്

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത നൽകാനൊരുങ്ങി കേരള സർക്കാർ. 5.21 ലക്ഷം തൊഴിലാളികൾക്ക് 1,000 രൂപ വീതമാണ് നൽകുന്നത്. 100 പ്രവൃത്തിദിനം പൂർത്തിയാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെയും, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെയും തൊഴിലാളികൾക്കാണ് തുക ലഭിക്കുക.

Darsana J

1. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത നൽകാനൊരുങ്ങി കേരള സർക്കാർ. 5.21 ലക്ഷം തൊഴിലാളികൾക്ക് 1,000 രൂപ വീതമാണ് നൽകുന്നത്. 100 പ്രവൃത്തിദിനം പൂർത്തിയാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെയും, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെയും തൊഴിലാളികൾക്കാണ് തുക ലഭിക്കുക. തുടർച്ചയായ ആറാം വർഷമാണ് കേരള സർക്കാർ ഉത്സവബത്ത അനുവദിക്കുന്നത്. കൂടാതെ സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും, ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്ത ഇനത്തിൽ 2,750 രൂപയും നൽകുമെന്ന് ധനമന്ത്രി കെ. ബാലഗോപാൽ അറിയിച്ചു.

2. ഓണത്തിന് മുന്നോടിയായി ആരംഭിച്ച ക്ഷേമപെൻഷൻ വിതരണം മുന്നോട്ട്. 3,200 രൂപ വീതം 50.53 ലക്ഷം പേർക്കാണ് പെൻഷൻ ലഭ്യമാക്കുക. ഇതിനായി 1,749.73 കോടി രൂപ അനുവദിച്ചു. 6.52 ലക്ഷം പേർക്കുള്ള ക്ഷേമനിധി പെൻഷൻ വിതരണത്തിനായി 210.67 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിനകം സംസ്ഥാനത്ത് മുഴുവൻ പേർക്കും പെൻഷൻ ലഭ്യമാക്കാനാണ് സർക്കാർ തീരുമാനം. വാർധക്യ പെൻഷനായി 28 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. കർഷക തൊഴിലാളികൾ, ഭിന്നശേഷി, വിധവ, അവിവാഹിതരായ 50 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവരാണ് മറ്റ് വിഭാഗക്കാർ. 119 സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ വിതരണം നടക്കുക.

3. തമിഴ്നാട്ടിൽ നിന്നെത്തുന്ന പച്ചക്കറികളിൽ അപകടകരമായ രാസകീടനാശിനിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതായി കൃഷിമന്ത്രി പി. പ്രസാദ്. ഇക്കാര്യത്തിൽ തമിഴ്നാട് സർക്കാരിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് പി. പ്രസാദ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് ആവശ്യപ്പെട്ടു. ഭക്ഷ്യമന്ത്രി ജി.ആർ അനിലിനോടൊപ്പം മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോഴാണ് കൃഷിമന്ത്രി ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. നിരവധി പച്ചക്കറികളിൽ നിരോധിത കീടനാശിനികളുടെ സാന്നിധ്യം കൂടിയ തോതിൽ കണ്ടെത്തിയിട്ടുണ്ടെന്നും കർഷകർക്ക് കൃത്യമായ ബോധവൽക്കരണം നടത്തണമെന്നും ആവശ്യപ്പെട്ടതായി കൃഷിമന്ത്രി അറിയിച്ചു.

4. കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറി ജീവനക്കാർക്കും ബോണസ് നൽകുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. 20 ശതമാനം ബോണസും 9,500 രൂപ ഓണം ബോണസ് അഡ്വാൻസും നൽകാനാണ് തീരുമാനം. കശുവണ്ടി വ്യവസായ ബന്ധ സമിതിയിലാണ് ബോണസ് നൽകാൻ തീരുമാനമായത്. 2023 ജനുവരി 31ന് മുമ്പ് തുക തൊഴിലാളികൾക്ക് ലഭിക്കും. മാസശമ്പളക്കാരായ കശുവണ്ടി തൊഴിലാളികൾക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാൻസ് ബോണസായി സെപ്തംബർ മൂന്നിനകം നൽകുമെന്നും മന്ത്രി അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: റേഷൻ വിതരണത്തിനായി 51.56 കോടി രൂപ കേരളത്തിന് അനുവദിച്ച് കേന്ദ്രം

5. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം പദ്ധതി ആരംഭിച്ച ശേഷം ടെക്സ്റ്റൈൽ മേഖലയിൽ ആരംഭിച്ചത് 6,000 സംരംഭങ്ങൾ. 250 കോടിയുടെ നിക്ഷേപവും 12,000 തൊഴിലവസരവും മേഖലയിൽ സൃഷ്ടിക്കാൻ സാധിച്ചതായി വ്യവയാസ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു.

