1. ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് സംഘത്തിൽ അളക്കുന്ന പാലിന് ഒരു ലിറ്ററിന് 4 രൂപ ഇൻസെന്റീവ് നൽകാൻ തീരുമാനിച്ചു. ഓഗസ്റ്റ് മുതൽ എല്ലാ മാസവും പത്താം തീയതിക്ക് മുമ്പായി ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നതാണ്. ആദ്യ ഗഡു ഓഗസ്റ്റ് മുതൽ നൽകി തുടങ്ങും. ക്ഷീര വികസന വകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും ഫണ്ട് ഉപയോഗിച്ചാണ് തുക നൽകുന്നത്. ഇതിനായി ക്ഷീരവികസന വകുപ്പ് 28 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
2. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കും ടീം അംഗങ്ങളും കേന്ദ്രമന്ത്രി പർഷോത്തം രൂപാലയുമായി കൂടിക്കാഴ്ച നടത്തി. ക്ഷീരോൽപാദന മേഖലയിലെ നിലവിലെ സാഹചര്യമാണ് പ്രധാനമായും ചർച്ച ചെയ്തത്. 'അഗ്രികൾച്ചർ ജേർണലിസ്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ' കാർഷിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. 2023ൽ നടക്കുന്ന എസിഎഫ് സമ്മിറ്റിലേക്ക് കൃഷി ജാഗരൺ ടീം അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി.
ബന്ധപ്പെട്ട വാർത്തകൾ: 'AJAI' കാർഷികരംഗത്തെ മാറ്റത്തിന്റെ സുപ്രധാന ചുവടുവയ്പ്പ്: കേന്ദ്ര മന്ത്രി പർഷോത്തം രൂപാല
3. മത്സ്യത്തൊഴിലാളി വനിതകൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ച് ഫിഷറീസ് വകുപ്പ്. മത്സ്യ വിൽപനയും അനുബന്ധ തൊഴിലും ചെയ്യുന്ന വനിതകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സഹായിക്കുന്ന പദ്ധതിയാണിത്. 1,750 മത്സ്യതൊഴിലാളി വനിതകളെ ഉൾക്കൊള്ളിച്ച് 350 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആരംഭിച്ചിട്ടുണ്ട്. പ്രവർത്തന മൂലധനമായി ഒരംഗത്തിന് 10,000 രൂപ വീതം ഒരു ഗ്രൂപ്പിന് 50,000 രൂപ പലിശരഹിത റിവോൾവിംഗ് ഫണ്ടായി നൽകുന്നു.
4. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെ (ICAR) കീഴിലുള്ള ഗവേഷണ സ്ഥാപനമായ നാഷണൽ റിസർച്ച് സെന്റർ ഓൺ മീറ്റ് (NRCM), കേരളത്തിന്റെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ (MPI) കേരള പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ (KEPCO) എന്നിവയുമായി യോജിച്ച് പ്രവർത്തിക്കാൻ ധാരണപത്രം ഒപ്പുവെച്ചു.
മാംസ ഉല്പാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ സാങ്കേതിക സഹായം NRCM എന്ന ഗവേഷണ സ്ഥാപനം ഉറപ്പുവരുത്തും. സഞ്ചരിക്കുന്ന അറവുശാല, മാംസ ഉൽപ്പന്നങ്ങളുടെ മൊബൈൽ വില്പനശാല, ഓർഗാനിക് മാംസ ഉത്പാദനം, തുടങ്ങിയ മേഖലകളിൽ പുതിയ സംരംഭകരെ രംഗത്ത് കൊണ്ടുവരുവാൻ സാധിക്കുന്ന പദ്ധതികൾക്കാണ് മുൻഗണന നൽകിയിട്ടുള്ളത്.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ നാഷണൽ റിസർച്ച് സെന്റർ ഓൺ മീറ്റ് (NRCM) ഡയറക്ടർ എസ്.ബി ബാർബിധെ, പ്രിൻസിപൽ സയന്റിസ്റ്റ് ഡോ. എം. മുത്തുകുമാർ, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് സെക്രട്ടറി എം. ശിവശങ്കർ ഐ.എ.എസ്, വകുപ്പ് ഡയറക്ടർ ഡോ.എ. കൗശിഗൻ ഐ. എ. എസ്, ഡോ. എ. എസ്. ബിജുലാൽ (MD, MPI), ഡോ. പി. സെൽവകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
5. കെഎസ്.എഫ്.ഇയുടെ ഭദ്രത സ്മാർട്ട് ചിട്ടികൾക്ക് തുടക്കമായി. നിരവധി സമ്മാനങ്ങളും ആനുകൂല്യങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന ഈ ചിട്ടിയിൽ ചേരുന്നവർക്കായി ഒരു കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റ്/ വില്ല ബമ്പർ സമ്മാനമായി നൽകും. ചിട്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ബമ്പർ സമ്മാനത്തിനു പുറമെ മേഖലാതലത്തിൽ 70 ഇലക്ട്രിക് കാറുകൾ/ അല്ലെങ്കിൽ പരമാവധി 12.5 ലക്ഷം രൂപ വീതവും, 100 ഇലക്ട്രിക് സ്‌കൂട്ടർ അല്ലെങ്കിൽ പരമാവധി 75,000 രൂപ വീതവും സമ്മാനമായി ലഭിക്കും. ആകെ 10.5 കോടി രൂപയുടെ സമ്മാനങ്ങളാണ് സ്മാർട്ട് ചിട്ടിയുടെ ഭാഗമായി നൽകുന്നത്.
