News

ചെറുധാന്യങ്ങള്‍ കൃഷിചെയ്യാം ആരോഗ്യഭക്ഷണം ശീലമാക്കാം

ഒരുകാലത്ത് മലയാളിയുടെ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു ചാമ, തിന, വരക്, കമ്പ്, റാഗി, ചോളം, പനിവരക്, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങള്‍. ആധുനിക സംസ്‌കാരത്തിന്റെ പുറകെ പോയ മലയാളി ചെറുധാന്യങ്ങള്‍ കൃഷിയിടത്തില്‍നിന്നും തീന്‍മേശയില്‍ നിന്നും പറിച്ചുമാറ്റി. പുതിയ തലമുറയ്ക്ക് ഇവ അന്യമായി. ഇവയുടെ ഗുണങ്ങളും അറിയാതായി. പക്ഷേ, ചെറുധാന്യങ്ങളുടെ  ഗുണങ്ങളെക്കുറിച്ചുളള അറിവുകള്‍ പുതിയ തലമുറയിലേക്ക് പകരാനും ചെറുധാന്യക്കൃഷിയെ പ്രോത്സാഹിപ്പിക്കാനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് പാലക്കാട് സ്വദേശി കെ. സോമശേഖരന്‍.

ആരോഗ്യമുളള, വിഷമില്ലാത്ത ഭക്ഷണം എങ്ങനെ ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് കൊടുക്കാം എന്ന ആലോചനയില്‍ നിന്നാണ് ഇദ്ദേഹം ചെറുധാന്യക്കൃഷി തുടങ്ങുന്നത്. ചെറുധാന്യങ്ങള്‍ കൃഷിചെയ്യുന്നതോടൊപ്പം വേള്‍ഡ് മില്ലറ്റ് ഫൗണ്ടേഷന്റെ സഹായത്തോടെ ചെറുധാന്യങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ വിപണനവും ചെയ്യുന്നുണ്ട്. ചെറുധാന്യങ്ങള്‍ കൃഷിചെയ്യാന്‍ കര്‍ഷകരെ പരിശീലിപ്പിക്കുന്നതിനൊപ്പം അവയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ കൂടി ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന ഉല്പന്നങ്ങള്‍ കര്‍ഷകരില്‍നിന്ന് ശേഖരിച്ച് വിപണിയില്‍ എത്തിക്കുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന് കന്യ ഓര്‍ഗാനിക് വഴിയാണ് ചെറുധാന്യ ഉല്പന്നങ്ങള്‍ ശേഖരിക്കുന്നത്. ചെറുധാന്യങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന മിക്‌സ്ചര്‍, കുക്കീസ്, ബിസ്‌ക്കറ്റ്. കേക്ക്, സേമിയ, പാസ്ത, അട, അപ്പം, പുട്ട് പൊടികള്‍ തുടങ്ങി 200 ലധികം ഉല്പന്നങ്ങള്‍ വിപണനത്തിനുണ്ട്. ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ്സുകളും എക്‌സിബിഷനുകളും ചെറുധാന്യങ്ങളുടെ പാചക പരിശീലനക്ലാസ്സുകളും ഇദ്ദേഹം സംഘടിപ്പിച്ചുവരുന്നു. ചെറുധാന്യങ്ങള്‍ വേഗത്തില്‍ എളുപ്പത്തില്‍ പാചകം ചെയ്യാം. വേഗം ദഹിക്കും. ചെറുധാന്യങ്ങള്‍ സ്ഥിരമായി കഴിച്ചാല്‍ രോഗപ്രതിരോധശേഷിയും കൂടും. 

കൂടുതല്‍ വെളളമില്ലാത്ത സ്ഥലങ്ങളാണ് ചെറുധാന്യങ്ങള്‍ കൃഷിചെയ്യുന്നതിന് അനുയോജ്യം. ഏതെങ്കിലും ഒരു ധാന്യം മാത്രമായോ വിവിധ തരത്തിലുളള ചെറുധാന്യങ്ങളെ ഇടകലര്‍ത്തിയോ ഇവ കൃഷിചെയ്യാവുന്നതാണ്. തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നാണ് കൃഷിക്കാവശ്യമായ വിത്ത് വാങ്ങുന്നത്. ചെറുധാന്യം കൃഷിചെയ്യാന്‍ വേനല്‍ക്കാലമാണ് ഉത്തമം. നവംബര്‍ മാസത്തില്‍ വിതച്ചുകഴിഞ്ഞാല്‍ ജനുവരി-ഫെബ്രുവരിയോടുകൂടി വിളവെടുപ്പ് നടത്താം. ചെറുധാന്യങ്ങള്‍ കൃഷിചെയ്യാന്‍ താല്പര്യമുളള കൃഷിക്കാര്‍ക്ക് ആവശ്യമായ പരിശീലനം കൊടുക്കാനും ഇദ്ദേഹം തയ്യാറാണ്. ഏഴുവര്‍ഷമായി ജൈവകൃഷി തുടങ്ങിയിട്ട് ചെറുധാന്യങ്ങളും ജൈവരീതിയില്‍ കൃഷിചെയ്ത് ഉല്പാദിപ്പിക്കാനാണ് ശ്രമം. 

ചെറുധാന്യങ്ങളുടെ കൃഷിയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഔഷധസസ്യങ്ങള്‍, പരമ്പരാഗത വിത്തുകളുടെ ശേഖരണവും അവ ഉപയോഗിച്ചുളള കൃഷിയും, ഗോശാല തുടങ്ങിയവയും മറ്റു പ്രവര്‍ത്തനങ്ങളാണ്. പൊന്നാര്യന്‍, നവര, രക്തശാലി, ബസ്മതി, ജ്യോതി, ഉമ, പൊന്നി, ജീരകശാല, ഗന്ധകശാല തുടങ്ങി 15 വ്യത്യസ്ത ഇനത്തിലുളള നെല്ലുകള്‍ കൃഷിചെയ്യുന്നുണ്ട്. അതോടൊപ്പം ചെറുപയര്‍, ഉഴുന്ന്, മുതിര തുടങ്ങിയ ധാന്യങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്നു. ഒപ്പം തന്നെ നാടന്‍ പഴവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്ത് ജനങ്ങളിലെത്തിക്കാനും പദ്ധതിയുണ്ട്. പ്രാദേശികമായ ഭക്ഷണശീലത്തിലേക്ക് തിരിച്ചുവരാതെ മനുഷ്യന് നല്ല ആരോഗ്യം ഉണ്ടാകില്ലെന്ന് ഇദ്ദേഹം പറയുന്നു. 

സ്ത്രീകളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് ചെറിയരീതിയിലെങ്കിലും വരുമാനമാര്‍ഗ്ഗം ഒരുക്കിക്കൊടുക്കുന്നതിനുമായി കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുമായി ചേര്‍ന്ന് വീട്ടില്‍ പത്ത് ഔഷധസസ്യങ്ങള്‍ എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. നൊച്ചി, പനിക്കൂര്‍ക്ക, തുളസി, ആടലോടകം, വേപ്പ് തുടങ്ങിയ ഔഷധസസ്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുന്നത്. വീട്ടില്‍ ഉണ്ടാക്കുന്ന ഈ ഔഷധസസ്യങ്ങള്‍ പാലക്കാട് ഓര്‍ഗാനിക് ട്രസ്റ്റ് വഴി കോയമ്പത്തൂര്‍ ആര്യവൈദ്യശാലയ്ക്ക് ഔഷധനിര്‍മ്മാണത്തിനായി കൈമാറും. ഇതില്‍നിന്ന് വീട്ടമ്മമാര്‍ക്ക് ചെറിയ വരുമാനവും ഉണ്ടാക്കാം.

നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു ആശയം പങ്കാളിത്ത കൃഷിയാണ്. ഭൂവുടമകളില്‍നിന്ന് അഞ്ചുവര്‍ഷത്തെ ലീസിന് ഭൂമി ഏറ്റെടുക്കുക. ഈ ഭൂമിയില്‍ നെല്ല്, ചെറുധാന്യങ്ങള്‍, പച്ചക്കറി, ഗോശാല എന്നിവ ഒരുമിച്ച് കൃഷിചെയ്യുക. കൃഷിചെയ്യാനായി കാര്‍ഷിക സേനയെ പരിശീലിപ്പിച്ചെടുക്കും. ഈ ഭൂമിയിലെ കൃഷിയില്‍നിന്ന് കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക് ഭൂവുടമകള്‍ക്ക് കൊടുക്കും. മാത്രമല്ല,  ഭൂവുടമയ്ക്ക് ഈ ഭൂമിയില്‍ തൊഴിലാളിയായി ജോലിയും ചെയ്യാം. അതിന്റെ കൂലിയും കൊടുക്കും. കാലാവധി കഴിഞ്ഞാല്‍ ഭൂമി ഉടമയ്ക്ക് തിരിച്ചുകൊടുക്കും. കൃഷിയെ സ്‌നേഹിക്കുന്നവര്‍ ഈ സംരംഭത്തിനായി ഭൂമി നല്‍കാന്‍ തയ്യാറാകും എന്ന വിശ്വാസത്തിലാണ് സോമശേഖരന്‍. ഇതുവരെ 50 ഏക്കര്‍ ഭൂമി ഉപാധികളില്ലാതെ വിട്ടുകിട്ടും എന്ന നിലയിലായിട്ടുണ്ട്.