6. ലഹരി ഉപയോഗത്തിനെതിരെ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാനൊരുങ്ങി കേരള സർക്കാർ. ലഹരി ഉപയോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2ന് നടക്കും. ഉദ്ഘാടന ദിവസം എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക ക്ലാസും പി.ടി.എ യോഗങ്ങളും സംഘടിപ്പിക്കും. യുവതീ-യുവാക്കൾ, കുടുംബശ്രീ പ്രവര്‍ത്തകര്‍, സമുദായ സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാമൂഹ്യ - സാംസ്‌കാരിക -രാഷ്ട്രീയ കൂട്ടായ്മകള്‍ തുടങ്ങി വിവിധ പ്രാദേശിക കൂട്ടായ്മകളെ ക്യാമ്പയിനില്‍ ചേർക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

7. “ഓണത്തിന് ഒരു കൊട്ട പൂവ്” പൂകൃഷി പദ്ധതിക്കൊപ്പം ചേർന്ന് പോർക്കുളം ഗ്രാമ പഞ്ചായത്ത്. ഓരോ വാർഡിൽ നിന്നും 500 കിലോയോളം പൂക്കളാണ് വിളവെടുത്തത്. കൃഷിഭവനിൽ നിന്ന് 15,000 ചെണ്ടുമല്ലി തൈകൾ കൃഷിക്കായി വിതരണം ചെയ്തിരുന്നു. ഓരോ കുടുംബശ്രീ അംഗത്തിന്റെയും വീടുകളിൽ തൊഴിലുറപ്പ് തൊഴിലാളികൾ മുഖേന തൈകൾ നട്ടാണ് കൃഷി ആരംഭിച്ചത്. പദ്ധതി പ്രകാരം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പുഷ്പ കൃഷി ആരംഭിച്ചിരുന്നു. പദ്ധതിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണൻ നിർവഹിച്ചു.

8. തീറ്റപ്പുൽകൃഷിയിൽ പരിശീലനം നടത്തുന്നു. കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ പരിശീലനം സംഘടിപ്പിക്കും. താൽപര്യമുള്ളവർ 20 രൂപ രജിസ്ട്രേഷൻ ഫീസിനൊപ്പം ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കണം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രാക്കൂലിയായി 100 രൂപയും പ്രതിദിനബത്ത 150 രൂപയും ലഭിക്കും.

9. പഴം-പച്ചക്കറി വിളവെടുപ്പാനന്തര പരിചരണത്തിൽ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം നടക്കുക. എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ നാളെ രാവിലെ 11 മണിക്ക് പരിശീലനം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പറില്‍ ബന്ധപ്പെടാം.

10. ഇന്ത്യയിൽ ഈ വർഷം ഭക്ഷ്യോൽപാദനം കുറയുമെന്ന് കേന്ദ്ര കൃഷിമന്ത്രാലയം. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് നെല്ലിൻറെയും മറ്റ് ധാന്യങ്ങളുടെയും വിളവിൽ വന്ന ഇടിവാണ് കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഖാരിഫ് വിളകളുടെ ഉൽപാദനത്തിൽ ഒന്നര ശതമാനം കുറവ് സംഭവിച്ചതായും, അരിയുടെ ഉൽപാദനത്തിൽ 15 ശതമാനം വരെ കുറവ് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. ഗോതമ്പിൻറെ വിലയിൽ 12 ശതമാനം വർധനവും, അരി വിലയിൽ 6.2 ശതമാനം വർധനവും ഉണ്ടായതായി മന്ത്രാലയം വ്യക്തമാക്കി.

11. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്. തമിഴ്നാടിന് മുകളിൽ നിലനിൽക്കുന്ന അന്തരീക്ഷ ചുഴിയാണ് മഴയ്ക്ക് കാരണം. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

English Summary: Welfare pension distribution: Rs 3,200 each to 50.53 lakh people

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters