പത്തനംതിട്ട: വ്യക്തികളില്‍, പ്രധാനമായും കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുക്കുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്ന് ആരോഗ്യ, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലവുംതിട്ട മൂലൂര്‍ സ്മാരക സമിതി എസ്എന്‍ഡിപി ഹാളില്‍ മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിന്റെ ലഘുസമ്പാദ്യ പദ്ധതിയുടെയും എടിഎം കാര്‍ഡിന്റെയും ഉദ്ഘാടനവും 10, 12 ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ സഹകരണ ബാങ്കുകളെ സമന്വയിപ്പിച്ച് കേരളാ ബാങ്ക് ഉള്‍പ്പടെയുള്ള ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കി സംസ്ഥാനം സഹകരണ മേഖലയില്‍ മുന്നേറുകയാണ്. ഈ ഘട്ടത്തില്‍ ഡിജിറ്റലൈസേഷന്‍ എന്ന പ്രധാനമായ പടവ് പിന്നിടുകയാണ് മെഴുവേലി സര്‍വീസ് സഹകരണ ബാങ്കെന്നും മന്ത്രി പറഞ്ഞു.
ശിവദ്, ശരത്ത് എന്നീ കുട്ടികള്‍ക്ക് വഞ്ചിക നല്‍കി ലഘുസമ്പാദ്യ പദ്ധതിയും മൂലൂര്‍ സ്മാരക സമിതി സെക്രട്ടറി ഡി. പ്രസാദിന് നല്‍കി എടിഎം കാര്‍ഡിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ സഹകാരികളുടെ മക്കള്‍ക്ക് അവാര്‍ഡ് നല്‍കി മന്ത്രി ആദരിച്ചു.
ബാങ്ക് പ്രസിഡന്റ് റ്റി.കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജു സഖറിയ, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ വി.ജി. അജയകുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡി. ശ്യാംകുമാര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി. സ്റ്റാലിന്‍, വാര്‍ഡ് അംഗം വി. വിനോദ്, ബാങ്ക് സെക്രട്ടറി ബിജി പുഷ്പന്‍, ബോര്‍ഡ് അംഗങ്ങള്‍, ബാങ്ക് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.