വളപ്രയോഗത്തിനും ഇദ്ദേഹത്തിന് സ്വന്തമായ മാര്‍ഗ്ഗമുണ്ട്. ഡെയ്ഞ്ച് എന്ന ചെടിയാണ് വളത്തിനായി ഉപയോഗിക്കുന്നത്. നാഷണല്‍ സീഡ് കോര്‍പ്പറേഷനില്‍നിന്ന് ഡെയ്ഞ്ചിന്റെ വിത്ത് കിട്ടും. ഇത് കൊണ്ടുവന്ന് വിതയ്ക്കും. മുളച്ച് നല്ല ഉയരത്തില്‍ വരുമ്പോള്‍ പൂക്കുന്നതിനു മുന്‍പ് വെട്ടിയിട്ട് നിലം ഉഴുത് മറിക്കും. ഉഴുമ്പോള്‍ ആര്യവേപ്പ്, ശീമക്കൊന്ന, കാഞ്ഞിരത്തിന്റെ ഇല എന്നിവ ഇടും. ഉഴുത് മൂന്നുദിവസം വെറുതെ ഇടും. അതിനുശേഷം വീണ്ടും ഉഴും. അതിനുശേഷമാണ് കൃഷിയിറക്കുന്നത്. കൃഷിയിടത്തില്‍ ഇതിന്റെ നാര് ഒരു സ്‌പോഞ്ച് ഇഫക്ട് ഉണ്ടാക്കും. വെള്ളം താഴ്ന്നുപോകാതെ പിടിച്ചുനിര്‍ത്തും. അതിനാല്‍ മഴയില്ലെങ്കിലും ഭൂമി നനവുളളതായിരിക്കും. ഒരു പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ചെയ്തു നോക്കിയത്. നല്ല വിജയമായിരുന്നു. കൃഷിഭവനുകളിലും ഡെയ്ഞ്ച് ചെടികള്‍ ലഭ്യമാണെങ്കിലും എപ്പോഴും ഉണ്ടായിക്കൊളളണമെന്നില്ല. രാസവളം തീരെ ഉപയോഗിക്കാറില്ല. ആദ്യമൊക്കെ നല്ല വിളവ് കിട്ടിയാലും രാസവളത്തിന്റെ ഉപയോഗം കാലക്രമേണ വിളവ് കുറയ്ക്കുകയാണ് ചെയ്യുകയെന്ന് ഇദ്ദേഹം പറയുന്നു. 

കൃഷിയില്‍ കീടാക്രമണം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. കൃഷി ലാഭാധിഷ്ഠിതമായി കാണാത്തതുകൊണ്ട് ലാഭനഷ്ടക്കണക്കുകളും ഇദ്ദേഹം നോക്കാറില്ല. ഉല്പാദനവും വിപണനവും കര്‍ഷകന് തന്നെ ഇടനിലക്കാരില്ലാതെ ചെയ്യാന്‍ കഴിയണമെന്നാണ് സോമശേഖരന്‍ അഭിപ്രായപ്പെടുന്നത്. ജൈവകൃഷിക്ക് ക്ഷമയാണ് വേണ്ടത്. കൃഷിയെ ലാഭാധിഷ്ഠിതമായി കാണാതെ ഒരു സംസ്‌കാരമായി കാണണം. അഗ്രി-കള്‍ച്ചര്‍ ആണ് അല്ലാതെ ബിസിനസ്സല്ല. പക്ഷേ ഇന്ന് നടക്കുന്നത് അഗ്രി-ബിസിനസ്സാണെന്നും ഇദ്ദേഹം പറയുന്നു. 

നാലുവര്‍ഷത്തിലേറെയായി ചെറുധാന്യങ്ങള്‍ സ്ഥിരമായി കഴിക്കുന്നു. അതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന ഗുണം തനിക്കറിയാമെന്നും; ആ ഗുണം സമൂഹത്തിനുകൂടി കൊടുക്കാനുളള ശ്രമമാണ് നടത്തുന്നതെന്നും ഇദ്ദേഹം പറയുന്നു. ശരീരത്തിന്റെ എനര്‍ജി ലെവല്‍ കൂടും. എല്ലാ അസുഖങ്ങള്‍ക്കുമുളള പ്രതിവിധി ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കുക എന്നതാണ്. 

50 വര്‍ഷം മുന്‍പ് കേരളത്തിലും ചെറുധാന്യങ്ങള്‍ ധാരാളം ഉപയോഗിച്ചിരുന്നു. കാലങ്ങളായി നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്ന ചെറുധാന്യങ്ങള്‍, ഇന്ന് ആരും അത്രകണ്ട് ഉപയോഗിക്കുന്നില്ല. കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഇണങ്ങുന്നവയാണ് ഇതിന്റെ കൃഷി. തമിഴ്‌നാട് സര്‍ക്കാര്‍ ചെറുധാന്യങ്ങളുടെ കൃഷിക്കായി ധാരാളം സബ്‌സിഡികള്‍ വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പണ്ട് ചെറുധാന്യങ്ങള്‍ കഴിച്ചിരുന്നത് കഴിവില്ലാത്തവരാണ് എന്നായിരുന്നു ധാരണ. ഇന്ന് ചെറുധാന്യങ്ങള്‍ ചേര്‍ന്ന ഭക്ഷണം സ്റ്റാര്‍ ഹോട്ടലുകളില്‍ വരെ ലഭ്യമാണ്. പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ചെറുധാന്യങ്ങളുടെ കൃഷി തിരിച്ചുകൊണ്ടുവരണം.  
 
(കെ. സോമശേഖരന്‍: 9446583106)

English Summary: cereals for health

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine