നവരാത്രി, ദീപാവലി പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റെയിൽവേ സ്റ്റേഷനുകൾ തിക്കിലും തിരക്കിലുമാണ്. സമീപദിവസങ്ങളിൽ ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ട്രെയിൻ ടിക്കറ്റുകളും ലഭ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: IRCTC Tour Package: കീശ കീറാതെ ലോകം ചുറ്റാം, കുറഞ്ഞ ബജറ്റിൽ വിദേശ യാത്ര
ഉത്സവകാലത്തെ തിരക്ക് നിയന്ത്രിക്കാൻ തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും പല സ്റ്റേഷനുകളിലും ഇന്ത്യൻ റെയിൽവേ (Indian Railway) പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് (Platform Ticket Price) വർധിപ്പിച്ചിട്ടുണ്ട്.
ചെന്നൈയിലെ ഉൾപ്പെടെ നിരവധി റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കും വർധിപ്പിച്ചിട്ടുണ്ട് (Platform Ticket Price Hike). അടുത്ത വർഷം ജനുവരി 31 വരെയാണ് പുതുക്കിയ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് ബാധകമാകുന്നത്. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിലെ നിരക്ക് 10 രൂപയിൽ നിന്ന് 20 രൂപയാക്കിയാണ് വർധിപ്പിച്ചത്.
സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. പുതിയ നിരക്ക് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.
നിരക്ക് വർധനവ് ഏർപ്പെടുത്തിയ ചെന്നൈ സ്റ്റേഷനുകൾ
ഡോ.എംജിആർ ചെന്നൈ സെൻട്രൽ, ചെന്നൈ എഗ്മോർ, താമ്പരം, കാട്പാടി സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. ചെങ്കൽപട്ട്, ആരക്കോണം, തിരുവള്ളൂർ, ആവടി സ്റ്റേഷനുകളിലും വർധനവ് ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ മാത്രമല്ല, ദക്ഷിണ റെയിൽവേയുടെ കീഴിൽ വരുന്ന ആന്ധ്രാപ്രദേശിലെ വിജയവാഡ സ്റ്റേഷനിലും പ്ലാറ്റ്ഫോം ടിക്കറ്റിന്റെ വില ഉയർത്തി. ദസറ ഉത്സവത്തിരക്ക് കണക്കിലെടുത്താണ് ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 30 രൂപയായി ഇവിടെ ഉയർത്തിയിട്ടുള്ളത്. ഒക്ടോബർ 9 വരെ ഈ വില വർധന പ്രാബല്യത്തിലുണ്ടാകും.
കർണാടകയിൽ എട്ട് സ്റ്റേഷനുകളിലാണ് നിരക്ക് വർധനവ് ഉള്ളത്. ദക്ഷിണ മധ്യ റെയിൽവേ ഹൈദരാബാദിലെ കച്ചേഗുഡ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കും വർധിപ്പിച്ചു.
മുംബൈയിലും പ്ലാറ്റ്ഫോം ടിക്കറ്റ് വർധനവ്
മുംബൈയിലുടനീളമുള്ള പല റെയിൽവേ സ്റ്റേഷനുകളിലും സെൻട്രൽ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് കൂട്ടി.ദസറ ഉത്സവത്തോട് അനുബന്ധിച്ച് സ്റ്റേഷനുകളിലെ തിരക്ക് പരിഹരിക്കുന്നതിനാണ് ഈ നടപടിയെന്ന് സെൻട്രൽ റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു. ദാദർ, ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ലോകമാന്യ തിലക് ടെർമിനസ് സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റുകൾ ഉയർന്ന നിരക്കിലാണ് ഇനിമുതൽ ലഭിക്കുക. മുംബൈ ഡിവിഷനിലെ താനെ, കല്യാൺ, പൻവേൽ സ്റ്റേഷനുകളിലും നിരക്ക് വർധനവ് ബാധകമാണ്.