അബ്ദുൾ അസിസ് 1988 ൽ തന്റെ ഭൂമിയുടെ നികുതി അടച്ചിരുന്നു.
വിദേശത്തായിരുന്നതിനാൽ പിന്നീട് നികുതി അടയ്ക്കുവാൻ കാലതാമസമുണ്ടായിട്ടുണ്ട്.
2017 ൽ വസ്തുവിന്റെ ബാധ്യതാ സർട്ടിഫിക്കറ്റ് സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും എടുത്തപ്പോൾ യാതൊരുവിധത്തിലുള്ള വസ്തു കൈമാറ്റവും ബാധ്യത സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിട്ടില്ല. എന്നാൽ വില്ലേജ് ഓഫീസർ വാക്കാൽ അറിയിച്ചത് സർവ്വേ അദാലത്തിലെ തീരുമാനപ്രകാരം ടി വസ്തു മറ്റൊരാളുടെ തണ്ടപ്പേരിലേക്ക് മാറ്റപ്പെട്ടുവെന്നും ആയതുകൊണ്ട് നികുതി സ്വീകരിക്കുവാൻ സാധിക്കുകയില്ലെന്നുമാണ്.
Transfer of Registry Rules, 1966, Section 2 അനുസരിച്ച് പോക്കുവരവ് രജിസ്റ്ററിൽ മാറ്റം രേഖപ്പെടുത്തുന്നത് മൂന്ന് രീതിയിൽ മാത്രമാണ്.
1. വസ്തു ഉടമയുടെ സ്വയം ഇഷ്ടപ്രകാരം (ഇഷ്ടദാനം, വിൽപ്പന etc...)
2. കോടതി വിധി മൂലമോ, റവന്യൂ റിക്കവറിയുടെ ഭാഗമായോ
3.പിന്തുടർച്ചാവകാശം മൂലം
Kerala Survey and Boundaries Act, 1961 പ്രകാരം സർവ്വേ അല്ലെങ്കിൽ റീസർവ്വേ അധികാരികൾക്ക് വസ്തു അളക്കുമ്പോൾ ഏതെങ്കിലും തരത്തിൽ വസ്തുവിന്റെ വിസ്തീർണ്ണത്തിൽ വ്യത്യാസമുണ്ടെങ്കിൽ അത് രേഖകളിൽ രേഖപ്പെടുത്താമെന്നല്ലാതെ,തണ്ടപ്പേർ അക്കൗണ്ടിൽ തിരുത്തൽ വരുത്തുവാനോ, കൂട്ടിച്ചേർക്കൽ നടത്തുവാനോ ഉള്ള അധികാരമില്ല.
അങ്ങനെ ഏതെങ്കിലും രീതിയിലുള്ള വ്യത്യാസപ്പെടുത്തൽ തണ്ടപ്പേർ അക്കൗണ്ടിൽ റീസർവേ അധികാരികൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് നിയമ വിരുദ്ധമാണ്.
ആയതുകൊണ്ട് അബ്ദുൾ അസീസിന്റെ ഭൂനികുതി സ്വീകരിക്കുവാൻ വില്ലേജ് ഓഫീസർ ബാധ്യസ്ഥനാണ്.