6. പ്രവാസി ഭദ്രത-പേൾ പദ്ധതിയിലൂടെ വയനാട് ജില്ലയിലെ 272 പ്രവാസികൾക്ക് ആദ്യ ഗഡുവായ 4 കോടി 20 ലക്ഷം രൂപ വായ്പ അനുവദിച്ചു. നോർക്ക റൂട്ട്‌സുമായി സഹകരിച്ച് കുടുംബശ്രീ വഴി പ്രവാസികൾക്ക് വേണ്ടി സർക്കാർ ഏർപ്പെടുത്തിയ സംരംഭകത്വ പദ്ധതിയാണ് പ്രവാസി ഭദ്രത-പേൾ. കൊവിഡ് പ്രതിസന്ധി മൂലം വിദേശത്തെ ജോലി നഷ്ടപ്പെടുകയും, തിരിച്ചു പോകാൻ സാധിക്കാതെ വരികയും ചെയ്ത പ്രവാസികൾക്ക് സ്വയം സംരംഭങ്ങൾ ആരംഭിക്കുന്നതിനായി സർക്കാർ ആവിഷ്‌ക്കരിച്ച സംരംഭകത്വ പദ്ധതിയാണ് പ്രവാസി ഭദ്രത-പേൾ (പ്രവാസി എന്റർപ്രണർഷിപ്പ് ഓഗ്മെന്റേഷൻ ആന്റ് റിഫോർമേഷൻ ഓഫ് ലൈവ്‌ലിഹുഡ്) പദ്ധതി.
7. രാസവസ്തു വിമുക്തവും, ഗുണമേന്മ ഏറിയതുമായ മത്സ്യം ന്യായവിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സർക്കാർ നടപ്പാക്കുന്ന മത്സ്യഫെഡ് ഫിഷ്മാർട്ടിന്റെ നാലാമത് ഷോറൂം തിരുവനന്തപുരം ജില്ലയിലെ കല്ലറ മാർക്കറ്റിൽ ഉദ്ഘാടനം ചെയ്തു. സമീപത്തെ ഹാർബറുകളിൽ നിന്നും വിവിധ ഫിഷ്ലാൻഡിങ് സെന്ററുകളിൽ നിന്നും മത്സ്യഫെഡ് നേരിട്ടും വിവിധ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴിയും സംഭരിക്കുന്ന 25ൽപരം മത്സ്യങ്ങളാണ് ഇതുവഴി വിപണനം നടത്തുന്നത്.
കടൽ കായൽ മത്സ്യങ്ങൾക്ക് പുറമേ മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള ഐസ് ആന്റ് ഫ്രീസിങ് പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന വിവിധ മത്സ്യ അച്ചാറുകളും, കറിക്കൂട്ടുകളും, ചമ്മന്തി പൊടികളും ഈ മാർട്ടിൽ ലഭ്യമാണ്. ഇതിനു പുറമേ മത്സ്യഫെഡ് ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന അമിതവണ്ണവും, കൊളസ്ട്രോളും നിയന്ത്രിക്കുന്നതിനുള്ള കൈറ്റോൺ എന്ന ഉൽപന്നവും ഇവിടെ ലഭ്യമാണ്. ഒരു നിയമസഭ മണ്ഡലത്തിൽ ഒരു ഫിഷ്മാർട്ട് എന്ന ലക്ഷ്യത്തോടെയാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നത്. അതുവഴി രുചിയുള്ളതും, രാസവസ്തു കലരാത്തതുമായ മത്സ്യം ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഉദ്ദേശം.
8. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശോധിക്കാൻ സാധിക്കുന്ന സംവിധാനമാണ് "തൊട്ടറിയാം PWD". നിയമസഭയിൽ വെച്ച് എംഎൽഎമാർക്കായി ഇതിന്റെ പ്രവർത്തന രീതിയെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. തൊട്ടറിയാം PWD എന്താണെന്നും എങ്ങനെയൊക്കെ ഇതിന്റെ ഉപയോഗം ഗുണകരമാകും എന്നും വിശദമായി തന്നെ ജനപ്രതിനിധികൾക്ക് ക്ലാസിലൂടെ മനസ്സിലാക്കാൻ സാധിച്ചു. സംശയങ്ങൾ ചോദിച്ചും നിർദ്ദേശങ്ങൾ പങ്കുവച്ചും ഭൂരിപക്ഷം എംഎൽഎമാരും ക്ലാസിൽ പങ്കുകൊണ്ടു.
