1. ആന്ധ്രയിൽ നിന്നുള്ള ഇറക്കുമതി നിലച്ചതോടെ കേരളത്തിൽ അരിവില ഉയരുന്നു. 6 മാസം കൂടി അരിവില ഉയർന്ന് നിൽക്കുമെന്ന് മില്ലുടമകൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ആന്ധ്രയിലെ നെൽകൃഷി വിളവെടുപ്പ് മുടങ്ങിയിരുന്നു. തുടർന്നാണ് ഇറക്കുമതി നിലച്ചത്. ഇതോടെ 40 ആയിരുന്ന അരിവില 50 ആയി ഉയർന്നു. വില കുറയ്ക്കാൻ പഞ്ചാബിൽ നിന്നും നെല്ല് ഇറക്കുമതി ചെയ്യണമെന്ന് മില്ലുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു വർഷം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് 40 ലക്ഷം ടൺ അരിയാണ്. ഇതിൽ 22 ലക്ഷം ടൺ ജയ അരിയാണ്. ആന്ധ്രയിൽ നിന്നാണ് ജയ അരി എത്തുന്നത്. ഇനി അടുത്ത വർഷം മാർച്ചിലാണ് വിളവെടുപ്പ് നടക്കുക. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് മട്ട അരി എത്തുന്നത്. അടുത്ത മാസം ഇറക്കുമതി ചെയ്യുന്നതോടെ മട്ട അരിയുടെ വില കുറയുമെന്നാണ് നിഗമനം.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ പച്ചക്കറിവില കുതിച്ചുയരുന്നു..കൂടുതൽ കൃഷിവാർത്തകൾ
2. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സിയാല്‍ മാതൃകയിൽ കമ്പനി രൂപീകരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. മൂല്യവര്‍ധിത കര്‍ഷക മിഷന്റെ നടത്തിപ്പിനായി ഒരു മാസത്തിനകം കേരള അഗ്രികള്‍ച്ചറല്‍ ബിസിനസ് കമ്പനി എന്ന കാബ്കോ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ലഭ്യമാകുന്ന നടീല്‍ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി നഴ്‌സറി ആക്ട് നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും ‘കൃഷിദര്‍ശന്‍’ പരിപാടി അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. ഒക്ടോബർ രണ്ടിന് കേരളത്തിൽ ആരംഭിക്കുന്ന 'നോ ടു.. ഡ്രഗ്സ്' കാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്‍റ് സൗരവ് ഗാംഗുലി ലോഗോ ഏറ്റുവാങ്ങി. കാമ്പയിന്‍റെ ബ്രാൻഡ് അംബാസഡറാണ് സൗരവ് ഗാംഗുലി. കുട്ടികൾക്കും യുവാക്കൾക്കും മികച്ച വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും ലഭിക്കുന്നതുപോലെ നേർവഴിയ്ക്ക് നടത്തുന്നതും പ്രധാനമാണെന്ന് ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
4. തൃശൂരിലെ ചേർപ്പ് ബ്ലോക്കിൽ കയർ ഭൂവസ്ത്ര സെമിനാർ സംഘടിപ്പിച്ചു. കയർ വികസന വകുപ്പിന്റെയും തൃശൂർ കയർ പ്രോജക്ട് ഓഫീസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ‘കയർ ഭൂവസ്ത്ര പ്രയോജന സാധ്യതകൾ, കയർ ഭൂവസ്ത്ര വിതാനത്തിലെ സാങ്കേതിക വശങ്ങൾ’ എന്ന വിഷയത്തിൽ ആലപ്പുഴ ജില്ല കയർ കോപ്പറേഷൻ സെയിൽസ് മാനേജർ ആർ അരുൺ ചന്ദ്രൻ ക്ലാസുകൾ എടുത്തു.
5. ഹരിതവൽക്കരണ പ്രവർത്തനങ്ങളിൽ ബോധവൽക്കരണം ആവശ്യമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സംഘടിപ്പിച്ച ലോക ഹരിത ഉപഭോക്തൃ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വിഷാംശം കുറഞ്ഞ പച്ചക്കറികൾ ലഭ്യമാണെങ്കിലും ഇറക്കുമതി ചെയ്യുന്നവയെ കൂടുതൽ ആശ്രയിക്കുന്നത് തിരുത്തണം. മാത്രമല്ല മത്സ്യത്തൊഴിലാളികൾ കൂടുതൽ അളവിലും ഉയർന്ന സബ്‌സിഡി നിരക്കിലും മണ്ണെണ്ണ ആവശ്യപ്പെടാറുണ്ടെന്നും പരിസ്ഥിതിയ്ക്ക് ദോഷകരമായ മണ്ണെണ്ണയ്ക്ക് പകരം പെട്രോളോ ഡീസലോ സബ്‌സിഡി നിരക്കിൽ നൽകാമെന്ന് സർക്കാർ പറയുമ്പോൾ, അംഗീകരിക്കാൻ അവർക്ക് സാധിക്കാത്തതും ശീലത്തിന്റെ പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.
