നമുക്ക് ഏകദേശം 9 കാര്യങ്ങൾ ചൂണ്ടിക്കാട്ടാം
1.മണ്ണിന്റെ അമിതമായ അമ്ലത്വം
2.നീർവാർച്ചക്കുറവ്
3.നീണ്ടുനിൽക്കുന്ന വരൾച്ച
4.ജനിതക വൈകല്യങ്ങൾ
5.മൂലകങ്ങളുടെ അപര്യാപ്തത
6.യഥാസമയം പരാഗണം നടക്കാതിരിക്കുക
7.ഹോർമോൺ തകരാറുകൾ
8.മണ്ഡരിയടക്കമുള്ള കീടബാധ
9.പൂപ്പൽ രോഗങ്ങൾ
നമ്മൾ എത്ര ശ്രമിച്ചാലും 10% - 40 % മച്ചിങ്ങകൾ മാത്രമേ തേങ്ങയായിത്തീരുകയുള്ളു. എല്ലാ മാസവും ഓരോ പൂക്കുലകൾ തെങ്ങിൽ വിരിയുന്നുണ്ട്. അവയിൽ ശരാശരി 10 തേങ്ങകളെങ്കിലും വിളവെടുക്കാൻ കഴിഞ്ഞാൽ വിജയിച്ചു. അതിനുവേണ്ടി എന്തൊക്കെ ചെയ്യണം?
1. മണ്ണിന്റെ പുളിപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി മെയ് മാസത്തിൽ തെങ്ങിൻതടത്തിൽ ഒരു കിലോ കുമ്മായം ചേർക്കണം.
2. ജൂൺ-ജൂലായ് മാസങ്ങളിൽ 25 കിലോഗ്രാം ജൈവ വളങ്ങൾ (5 കിലോഗ്രാം വേപ്പിൻ പിണ്ണാക്കടക്കം) ഒരു തെങ്ങിന് ചേർത്തു കൊടുക്കാം.
3. വർഷത്തിൽ രണ്ടുതവണയായി (ഏപ്രിൽ-മെയ്, സെപ്റ്റംബർ-ഒക്ടോബർ) ഒന്നേകാൽ കിലോ യൂറിയ, 2 കിലോഗ്രാം റോക്ക് ഫോസ്ഫേറ്റ്, 2 കിലോഗ്രാം പൊട്ടാഷ് എന്നിവ ചേർത്ത് നൽകാം.
4. ഡിസംബർ മുതൽ മെയ് മാസം വരെ 5 ദിവസം കൂടുമ്പോൾ 500 ലിറ്റർ വെള്ളം ഉപയോഗിച്ച് നനയ്ക്കാം.
5. ആഗസ്റ്റ് , സെപ്റ്റംബർ മാസത്തിൽ 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റ്, 100ഗ്രാം ബോറാക്സ് എന്നിവ ചേർത്തു നൽകാം.
രോഗവ്യാപനം
സങ്കരണം നടക്കുന്നതിനു മുമ്പും പിന്‍പും ഉണ്ടാകുന്ന വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചില്‍ തെങ്ങുകൃഷിയിലെ ഒരു സാധാരണ രോഗമാണ്. ഈ രോഗം തെങ്ങുകൃഷി ചെയ്യുന്ന മിക്കയിടങ്ങളിലും വ്യാപകമാണെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കാണപ്പെടാറുണ്ട്. മൂലകങ്ങളുടെ അഭാവം, പോഷക നിലയിലുള്ള വ്യത്യാസം, കാലാവസ്ഥ, രോഗ-കീട ആക്രമണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചില്‍ ഉണ്ടാകാം.
രോഗഹേതു
ജനിതക കാരണങ്ങള്‍, പോഷകങ്ങളുടെ അസന്തുലിതാവസ്ഥ അല്ലെങ്കില്‍ കുറവ്, പരാഗണക്കുറവ്, രോഗ-കീട ആക്രമണം, പ്രതികൂല കാലാവസ്ഥ തുടങ്ങിയവ കാരണങ്ങളാണ്. വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചില്‍ ഉണ്ടാക്കുന്ന പ്രധാന കുമിളുകള്‍ 'ലാസിയോഡിപ്ലോഡിയ തിയോബ്രോമെ', 'ഫൈറ്റോഫ്തോറ പാല്‍മിവോറ' എന്നിവയാണ്.
രോഗലക്ഷണങ്ങള്‍
ലാസിയോഡിപ്ലോഡിയ തിയൊബ്രോമെ
വെള്ളക്ക (മച്ചിങ്ങ)യുടെ ഞെട്ട് ഭാഗത്ത് കടും ചാരനിറമോ അല്ലെങ്കില്‍ തവിട്ടുനിറമോ ഉള്ള വളഞ്ഞുപുളഞ്ഞ അരികുകളോടുകൂടിയ പാടുകള്‍/മുറിവുകള്‍ കാണാം.വെള്ളക്ക (മച്ചിങ്ങ) പരിശോഷിക്കുകയും, ചുരുങ്ങി രൂപമാറ്റം വന്ന് കൊഴിഞ്ഞുപോവുകയും ചെയ്യും. ഈ രോഗം വര്‍ഷത്തില്‍ എല്ലാ സമയവും ബാധിക്കാമെങ്കിലും വരണ്ട പ്രദേശങ്ങളിലാണ് കൂടുതലായി കാണുന്നത്.
ഫൈറ്റോഫ്തോറ പാല്‍മിവോറ
വെള്ളക്ക (മച്ചിങ്ങ)യുടെ ഉപരിതലത്തിലായി വെള്ളം കെട്ടിനില്‍ക്കുന്ന പാടുകള്‍/മുറിവുകള്‍ കാണാം. ഇങ്ങനെയുള്ള മുറിവുകള്‍ തവിട്ടു നിറമായി വെള്ളക്ക (മച്ചിങ്ങ) കുലയില്‍ നിന്നും കൊഴിഞ്ഞുപോകുന്നു.കുമിള്‍ബാധ കൂടുതലായി മഴക്കാലത്ത് ഉയര്‍ന്ന ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ് കാണുന്നത്.
നിയന്ത്രണം
ഫൈറ്റോഫ്തോറ പാല്‍മിവോറ കാലവര്‍ഷത്തിനു മുമ്പേ മണ്ടവൃത്തിയാക്കല്‍ നടത്തുകയും രോഗം വരാതിരിക്കാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിച്ച് കുലകളില്‍ തളിച്ചുകൊടുക്കുകയും വേണം.കാലവര്‍ഷത്തിനുമുമ്പായി കൂമ്പുചീയല്‍ ബാധിച്ചു നശിച്ചുപോയ തെങ്ങുകള്‍ കൃഷിയിടത്തില്‍ നിന്നും വെട്ടിമാറ്റി കത്തിച്ചുകളയുക.
ലാസിയോഡിപ്ലോഡിയ തിയോബ്രോമെ
രോഗം ബാധിച്ച തെങ്ങുകളിലെ കുലകളില്‍ 0.3 ശതമാനം വീര്യമുള്ള കാർബണ്ടാസിം (50 WP) തളിച്ചു കൊടുക്കുക.ജൈവ കൃഷിയില്‍ 10% വീര്യമുള്ള വെളുത്തുള്ളിസത്ത് തളിച്ചു കൊടുക്കാം.
മച്ചിങ്ങയുടെ ആരോഗ്യത്തിനും കൂടുതൽ തേങ്ങ പിടിക്കാനും കറിയുപ്പ്
കറിയുപ്പു ചേർക്കുക വഴി തെങ്ങിൽ കൂടുതൽ വെള്ളയ്ക്ക ഉണ്ടാവുകയും അവ പുഷ്ടിയോടെ വളരുകയും ചെയ്യുന്നു . കൂടാതെ തെങ്ങു കൃഷിയിലെ ലാഭ നഷ്ടങ്ങൾ നിശ്ചയിക്കുന്ന പ്രധാന ഘടകമായ കൊപ്രയുടെ അളവ് പരമാവധി കൂട്ടാനും ഇതു സഹായിക്കുന്നു .
തെങ്ങിന് നൽകേണ്ട കറിയുപ്പിന്റെ അളവ്
കൃഷിടങ്ങളിൽ തെങ്ങിൻ തെകൾക്ക് നടുന്ന സമയത്ത് 100 ഗ്രാം , നട്ട് ആറു മാസത്തിനു ശേഷം 150 ഗ്രാം വീതം ഉപ്പ് നല്കും . ഒരു വർഷം കഴിഞ്ഞാൽ 500 ഗ്രാമും രണ്ടാം വർഷം 750 ഗ്രാമും വീതം നല്കാം . മൂന്ന് നാല് വർഷങ്ങളിൽ യഥാക്രമം 1.10 , 1.30 കിലോ ഗ്രാം വീത വും ഉപ്പിടുന്നു . അഞ്ചു വർഷം കഴിഞ്ഞാൽ ഓരോ തെങ്ങുകൾക്കും വർഷം തോറും ഒന്നര കിലോഗ്രാമും ഉപ്പ് വളമായി നല്കാവുന്നതാണ്
തെങ്ങിന് ഉപ്പു വളമായി നൽകേണ്ട വിധം
മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത വളമാണ് കറിയുപ്പ് . തെങ്ങിൻ തൈ നടുന്ന സമയം മുതൽ കറിയുപ്പ് ചേർത്തു കൊടുക്കാം . തെങ്ങിനു നല്കുന്ന കറിയുപ്പിന്റെ അളവ് ഏറ്റവും കൃത്യമായി പാലിക്കപ്പെടേണ്ടതാണ് . വില കുറഞ്ഞ വളമെന്നു കരുതി കൂടുതൽ ചേർത്തുകൊടുത്താൽ ഗുണത്തേക്കാൾ ഏറെ തെങ്ങിനു ദോഷമാണെന്ന കാര്യവും മറക്കരുത് .കായ്ക്കുന്ന തെങ്ങ് ഒന്നിന് തടം തുറന്ന് ഒരു കിലോഗ്രാം കറിയുപ്പ് മഴക്കാലത്താണ് നൽകേണ്ടത് . തെങ്ങിനു ചുറ്റും തടം തുറന്ന് അതിൽ ജൈവ വളങ്ങളും മറ്റു രാസവളങ്ങളും ചേർക്കുന്നതിന് രണ്ടാഴ്ച മുമ്പേ കറിയുപ്പും ചേർത്തു കൊടുക്കാം . എന്നാൽ പുളിരസം കൂടിയ നമ്മുടെ നാട്ടിലെ മണ്ണിൽ കുമ്മായമോ ഡോളോമൈറ്റോ ചേർത്ത് അമ്ലത്വം കുറച്ചിട്ടു വേണം കറിയുപ്പും മറ്റു വളങ്ങളും നൽകാൻ . ഇതിനായി തെങ്ങ് ഒന്നിന് ഒരു കിലോഗ്രാം കുമ്മായമോ ഡോളോ മൈറ്റോ ചേർത്തു കൊടുക്കേണ്ടതാണ് .
മണ്ണിൽ നല്ല ഈർപ്പം ഉള്ളപ്പോൾ മാത്രമേ കറിയുപ്പു ചേർക്കാൻ പാടുള്ളൂ . ഈർപ്പമില്ലാത്ത മണ്ണിൽ കറിയുപ്പു ചേർത്താൽ അത് ദോഷ കരമായി ഭവിക്കും . വേരുഭാഗത്ത് ഉപ്പിന്റെ അംശം അടിഞ്ഞു കൂടുകയും മണ്ണിൽ നിന്നു സുഗമമായി വളവും വെള്ളവും വലിച്ചെടുക്കുന്നതിന് ഇതു തടസ്സമാകുകയും ചെയ്യും തെങ്ങിൻ തടത്തിൽ പുറം പകുതിയിലായി വേണം കറിയുപ്പു വിതറേണ്ടത് . അതായത് ചുവട്ടിൽ നിന്ന് 30 സെന്റി മീറ്റർ വിട്ട് ബാക്കി സ്ഥലത്ത് ഉപ്പു വിതറിയശേഷം തടത്തിന്റെ അരികിൽ നിന്ന് മണ്ണ് കിളച്ചിട്ട് മൂടണം . കേരള കാർഷിക സർവ്വകലാശാലയും ഇതെക്കുറിച്ചു നടത്തിയ പഠനങ്ങളിൽ കറിയുപ്പ് തെങ്ങിന് നൽകാൻ ശിപാർശ ചെയ്തിട്ടുണ്ട് . ചെങ്കൽ പ്രദേശങ്ങളിൽ തെങ്ങ് ഒന്നിന് വർഷം തോറും ഒരു കിലോഗ്രാം കറിയുപ്പു നൽകുന്നതു വഴി തോട്ടങ്ങളിൽ പൊട്ടാഷ് അടങ്ങിയ വളത്തിന്റെ അളവ് 50 ശതമാനമായി കുറയ്ക്കാമെന്നും കാർഷിക സർവകലാശാലയുടെ പഠനങ്ങൾ പറയുന്നു.