ടെക്നോളജിയുടെ ഉപയോഗത്തിലൂടെ പ്രവൃത്തികൾ വേഗത്തിലും സുതാര്യമായും നടപ്പിലാക്കാനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സംവിധാനം. ജനങ്ങൾക്ക് അവരുടെ നാട്ടിലെ പ്രവൃത്തികൾ വിലയിരുത്താനും പരാതികൾ പറയാനും, എംഎൽഎമാർക്ക് അവരുടെ മണ്ഡലത്തിലെ പ്രവൃത്തികൾ ഏത് സമയത്തും ലോകത്തിന്റെ ഏത് കോണിലിരുന്നും പരിശോധിക്കാനും സാധിക്കും. മന്ത്രി ഓഫീസിൽ നിന്നും ഈ സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ കേരളത്തിലെ എല്ലാ പൊതുമരാമത്ത് പ്രവൃത്തികളും പരിശോധിക്കാനും പരാതികൾ പരിഹരിക്കാൻ ഇടപെടുവാനും കഴിയും.
9. കേരള സർവകലാശാലയ്ക്കു ലഭിച്ച നാക് എ++ അംഗീകാരം സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനു കരുത്തുപകരുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാലയുടെ നാക് അക്രഡിറ്റേഷൻ പ്രക്രിയയിൽനിന്നു ലഭിച്ച അനുഭവങ്ങൾകൂടി സ്വാംശീകരിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികളും ഇടപെടലുകളും ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാക് എ++ അംഗീകാരം നേടിയ കേരള സർവകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാദമിക് മികവു നേടുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും സാങ്കേതികവിദ്യയെ കൂടുതൽ വിനിയോഗിക്കുന്നതിലും സർവകലാശാല നടത്തിയ ഫലപ്രദമായ ഇടപെടലിന്റെ ഫലമായാണ് 3.67 പോയിന്റിലൂടെ എ++ ഗ്രേഡ് ലഭിച്ചത്. ഈ നേട്ടത്തിൽ മതിമറന്ന് ഇവിടെത്തന്നെ നിൽക്കുകയല്ല ചെയ്യേണ്ടത്, കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളോടു ചേർന്നു നിൽക്കുന്ന തുടർ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാവശ്യമായ ഊർജം ഇതിൽനിന്് ഉൾക്കൊള്ളാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
10. കാർഷിക വ്യവസായ രംഗത്ത് പുരോഗതി കൈവരിക്കാൻ പുതിയ ആപ്പ് പുറത്തിറക്കി ഐടിസി ലിമിറ്റഡ്. കർഷകർക്ക് ഡിജിറ്റൽ വ്യവസായ രംഗത്ത് പുതിയ സാധ്യതകൾ തുറന്നു കൊടുക്കുന്നതിനാണ് കൊൽക്കത്ത ആസ്ഥാനമായ കമ്പനി തങ്ങളുടെ സൂപ്പർ ആപ്പായ ITC മെറ്റാ മാർക്കറ്റ് ഫോർ അഡ്വാൻസ്ഡ് അഗ്രികൾച്ചറൽ സർവീസസ് (ITC MAARS) പുറത്തിറക്കിയത്. കാർഷിക വ്യവസായ വളർച്ചയ്ക്കുള്ള ശാസ്ത്രീയ നിർദേശം നൽകുക, വിള കലണ്ടർ സംവിധാനം, കർഷകർക്കുള്ള സംശയങ്ങൾക്ക് തത്സമയം പരിഹാരം നൽകാൻ ക്രോപ് ഡോക്ടർ, മാർക്കറ്റ് ലിങ്കേജുകൾ, മണ്ണ് പരിശോധന, മികച്ച കൃഷി തുടങ്ങിയവ ആപ്പിന്റെ പ്രത്യേകതകളാണ്.
പ്രീ-അപ്രൂവ്ഡ് ലോണുകൾ പോലുള്ള സേവനങ്ങൾ ആപ്പ് വഴി ഐടിസി ലഭ്യമാക്കുന്നു. വൈകാതെ തന്നെ മറ്റ് സേവനങ്ങൾക്കൊപ്പം ഇൻഷുറൻസും നൽകുമെന്നാണ് സൂചന. "ഇന്ത്യയിൽ ഏകദേശം 140 ദശലക്ഷം കർഷകരുണ്ട്. ഉൽപാദനം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും പ്രാതിനിധ്യം ഉറപ്പാക്കാൻ ഇവരെ ഒരുമിച്ച് കൊണ്ടുവരണം. എഫ്പിഒകളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ ഇടപെടലും നയങ്ങളും ദീർഘവീക്ഷണമുള്ളതാണ്. അതിനെ ഐടിസി പ്രയോജനപ്പെടുത്തുന്നു”, ഐടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് പുരി അറിയിച്ചു.
11. കർണാടക മുതൽ കോമോറിൻ വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത. അതോടൊപ്പം ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 3 മണിക്കൂറിനുള്ളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്ക്-പടിഞ്ഞാറൻ ബംഗാൾ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.