കോവിഡ്-19 വൈറസ് ബാധയെ നേരിടാന്‍ ഊര്‍ജ്ജിതമായ ശ്രമം ഇന്‍ഡ്യയുൾപ്പടെയുള്ള എല്ലാ രാജ്യങ്ങളും ലോകവും.നടത്തുന്ന ഈ സാഹചര്യത്തില്‍ ബെംഗളുരുവിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐ ഐ എസ് സി) ഒരു സംഘം ശാസ്ത്രജ്ഞര്‍ കുറഞ്ഞ നിര്‍മ്മാണച്ചെലവുമാത്രം വരുന്നതും കൊണ്ടു നടക്കാവുന്നതുമായ ഓക്‌സിജന്‍ ജെനറേറ്റര്‍ തയ്യാറാക്കിയിരിക്കുന്നു.
അന്തരീക്ഷവായുവില്‍ നിന്നും ഓക്‌സിജന്‍ വലിച്ചെടുത്ത് വെന്‍റിലേറ്ററുകളിലേക്കോ നേരിട്ടോ വിതരണം ചെയ്യാന്‍ കഴിയുന്ന ഉപകരണമാണ് ഇത്.ഓക്‌സിജന്‍ ജനറേറ്ററുകള്‍ക്ക് വിപണിയില്‍ 40,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലവരും. ഡോ. ഭാസ്കറും ഡോ. പ്രവീണ്‍ രാമമൂര്‍ത്തിയും നിര്‍മ്മിച്ച ഉപകരണത്തിന് 10,000 രൂപയില്‍ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ.സംഘാംഗങ്ങളായ പ്രൊഫ. പ്രവീണ്‍ രാമമൂര്‍ത്തി, ഡോ. അരുണ്‍ റാവു, ഭാസ്‌കര്‍ കെ എന്നിവര്‍സെന്‍സറുകളും ഇലക്ട്രോണിക് അപ്ലിക്കേഷനുകളും സംബന്ധിച്ച് പഠനം നടത്തുന്ന മെറ്റീരിയല്‍ സയന്‍റിസ്റ്റുകളാണ്.
കോവിഡ്-19 ലോകം മുഴുവന്‍ പടരാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടു; ആശുപത്രികളില്‍ കാര്യക്ഷമമായ ഓക്‌സിജന്‍ വിതരണ സംവിധാനം വളരെയേറെ ആവശ്യമായി വരുന്ന ദിനങ്ങളാണ് വരാനിരിക്കുന്നതെന്ന്, പ്രത്യേകിച്ചും ഗ്രാമങ്ങളിലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ദേശങ്ങളിലും. ഓക്‌സിജന്‍ സിലിണ്ടറുകളെ കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനങ്ങളോ ഇല്ലാത്ത സ്ഥലങ്ങളില്‍ ഓക്‌സിജന്‍ ഉല്‍പാദനം വളരെ നിര്‍ണ്ണായകമാവും.
ഇതെല്ലം കണക്കിലെടുത്തുകൊണ്ടാണ് ഐ ഐ എസ് സി-യിലെ ശാസ്ത്രജ്ഞര്‍ ചെലവുകുറഞ്ഞതും കൊണ്ടുനടക്കാവുന്നതുമായ ഒരു ഉപകരണം ഉണ്ടാക്കുന്നതിനായി ശ്രമം തുടങ്ങുന്നത്. അന്തരീക്ഷത്തില്‍ നിന്നും ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന ഉപകരണത്തിന്‍റെ മാതൃക ഒരാഴ്ചയ്ക്കുള്ളില്‍ അവര്‍ തയ്യാറാക്കി.
അന്തരീക്ഷവായുവില്‍ 78% നൈട്രജനാണ്. 21% ഓക്‌സിജനും ബാക്കി മറ്റു വാതകങ്ങളും. ഈ ഉപകരണം അന്തരീക്ഷവായു വലിച്ചെടുത്ത് അത് സിയോലൈറ്റ് (Zeolite) പാളിയിലൂടെ കടത്തിവിടുന്നു. സിയോലൈറ്റ് വ്യാപകമായും കുറഞ്ഞ വിലയ്ക്കും കിട്ടുന്ന വൊള്‍ക്കാനിക് മിനെറല്‍ ആണ്.അത് ഒരു സ്‌പോഞ്ച് പോലെ നൈട്രജന്‍ വലിച്ചെടുക്കുകയും ഓക്‌സിജന്‍ കൂടുതലായി അടങ്ങിയ വായു പുറത്തേക്ക് വിടുകയും ചെയ്യുന്നു.
അവര്‍ ഉണ്ടാക്കിയ ഉപകരണത്തിന്‍റെ ഏറ്റവും പുതിയ മാതൃകയ്ക്ക് വെറും 15 സെന്‍റിമീറ്റര്‍ മാത്രമാണ് നീളം. ഇത് 70% ഓക്‌സിജന്‍ അടങ്ങിയ വായു നല്‍കുന്നു. ഇത് 90 ശതമാനമോ അതില്‍ കൂടുതലോ ഓക്‌സിജന്‍ അടങ്ങിയ വായു ഉല്‍പാദിപ്പിക്കുന്ന ഒന്നാക്കി വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അവരിപ്പോള്‍. അതില്‍ വിജയിച്ചതിന് ശേഷം ഉപകരണം വിപണിയിലെത്തിക്കാം എന്നാണ് കരുതുന്നത്. ഒരാഴ്ചയ്ക്കകം അതിന് സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ ശാസ്ത്രജ്ഞര്‍.
ഈ ഉപകരണത്തിന്‍റെ മറ്റൊരു പ്രത്യേകത അതിന്‍റെ പ്രവര്‍ത്തനത്തിലെ സുതാര്യതയാണ്. ഓക്‌സിജന്‍ ഉല്‍പാദനത്തിന്‍റെ തോത് മെഡിക്കല്‍ സ്റ്റാഫിന് മോണിറ്റര്‍ ചെയ്യാന്‍ സാധിക്കും, ഒപ്പം ഓരോ രോഗിക്കും ആവശ്യമുള്ള ഓക്‌സിജന്‍റെ അളവ് നിയന്ത്രിക്കാനും കഴിയും. ഉദാഹരണത്തിന് ഒരു രോഗിക്ക് 60% ഓക്‌സിജന്‍ ആണ് വേണ്ടതെന്ന് ഡോക്ട്ർ നിര്‍ദ്ദേശിച്ചാല്‍ അതിനനുസരിച്ച് ഈ ഉപകരണത്തില്‍ എളുപ്പത്തില്‍ സെറ്റ് ചെയ്യാന്‍ കഴിയും.
ആര്‍ക്കും നിര്‍മ്മിക്കാന്‍ കഴിയുന്ന വിധത്തില്‍ ഈ ഉപകരണത്തിന്‍റെ ഡിസൈന്‍ ബ്ലൂപ്രിന്‍റ് പുറത്തുവിടാനാണ് ശാസ്ത്രജ്ഞര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ട്, ഭാവിയില്‍ ആര്‍ക്കും ഇത്തരത്തിലുള്ള ഓക്‌സിജന്‍ ഉല്‍പാദന യന്ത്രം നിര്‍മ്മിക്കാന്‍ കഴിയും.