ഇന്ത്യ വർഷങ്ങളായി കാർഷിക ഉത്‌പന്ന മേഖലയിൽ വ്യാപാര മിച്ചം നിലനിർത്തി വരുന്ന രാജ്യമാണ്. 2019-20 കാലയളവിൽ ഇന്ത്യയുടെ കാർഷിക അനുബന്ധ കയറ്റുമതി 2.52 ലക്ഷം കോടി രൂപയും ഇറക്കുമതി 1.47 ലക്ഷം കോടി രൂപയുമാണ്.
കാർഷിക അനുബന്ധ ചരക്കുകളുടെ കയറ്റുമതി 2020 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ 2.74 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2.31 കോടി രൂപയായിരുന്നു.18.49 ശതമാനം വർധന രേഖപ്പെടുത്തി.
ഗോതമ്പ്, മറ്റ് ധാന്യങ്ങൾ, അരി (ബസുമതി ഒഴികെയുള്ളത്), സുഗന്ധവ്യഞ്ജനങ്ങൾ, പഞ്ചസാര, അസംസ്കൃത പരുത്തി,സംസ്ക്കരിക്കാത്ത പച്ചക്കറികൾ, സംസ്കരിച്ച പച്ചക്കറികൾ, ലഹരി പാനീയങ്ങൾ എന്നിവയാണ് കയറ്റുമതിയിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തിയ കാർഷിക ഉത്പന്നങ്ങൾ.
ഗോതമ്പും മറ്റ് ധാന്യങ്ങളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. യഥാക്രമം 425 കോടി രൂപയിൽ നിന്ന് 3283 കോടി രൂപയായും 1318 കോടി രൂപയിൽ നിന്ന് 4542 കോടി രൂപയായും വളർച്ച രേഖപ്പെടുത്തി. ഗോതമ്പ് കയറ്റുമതിയിൽ ഇന്ത്യ 727 ശതമാനം വളർച്ച നേടി.
അരി (ബസുമതി ഇതര) കയറ്റുമതിയിൽ രാജ്യം 132% വളർച്ച കൈവരിച്ചു. ബസുമതി ഇതര അരി കയറ്റുമതി 2019-20-ൽ 13,030 കോടി രൂപയായിരുന്നത് 2020-21ൽ 30,277 കോടി രൂപയായി ഉയർന്നു.
കാർഷിക,അനുബന്ധ ചരക്കുകളുടെ ഇറക്കുമതി 2020 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ 141034.25 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 137014.39 കോടി രൂപയായിരുന്നു. 2.93 ശതമാനം വർദ്ധന.
2020 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ, കോവിഡ് -19 പ്രതിസന്ധിക്കിടയിലും, കാർഷിക വ്യാപാര മിച്ചത്തിൽ വർദ്ധന രേഖപ്പെടുത്തി.
2019-20 ൽ ഇതേ കാലയളവിൽ 93,907.76 കോടി രൂപയായിരുന്നത് 132,579.69 കോടി രൂപയായാണ് വർദ്ധിച്ചത്.