6. കോട്ടയത്ത് ശീതകാല പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി കാബേജ്, കോളിഫ്ളവർ എന്നിവയുടെ തൈകൾ എലിക്കുളം കൃഷി ഭവൻ വഴിയാണ് വിതരണം ചെയ്തത്. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി വിതരണം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ സൗജന്യമായി 2,000 തൈകളാണ് വിതരണം ചെയ്തത്.
7. ആലപ്പുഴയിൽ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. കരുവാറ്റ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തെറ്റിക്കളം പാടശേഖരത്തിലാണ് കീടനാശിനി തളിക്കാന്‍ തയാറാക്കിയ ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവര്‍ത്തി പരിചയവും നടന്നത്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു പരിപാടി ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം കാര്‍ഷിക മേഖലയുടെ ആധുനികവത്ക്കരണം കൂടി ലക്ഷ്യമിട്ടാണ് കിസാന്‍ ഡ്രോണുകള്‍ പ്രദർശിപ്പിച്ചത്. തെറ്റിക്കളം പാടശേഖരത്തിലെ അഞ്ച് ഹെക്ടറോളം വരുന്ന കൃഷിഭൂമിയിലാണ് ഡ്രോണ്‍ ഉപയോഗിച്ച് കീടനാശിനി തളിച്ചത്.
8. ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ വാഴമന നീർത്തട സംരക്ഷണ പദ്ധതി യാഥാർഥ്യമാകുന്നു. പദ്ധതിയുടെ അവലോകന യോഗവും പ്രഖ്യാപനവും സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂന്നുഘട്ടമായി നടപ്പാക്കുന്ന പദ്ധതി കൃഷി, ജലസേചനം, വിനോദസഞ്ചാരം, തദ്ദേശ സ്ഥാപനങ്ങൾ എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുക. ഗ്രാമപഞ്ചായത്തിലെ പ്രളയബാധിത മേഖലകളെ സംരക്ഷിക്കുക, കൃഷിനാശം തടയുക എന്നിവയാണ് പദ്ധതിയുടെ ആദ്യഘട്ട ലക്ഷ്യങ്ങൾ. മൂന്നുവർഷം കൊണ്ട് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ജൈവ നെൽകൃഷി, പച്ചക്കറികൃഷി എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം.
9. അട്ടപ്പാടിയിലെ മില്ലറ്റ് കര്‍ഷകര്‍ക്ക് കയറ്റുമതി സാധ്യതകളില്‍ പരിശീലനം നല്‍കി. അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. അതോറിറ്റി റീജണല്‍ ഹെഡ് സിമി ഉണ്ണികൃഷ്ണന്‍ ക്ലാസുകള്‍ എടുത്തു. പരിപാടിയിൽ 105 കര്‍ഷകരും ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി പ്രതിനിധികളും പാലക്കാട്, കോയമ്പത്തൂര്‍ മേഖലകളിലെ വിദഗ്ധരും പങ്കെടുത്തു. മില്ലറ്റ് ഉൽപന്നങ്ങളുടെ കയറ്റുമതി സാധ്യതകള്‍ പരിചയപ്പെടുത്തുക, ഉൽപന്നം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, കയറ്റുമതിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ എന്നിവ പരിഹരിക്കുക ലക്ഷ്യമിട്ടാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
10. പ്രതിവർഷം 17,000 ടൺ പച്ച അടക്ക ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി. 2022-23 സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ 8,500 മെട്രിക് ടൺ അടക്ക ഇറക്കുമതി ചെയ്യാനാണ് തീരുമാനം. വില നിയന്ത്രണമില്ലാതെയാണ് അടയ്ക്ക ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അടയ്ക്ക ഉൽപാദിപ്പിക്കുന്നത് കേരളം, കർണാടക, അസം എന്നീ സംസ്ഥാനങ്ങളിലാണ്. വില നിയന്ത്രണമില്ലാതെയുള്ള ഇറക്കുമതി ഇന്ത്യൻ കർഷകരെ പ്രതിസന്ധിയിലാക്കാൻ സാധ്യതയുണ്ട്.
11. കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷം അവസാനിച്ചു. വരും ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ തുടരും. ഒറീസ തീരത്ത് ന്യുനമർദം നിലനിൽക്കുന്നുണ്ടെങ്കിലും ഇത് കേരളത്തെ ബാധിക്കില്ല. തുലാവർഷം നേരത്തെ എത്തുമെന്നും സൂചനയുണ്ട്.