കണ്ണൂർ: കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക‌്ഷന‌് -സ്ഥലപരിധി ബാധകമാക്കേണ്ടെന്ന‌് വൈദ്യുതി റെഗുലേറ്ററി കമീഷൻ നിർദേശം.
ഇത‌് പരിമിതമായ സ്ഥലത്ത‌് കൃഷിചെയ്യുന്ന ഒട്ടേറെ പേർക്ക‌് ആശ്വാസം പകരും. പ്രാഥമിക ക്ഷീരസംഘങ്ങൾക്ക‌് കാർഷിക താരിഫിൽ വൈദ്യുതി നൽകാനും നിർദേശമുണ്ട‌്. കാർഷിക താരിഫിൽ വൈദ്യുതി കണക‌്ഷന‌് വിളകൾക്ക‌് നിശ‌്ചിത അളവിൽ ഭൂമി ഉണ്ടാകണമെന്നാണ‌് നേരത്തെയുള്ള നിബന്ധന.
കാർഷിക വിളകളാണെങ്കിൽ കുറഞ്ഞത് 30 സെന്റ്, പച്ചക്കറി തോട്ടത്തിന‌് പത്ത‌് സെന്റ്, വെറ്റില കൃഷി അഞ്ച‌് സെന്റ് എന്നിങ്ങനെയാണ‌് വൈദ്യുതി അനുവദിക്കുന്നതിനുള്ള സ്ഥലപരിധി.
നിശ‌്ചിത സ്ഥലം വേണമെന്ന നിഷ‌്കർഷയുള്ളതിനാൽ വൻകിട കൃഷിക്കാർക്കുമാത്രമേ കാർഷിക താരിഫ‌് ആനുകൂല്യം ലഭിക്കുന്നുള്ളൂ. ഗാർഹിക, വാണിജ്യ താരിഫിൽ കണക‌്ഷനെടുത്താണ‌് മിക്കവരും കൃഷിക്കുള്ള ജലസേചനം നടത്തുന്നത‌്.
വീടിനോട‌് ചേർന്ന സ്ഥലമാണെങ്കിലേ ഗാർഹിക താരിഫിലുള്ള വൈദ്യുതിയിൽ കൃഷിക്ക‌് നനയ‌്ക്കാനാവു. പമ്പ‌് ഹൗസ‌് പ്രത്യേകമായി പണിതതാണെങ്കിൽ നിശ‌്ചിത അളവിൽ സ്ഥലമില്ലാത്തവർക്ക‌് വാണിജ്യ താരിഫാണ‌് ലഭിക്കുക.
കാർഷിക താരിഫിൽ പത്തുരൂപ ഫിക‌്സഡ‌് നിരക്കും എനർജി നിരക്ക‌് യൂണിറ്റിന‌് 2.30 മുതലുമാണെങ്കിൽ വാണിജ്യ താരിഫിൽ 70 രൂപ ഫിക‌്സഡ‌് നിരക്കും യൂണിറ്റിന‌് ആറു രൂപ മുതലും നൽകണം. ഗാർഹിക കണക‌്ഷന‌് എനർജി ചാർജ‌് യൂണിറ്റിന‌് നാലുരൂപ മുതലാണ‌് നിരക്ക‌്.
സ്ഥലപരിമിതിയാൽ കാർഷിക കണക‌്ഷൻ ല്യമാകാതിരുന്ന ഒട്ടനവധി പേർക്ക് വൈദ്യുതി റെഗുലേറ്ററി കമീഷൻ നിർദേശം നേട്ടമാവും. നിലവിൽ ഏതെങ്കിലും താരിഫിൽ ഇത്തരം കണക‌്ഷൻ എടുത്തവർക്കും താരിഫ് മാറ്റത്തിനുള്ള അപേക്ഷ നൽകി ഈ ആനുകൂല്യം ഉറപ്പാക്കാനാകും.
അതേസമയം, ഇത‌് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്ന‌് വൈദ്യുതി വകുപ്പ‌് ഉദ്യോഗസ്ഥർ പറയുന്നു. ഡെയ‌്റി ഫാമുകൾ, കോഴിഫാമുകൾ, വിവിധ നേഴ‌്സറികൾ, സെറികൾച്ചർ യൂണിറ്റുകൾ, മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി തുടങ്ങിയവയ‌്ക്കും കാർഷിക താരിഫ‌് നൽകുന്നതിന‌് നിർദേശമുണ്ട‌്. യൂണിറ്റിന‌് 2.80 രൂപ നിരക്കിലാണിത‌്. പ്രാഥമിക ക്ഷീരസംഘങ്ങൾ, പാൽ വിൽപനകേന്ദ്രങ്ങൾ, പാലുൽപന്ന നിർമാണ യൂണിറ്റുകൾ തുടങ്ങിയവയും താരിഫ‌് ഇളവിന്റെ പരിഗണനയിലുണ്ട‌്.
ആനുകൂല്യം
നെൽകൃഷിക്ക് ഭൂവിസ്തൃതിയുടെ പരിധിയില്ലാതെ നൽകുന്നു
5 സെന്ററിൽ കുറയാതെ വെറ്റിലക്കൃഷിക്ക്
10 സെന്ററിൽ കുറയാതെ പച്ചക്കറിക്കൃഷിക്ക്
30 സെന്ററിൽ കുറയാത്ത കൈവശ ഭൂമിയുള്ള
വരും അതിൽ 75 %ൽ കുറയാതെ കൃഷിയുള്ളവർക്കും ലഭിക്കും.
കൃഷിക്കുള്ള സൗജന്യ വൈദ്യുതി ദുരുപയോഗം ശ്രദ്ധയിൽപെട്ടാൽ കൃഷിഭവനും കെഎസ്ഇബിയും നടപടി സ്വീകരിക്കും.