Updated on: 29 October, 2022 6:26 PM IST
PMGKP പ്രതിവർഷം 108 ദശലക്ഷം ടൺ ഭക്ഷ്യധാന്യം ആവശ്യം, കേന്ദ്രം സബ്സിഡി മണ്ണെണ്ണ അനുവദിക്കണം
  1. കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലെ ഗുണഭോക്താക്കൾക്ക് നൽകാൻ രാജ്യത്തിന് പ്രതിവർഷം 108 ദശലക്ഷം ടൺ ഭക്ഷ്യധാന്യം ആവശ്യമാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ. ദരിദ്ര രേഖയ്ക്ക് താഴെ ഉള്ളവർക്ക് പ്രതിമാസം 10 കിലോ അരിയോ ഗോതമ്പോ വിതരണം പദ്ധതിയാണിത്. എന്നാൽ, കാലം തെറ്റിയുള്ള മഴ ഉത്തർപ്രദേശിലെയും ബീഹാറിലെയും ഭക്ഷ്യധാന്യ ഉൽപ്പാദനത്തെ ബാധിക്കുമെന്നും മന്ത്രി ആശങ്കയറിയിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് കീഴിൽ 5 കിലോ ഭക്ഷ്യധാന്യം വീതം വീതരണം ചെയ്യുകയാണെന്നും ഇതുവഴി രാജ്യത്തെ 80 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയതായും പീയുഷ് ഗോയൽ വ്യക്തമാക്കി.
  2. മീൻ പിടിത്തത്തിനാവശ്യമായ സബ്സിഡി മണ്ണെണ്ണ, കേന്ദ്ര സർക്കാർ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും അനുവദിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളി യൂണിയൻ. കോഴിക്കോട് കൊയിലാണ്ടി വി വി ശശീന്ദ്രൻ നഗറിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് സബ്സിഡി അനുവദിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടത്. ജില്ലാ സമ്മേളനം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ ദാസൻ അധ്യക്ഷത വഹിച്ചു.
  1. ഈ വർഷം കയർ മേഖലയ്‌ക്ക്‌ 117 കോടി രൂപ വകയിരുത്തിയതായി വ്യവസായമന്ത്രി പി രാജീവ്. ഇതിൽ 52 കോടി രൂപ ഇതിനകം ചെലവഴിച്ചതായും മന്ത്രി അറിയിച്ചു. നിലനിൽക്കുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിർദേശിക്കാനായി സർക്കാർ നിയമിച്ച വിദഗ്‌ധസമിതിയുടെ ആദ്യയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കുറഞ്ഞ വിലയ്‌ക്ക്‌ തമിഴ്‌നാട്ടിൽ നിന്ന് ചകിരിയെത്തുന്നതും കയറുൽപ്പന്നങ്ങൾ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നതും പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്. എന്നാൽ വിപണനം, യന്ത്രവൽക്കരണം തുടങ്ങിയ കാര്യങ്ങളിൽ കാലാനുസൃതമായ മാറ്റമുണ്ടാകണമെന്ന് മന്ത്രി വിശദമാക്കി. പുതിയ ഉൽപ്പന്നങ്ങൾ സൃഷ്‌ടിക്കുകയും ഗവേഷണപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും വേണം. തൊഴിലാളികളുടെ ജീവതനിലവാരം ഉയർത്താനും, ഇപ്രകാരം കയർമേഖലയിലെ പ്രശ്നങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകാനും കമ്മിറ്റിയോട് നിർദേശിട്ടുണ്ട്. കയർ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകാനായി സ്വതന്ത്ര സ്വഭാവത്തോടെയാകും കമ്മിറ്റി പ്രവർത്തിക്കുകയെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
  2. കേന്ദ്രസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്ഫോമായ നാഷണല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിന് കേരളത്തിൽ പ്രചാരം കുറവെന്ന് റിപ്പോർട്ട്. eNAM എന്ന പോർട്ടൽ വഴി രണ്ടര വര്‍ഷത്തിനിടെ കേരളം സാക്ഷ്യം വഹിച്ചത് 30 ലക്ഷം രൂപയുടെ വ്യാപാരമെന്നാണ് കണക്കുകൾ. കൂടുതല്‍ കര്‍ഷകരെ പ്ലാറ്റ്ഫോമിലേക്ക് ആകര്‍ഷിക്കുക എന്നതാണ് അജണ്ടയെന്ന് eNAM-ന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ എംവി ശ്രീറാം പറഞ്ഞു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ കര്‍ഷകര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വാങ്ങുന്നവര്‍ക്കും ഈ പോർട്ടൽ സൗകര്യമൊരുക്കുന്നുണ്ട്. മാത്രമല്ല, ഇടനിലക്കാരെ ഒഴിവാക്കുകയും കര്‍ഷകര്‍ക്ക് മികച്ച ഇടപാടുകള്‍ നല്‍കുകയുമാണ് ഇതിന്റെ ലക്ഷ്യം. 