സമ്പാദിച്ചു തുടങ്ങുമ്പോൾ തന്നെ അതിൽ നിന്നൊരു ഭാഗം ഭാവിയിലേക്കായി മാറ്റി വയ്ക്കുന്നതാണ് നല്ലത്. മാറ്റി വച്ചാല്‍ മാത്രം പോരാ, അത് ബുദ്ധിപരമായി നിക്ഷേപിക്കുകയും വേണം.
സാമ്പത്തിക അച്ചടക്കവും, വിവേകപൂര്‍ണമായ സാമ്പത്തിക ആസൂത്രണവും വഴി ഭാവിയില്‍ സമ്പത്തുണ്ടാക്കാൻ കഴിയും.
ഓഹരി വിപണി
ഓഹരി വിപണി നിക്ഷേപ രീതികളെക്കുറിച്ചും അവയുടെ നേട്ടങ്ങളും മറ്റ് സാങ്കേതികത്വങ്ങളുമൊക്കെ പഠിച്ചെടുക്കുവാന്‍ അന്വേഷണ കുതുകികളായ, നിക്ഷേപ തത്പരരായ ആര്‍ക്കും സാധിക്കും. എന്നാല്‍ അവ പ്രയോഗത്തില്‍ വരുത്തുവാനും ശരിയായ പ്രവര്‍ത്തനങ്ങളിലൂടെ വിജയത്തിലെത്തുവാനും പരിചയ സമ്പത്തും അനുഭവങ്ങളും തീര്‍ച്ചയായും ആവശ്യമാണ്. ഇത് പെട്ടെന്ന് സംഭവിക്കുകയുമില്ല. ഏറെ സമയം ആവശ്യപ്പെടുന്ന ഒരു പ്രക്രിയ ആണത്. ഓഹരി നിക്ഷേപത്തില്‍നിന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം എടുക്കേണ്ട പ്രായം എന്നത് 35 മുതല്‍ 45 വയസ്സാണ്.
ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ഓഹരി വിപണിയില്‍ നിങ്ങള്‍ എപ്പോള്‍ പ്രവേശിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ നേട്ട സാധ്യതകളും അവസരങ്ങളുമുള്ളത്. വിപണി താഴ്ന്നിരിക്കുന്ന അവസരങ്ങളില്‍ നിക്ഷേപം നടത്തുകയും ഉള്ള നിക്ഷേപം ആവറേജ് ചെയ്യുകയും ചെയ്യുക. നിക്ഷേപിക്കാനായി വിപണിയുടെ ഏറ്റവും താഴ്ന്ന നിലവാരത്തിനായി കാത്തിരിക്കരുത്. അതുപോലെ ലാഭമെടുക്കാന്‍ ഏറ്റവും ഉയരത്തിനായും കാത്തിരിപ്പ് വേണ്ട. പകരം എത്രയും പെട്ടെന്നു നിക്ഷേപം ആരംഭിക്കുക. അവസരങ്ങള്‍ കിട്ടുമ്പോള്‍ ആവറേജിങ് നടത്തുക. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാനുള്ള ഒരേ ഒരു മാര്‍ഗം അതാണ്.
സാമ്പത്തിക ആസൂത്രകന്റെ സഹായം തേടുക
ഓഹരിയിലൂടെ നേട്ടമുണ്ടാക്കാന്‍ സമയവും വൈദഗ്ധ്യവും ഇല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് വഴിനിക്ഷേപിക്കുക. മ്യൂച്വല്‍ ഫണ്ടില്‍ ഒന്നിച്ച് ഒരു തുക നിക്ഷേപിക്കുന്നതിനൊപ്പം ഒരു എസ്‌ഐപിയില്‍ (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) കൂടി ചേരുക. അതു വഴി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ഫലം ഉറപ്പാക്കാം. വൈവിധ്യവത്ക്കരണമാണ് നിക്ഷേപത്തില്‍ നിന്നും പരമാവധി നേട്ടമുണ്ടാക്കാനുള്ള വഴി. അടിസ്ഥാനപരമായ അറിവുകള്‍ മാത്രം വച്ച് നിക്ഷേപത്തിന് ഇറങ്ങാതിരിക്കുന്നതാണ് അഭികാമ്യം. അത്തരക്കാര്‍ക്ക് പരാജയങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതകള്‍ ഏറെയാണ്. നിക്ഷേപം നടത്തുന്നതിന് ഒരു ഫിനാന്‍ഷ്യല്‍ പ്ലാനറുടെ സഹായം തേടുക എന്നതാണ് ഇത് മറി കടക്കുവാനുള്ള മാര്‍ഗം. നിശ്ചിത സമയങ്ങളില്‍ കൃത്യമായി സാമ്പത്തിക ആസൂത്രകനുമായി ബന്ധപ്പെട്ട് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുക.
