സർക്കാർ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും പെൻഷൻകാർക്കും ആശ്രിതർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് മെഡിസെപ്പ് പദ്ധതിയുടെ പ്രീമിയം ഉയരും. നിലവിൽ പ്രതിമാസം 300 രൂപ കണക്കിൽ ഒരുവർഷത്തേക്ക് 3,600 രൂപയാണ് നിശ്ചയിച്ചിരുന്നത്. ഇത് മാസം 400 രൂപയായി വർധിക്കും.
കാലാവധി 3 വർഷം
പദ്ധതിയുടെ കാലാവധി മൂന്നുവർഷമാണ്. മൂന്നുവിഭാഗത്തിൽപ്പെടുന്ന പരിരക്ഷയായിരിക്കും ലഭിക്കുക. ഓരോ കുടുംബത്തിനും പ്രതിവർഷം രണ്ടുലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷ ലഭ്യമാകും. അവയവമാറ്റം ഉൾപ്പെടെയുള്ള ഗുരുതരരോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് മൂന്നുവർഷക്കാലത്ത് ഒരു കുടുംബത്തിന് പരമാവധി ആറു ലക്ഷം രൂപയുടെ അധിക പരിരക്ഷയുണ്ട‌്.
പ്രതിവർഷം രണ്ടുലക്ഷം രൂപ നിരക്കിൽ ലഭിക്കുന്ന അടിസ്ഥാന പരിരക്ഷയ്ക്കു പുറമെയായിരിക്കും ഇത്. അധിക പരിരക്ഷയും ഗുരുതരരോഗ ചികിത്സാച്ചെലവിന് തികയുന്നില്ലെങ്കിൽ, ഇതിനുപുറമെ പോളിസി കാലയളവിൽ പരമാവധി ഒരുകുടുംബത്തിന് മൂന്നുലക്ഷം രൂപ വരെ ലഭ്യമാക്കും. ഇതിനായി ഇൻഷുറൻസ് കമ്പനി പ്രതിവർഷം 25 കോടി രൂപയുടെ ഒരു സഞ്ചിതനിധി രൂപീകരിക്കും.
പദ്ധതി നടത്തിപ്പിനു മൂന്ന് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളാണ് ടെൻഡർ നൽകിയത്. ഏറ്റവുംകുറഞ്ഞ വാർഷികപ്രീമിയം (4,800 രൂപ) ആവശ്യപ്പെട്ട് പദ്ധതി നടത്തിപ്പിന് സന്നദ്ധത അറിയിച്ചിരിക്കുന്നത് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ്. സർക്കാർ ഈ ടെൻഡർ അംഗീകരിച്ചാൽ 11 ലക്ഷത്തോളം ഗുണഭോക്താക്കളിൽനിന്ന് മാസം 400 രൂപവീതം ഈടാക്കണം.
ടെൻഡറിൽ പങ്കെടുത്ത മറ്റുപൊതുമേഖലാ സ്ഥാപനങ്ങളായ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി 5,270 രൂപയാണ് ഒരാളിൽനിന്ന് വാർഷിക പ്രീമിയം ആവശ്യപ്പെട്ടത്. നാഷണൽ ഇൻഷുറൻസ് കമ്പനി 12,750 രൂപയും.
റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയും ടെൻഡറിൽ പങ്കെടുത്തിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ പരിഗണിച്ചിട്ടില്ല.