2020ലാണ് കേരളത്തിലുടനീളമുള്ള ആറ് കാര്‍ഷിക മൊത്തവ്യാപാര വിപണികള്‍ eNAM എന്ന പോർട്ടലിന് കീഴില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനായി സജ്ജീകരിച്ചത്. നിലവില്‍ 3,000 കര്‍ഷകരും 400 വ്യാപാര സ്ഥാപനങ്ങളും 40 കര്‍ഷക ഉല്‍പാദക സംഘടനകളും പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
  1. ഫിക്കിയുടെ അഗ്രി സ്റ്റാർട്ടപ് അവാർഡുകളിൽ ഇന്ത്യയിലെ ഏറ്റവും നൂതനമായ അഗ്രി സ്റ്റാർട്ടപ് അവാർഡ് കരസ്ഥമാക്കി ഫാർമേഴ്‌സ് ഫ്രഷ് സോൺ. ആദ്യമായാണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പിന് FICCIയിൽ നിന്ന് പുരസ്‌കാരം ലഭിക്കുന്നത്. ഡൽഹിയിൽ നവംബർ രണ്ടിന്  നടക്കുന്ന പുരസ്‌കാര ദാന ചടങ്ങിൽ കേന്ദ്ര കാർഷിക-കർഷകക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി അഗ്രി സ്റ്റാർട്ടപ് അവാർഡ് വിതരണം ചെയ്യും. ഫാർമേഴ്‌സ് ഫ്രഷ് സോണിന്റെ സഹസ്ഥാപകനും CEOയുമായ എസ്. പ്രദീപ് പുരസ്‌കാരം ഏറ്റു വാങ്ങും. അഗ്രി സ്റ്റാർട്ടപ്പ് ടാസ്ക് ഫോഴ്സിന്റെ കീഴിൽ, വ്യവസായ രംഗത്ത്, ആഭ്യന്തര- ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇതിലൂടെ ഇന്ത്യയെ നവീകരണ കേന്ദ്രമായി വികസിപ്പിക്കുന്നതിനും  കാർഷിക രംഗത്ത് നൂതനമായ ഇടപെടലുകൾ പങ്കുവയ്ക്കാനുമാണ് ഫിക്കി പ്രവർത്തിക്കുന്നത്.
  2. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇറിഗേഷന്‍ ടൂറിസത്തില്‍ ഉള്‍പ്പെടുത്തി ചിറക്കല്‍ ചിറ സൗന്ദര്യവല്‍ക്കരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നവീകരിച്ച ചിറക്കല്‍ ചിറയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 50 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.ചിറക്കല്‍ ചിറയുടെ നവീകരണം വലിയ സാഹസിക ദൗത്യമായിരുന്നെന്നും എന്നാൽ, ചിറയെ മികച്ച രീതിയില്‍ സംരക്ഷിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ചിറകളിലൊന്നായ ചിറക്കല്‍ ചിറ മണ്ണും ചെളിയും നീക്കിയും പടവുകള്‍ പുനര്‍നിര്‍മ്മിച്ചും സംരക്ഷണ ഭിത്തി കെട്ടിയുമാണ് നവീകരിച്ചത്. ചെളിയും മാലിന്യങ്ങളും നിറഞ്ഞ 53,949 ക്യുബിക് മീറ്റര്‍ മണ്ണ് ചിറയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
  1. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന്, കാർഷിക വിളകളെ രക്ഷിക്കുന്നതിന് വനാതിർത്തിയിൽ സ്ഥാപിക്കുന്ന സൗരോർജ്ജ വേലിയുടെ ഒന്നാം ഘട്ട നിർമാണം പൂർത്തിയായി. സൗരോർജ്ജ വേലിയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് കാടോത്തിക്കുന്നിൽ 9 ലക്ഷം രൂപ ചെലവിൽ നിർമിച്ച 3 കിലോമീറ്റർ വേലിയാണ് ഉദ്ഘാടനം ചെയ്തത്. ത്രിതല പഞ്ചായത്തുകൾ ചേർന്നാണ് വനവും കൃഷി ഭൂമിയും വേർതിരിച്ച് വേലി നിർമിക്കുന്നത്. അതിർത്തി പ്രദേശങ്ങൾ മൊത്തം വിവിധ പദ്ധതികളിൽ ഉൾപെടുത്തി വരും വർഷങ്ങളിൽ വേലി നിർമാണം പൂർത്തിയാക്കുമെന്ന് എം.എൽ.എ. പറഞ്ഞു. പ്രവർത്തനക്ഷമമായ വേലിയുടെ കാര്യക്ഷമത ഉറപ്പുവരുത്താൻ പ്രദേശവാസികളായ കർഷകർ നിശ്ചിത ഇടവേളകളിൽ മോണിറ്ററിങ് നടത്തണമെന്നും അടിക്കാടുകൾ വെട്ടി സംരക്ഷിക്കണമെന്നും എംഎൽഎ നിർദേശിച്ചു.
