കണ്ണൂർ: ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തി വരികയാണെന്ന് മില്ലറ്റ് മിഷൻ കേരള ചീഫ് കോ ഓർഡിനേറ്റർ പി കെ ലാൽ പറഞ്ഞു. അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, മില്ലെറ്റ് മിഷൻ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുധാന്യങ്ങൾ കേരളത്തിൽ നാമമാത്രമായാണ് കൃഷി ചെയ്യുന്നത്.
ഭൂരിഭാഗം ആളുകൾ അരി ഭക്ഷണം കഴിക്കുന്നതുകൊണ്ട് തന്നെ പ്രമേഹമടക്കമുളള ജീവിത ശൈലി രോഗങ്ങൾ ഇവിടെ കൂടുതലാണ്. അതിന് പ്രതിവിധിയായാണ് മില്ലറ്റ് മിഷന്റെ നേതൃത്വത്തിൽ ചെറുധാന്യകൃഷി പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി ചെറുധാന്യ കൃഷി ചെയ്യാൻ 1000 കൃഷികൂട്ടങ്ങൾ കൃഷി വകുപ്പുമായി ചേർന്ന് രൂപീകരിക്കും. മില്ലറ്റ് സംരംഭകരെ കണ്ടെത്തി പ്രദർശനമേളകൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ചെറുധാന്യങ്ങൾ വിൽക്കുന്ന കടകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തലത്തിലടക്കം ചെറു ധാന്യകൃഷി വ്യാപിപ്പിക്കാനുള്ള പ്രവർത്തനം ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. ചെറു ധന്യങ്ങളും ആരോഗ്യവും എന്ന വിഷയത്തിൽ മില്ലറ്റ് മിഷൻ കേരള മാസ്റ്റർ ട്രൈനെർ ദീപാലയം ധനപാലൻ സംസാരിച്ചു. തിന, ചാമ, റാഗി, ചോളം തുടങ്ങിയ ചെറുധാന്യങ്ങളുടെ പോഷക ഗുണങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ചെറുധാന്യങ്ങള്‍ കൃഷിചെയ്യാം ആരോഗ്യഭക്ഷണം ശീലമാക്കാം
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു പി ശോഭ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം എൻ പ്രദീപ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം സുർജിത്, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി കെ വിജയൻ, മില്ലറ്റ് മിഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി സി വിജയൻ മാസ്റ്റർ, പി രാമചന്ദ്രൻ, ജില്ലാ പ്രസിഡണ്ട് ടി കെ ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി പ്രസാദ് പയ്യന്നൂർ, ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രജ്യോതി എന്നിവർ സംസാരിച്ചു.