വരവ് ചിലവുകള്‍ എഴുതി സൂക്ഷിക്കുക
ഒരു ലക്ഷം നിശ്ചയിച്ച് അതിലേക്ക് എത്തുവാന്‍ പ്രയത്നിക്കുക എന്നതാണ് ശരിയായ രീതി. നിശ്ചയിച്ച ലക്ഷ്യത്തിലേക്ക് എത്തുവാനുള്ള ആസൂത്രണം കൃത്യമായി നടത്തുക. അതിനായി നിങ്ങളുടെ വരുമാനം, ചിലവുകള്‍ മറ്റ് ബാധ്യതകള്‍ തുടങ്ങിയവ എഴുതി വച്ച് വ്യക്തമായി വിശകലനം ചെയ്യുുക. വരവും ചിലവും കൃത്യമായി എഴുതി സൂക്ഷിക്കുക തന്നെ വേണം. അതിനെ അടിസ്ഥാനമാക്കിയായിരിക്കണം എല്ലാ ആസൂത്രണങ്ങളും പദ്ധതികളും തയ്യാറാക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും.
എമര്‍ജന്‍സി ഫണ്ട്
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എമര്‍ജന്‍സി ഫണ്ട് ആണ്. അപ്രതീക്ഷിതമായ ഏതെങ്കിലും സാഹചര്യത്താല്‍ നിങ്ങളുടെ വരുമാനം നിലയ്ക്കുന്ന ഒരു അവസ്ഥ വരികയാണെങ്കില്‍ ഉപയോഗിക്കുവാനുള്ള തുകയാണിത്. നിങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുകയോ, നിങ്ങള്‍ക്ക് തൊഴിലെടുക്കുവാന്‍ സാധിക്കാത്ത നില വരികയോ അങ്ങനെ സാഹചര്യം എന്തുമാകാം. അത്തരം സമയങ്ങളില്‍ മറ്റൊരാളുടെ മുന്നില്‍ ചെന്ന് കൈനീട്ടാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ എമര്‍ജന്‍സി ഫണ്ട് വഴി നിങ്ങള്‍ക്ക് സാധിക്കും. ഒരു വര്‍ഷത്തേക്കുള്ള നിങ്ങളുടെ ആകെ ചിലവ് കണക്കാക്കിയാണ് എമര്‍ജന്‍സി ഫണ്ട് വകയിരുത്തേണ്ടത്. ചുരുങ്ങിയത് ആറ് മാസത്തേക്കുള്ള ചിലവിന്റെ തുകയെങ്കിലും നിര്‍ബന്ധമായും കരുതേണ്ടതുണ്ട്.
ഇന്‍ഷുറന്‍സ് കവറേജ്
ഇന്‍ഷുറന്‍സാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഏതൊരു നിക്ഷേപ പദ്ധതികളിലേക്കും ചുവട് വയ്ക്കും മുമ്പ് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും മതിയായ തുകയുടെ ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് കവറേജുകള്‍ എടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ജീവിതത്തിലെ എല്ലാ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും വേണ്ടി ആസൂത്രണം നടത്തി മുന്നോട്ട് പോകേണ്ടതുണ്ട്. എത്ര നേരത്തേ ആസൂത്രണം തുടങ്ങുന്നോ അത്രയും നല്ലത്.
പണപ്പെരുപ്പവും മനുഷ്യന്റെ ഉയരുന്ന ആയുര്‍ദൈര്‍ഘ്യവും പരിഗണിച്ച് വേണം റിട്ടയര്‍മെന്റ് സമ്പാദ്യം ആസൂത്രണം ചെയ്യേണ്ടത്.