  2. കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വിപണന കേന്ദ്രത്തില്‍ വച്ച് ശുദ്ധജല മത്സ്യ കൃഷിയും അക്വാപോണിക്‌സ് കൃഷി രീതിയും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 5നാണ് പരിശീലന പരിപാടി. താല്‍പര്യമുള്ളവര്‍ 0 4 9 5- 2 9 3 5 8 50 അല്ലെങ്കിൽ 9 1 8 8 2 2 3 5 8 4 എന്ന ഫോണ്‍ നമ്പറില്‍ നവംബർ 3ന് മുമ്പായി വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് ക്ലാസ്സില്‍ പങ്കെടുക്കാന്‍ അവസരം.
  3. കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നീർക്കോട് കുരീച്ചാൽ പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു. ഞാറ് നടുന്നത് കാണുവാനും പഠിക്കുവാനുമായി കോങ്ങോർപ്പിള്ളി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളും പങ്കുചേർന്നു. ഏഴാം ക്ലാസിലെ പാഠ്യപദ്ധതിയിൽ നെൽ കൃഷിയും ,അനുബന്ധകൃഷികളും പഠനവിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കൊപ്പം അധ്യാപകരും ,സ്കൂൾ PTA അംഗങ്ങളും പങ്കെടുത്തു. കുരീച്ചാൽ പാടശേഖരത്തിലെ ഞാറ് നടീൽ ഉത്സവം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  PM മനാഫ് അധ്യക്ഷനായി.
  1. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സെറികള്‍ച്ചര്‍ പദ്ധതിയുടെ ഭാഗമായി സീഡ് കൊക്കൂണ്‍ വിളവെടുപ്പ് നടത്തി. വയനാട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അപ്പപ്പാറയില്‍ സബ്സിഡിയോട് കൂടി കൃഷി ചെയ്ത 5 ഏക്കര്‍ തോട്ടത്തില്‍ നിന്നുള്ള ആയിരം DFLSകളാണ് വിളവെടുത്തത്. വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ AN സുശീല ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി.സി മജീദ് അധ്യക്ഷത വഹിച്ചു.
  2. കഞ്ചാവ് കൈവശം വയ്ക്കുന്നതിന് നിയമ ഭേദഗതി നടപ്പിലാക്കി ജർമനി. 30 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയായവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെയും നിയന്ത്രിതമായ വിപണിയിലും കഞ്ചാവ് വില്‍ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. നിയമപ്രകാരമുള്ള തോട്ടങ്ങളില്‍ വിളയുന്ന കഞ്ചാവ് സര്‍ക്കാര്‍ അംഗീകൃത ഔട്ട്‌ലറ്റുകളിലൂടെ വിതരണം ചെയ്യും. ഇങ്ങനെ 30 ഗ്രാം കഞ്ചാവ് വരെ ഒരാള്‍ക്ക് വാങ്ങാം. എന്നിരുന്നാലും, വിപണിയെ നിയന്ത്രിക്കാന്‍ കര്‍ശന ചട്ടങ്ങളുണ്ടാവുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, യുറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവ് കമ്മീഷന്റെ കൂടി അനുമതി ലഭിച്ചാല്‍ മാത്രമേ രാജ്യത്ത് നിയമം നടപ്പാക്കാന്‍ സാധിക്കൂ. നിലവില്‍ ജര്‍മനിയിലെ ജനസംഖ്യയില്‍ ഏകദേശം 40 ലക്ഷത്തോളം ആളുകളാണ് കഞ്ചാവ് ഉപയോഗിക്കുന്നത്.

WATCH VIDEO: https://www.youtube.com/watch?v=qudVrm0lDMc

  1. കേരളത്തിൽ തുലാവർഷത്തിന് ഇന്ന് തുടക്കമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് വടക്കു കിഴക്കൻ കാലവർഷം തെക്കേയിന്ത്യൻ തീരത്തെത്തും. നാളെയോടെ കേരള തീരം തൊട്ടേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.  കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകൾ നാളെ യെല്ലോ അലർട്ടിലാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം കേരളം,കർണാടക ,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിൽ നിന്ന് മച്ചിങ്ങ വീഴാതിരിക്കുവാനുള്ള പരിഹാരമാർഗവും, കൂടുതൽ വിളവിന് ചെയ്യേണ്ട രണ്ടുഘട്ട വളപ്രയോഗ രീതിയും

English Summary: India need 108 million tonnes of food grains per year, Center should allow subsidized kerosene; Know More Agriculture News
Published on: 29 October 2022, 05:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now