തിരുവനന്തപുരം: കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ സുപ്രധാന പദ്ധതിയായ അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ അഥവാ അമൃത് പദ്ധതി പ്രകാരമുള്ള ജൽ ദീവാലി യജ്ഞത്തിന്റെ ഭാഗമായി കേരള ഗവൺമെന്റും, കുടുംബശ്രീയും, മന്ത്രാലയത്തിന്റെ നഗര ഉപജീവന ദൗത്യം (എൻ യു എൽ എം) - എന്നിവയുമായി സഹകരിച്ഛ് ‘ജൽ ദിവാലി, ജൽ മിത്ര’ പദ്ധതി സംസ്ഥാനത്തും നടത്തി വരുന്നു.
ജൽ ദീവാലി പ്രചാരണം നടത്തുന്നതിന്റെ ഭാഗമായി നവംബർ 7 മുതൽ 9 വരെ സംസ്ഥാനത്തെ 20 ജലശുദ്ധീകരണശാലകളിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ വനിതകൾക്ക് ജലശുദ്ധീകരണ ശാലകൾ സന്ദർശിക്കുവാനും അതിന്റെ പ്രവർത്തനം പഠിക്കുന്നത്തിനുള്ള അവസരവും ഒരുക്കുന്നു. “ജലത്തിനായി സ്ത്രീകൾ, സ്ത്രീകൾക്കായി ജലം”, എന്നതാണ് ജൽ ദീവാലി യജ്ഞത്തിന്റെ പ്രമേയം.
പരിപാടിയുടെ ഭാഗമായി തിരൂരിലെ 3.1MLD പ്ലാന്റിലേക്കു നവംബർ 08 ന് നടത്തിയ സന്ദർശനത്തിൽ കുടുംബശ്രീ യൂണിറ്റുകളിലെ 40 ഓളം അംഗങ്ങൾ പങ്കെടുത്തു. തിരൂർ നഗരസഭ ചെയർപേഴ്സൺ നസീമ. എ.പി; ‘ജൽ ദിവാലി, ജൽ മിത്ര’ പദ്ധതി, ജല ശുദ്ധീകരണശാല സന്ദർശനം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ ശ്രീ.രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി. റെജുല കെ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഗിരീഷ് നഗരസഭ സെക്രട്ടറി ശ്രീമതി സിനി ടി.എൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
അർബൻ ഇൻഫ്രാസ്ട്രക്ച്ചർ കം വാട്ടർ എക്സ്പെർട്ട് ശ്രീ. മാധവൻ കെ എൻ അമൃത് പദ്ധതികളെകുറിച്ച് വിശദീകരിച്ചു. തുടർന്ന് കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ ഷാക്കിർ, റിയേഴ്സ് എന്നിവർ ജലശുദ്ധീകരണശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ജല പരിശോധനയെക്കുറിച്ചും വിശദീകരിച്ചു. അതിന് ശേഷം ജലശുദ്ധീകരണശാലയോട് ചേർന്നുള്ള ലാബിൽ ജല പരിശോധനയും, ജലശുദ്ധീകരണശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നേരിട്ട് കണ്ട് മനസ്സിലാക്കുവാനുള്ള അവസരവും സംഘാംഗങ്ങൾക്ക് ലഭിച്ചു.
ജലപരിപാലനത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിനുള്ള വേദിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. യജ്ഞത്തിനു കീഴിൽ രാജ്യത്തുടനീളമായി വനിതാ സ്വയം സഹായ സംഘങ്ങൾ 550ലധികം ജലശുദ്ധീകരണ പ്ലാന്റുകൾ സന്ദർശിക്കും. അതതു നഗരങ്ങളിലെ ജലപരിപാലന പ്ലാന്റുകൾ സന്ദർശിക്കാൻ അവസരമൊരുക്കി, ജലശുദ്ധീകരണ പ്രക്രിയകളെക്കുറിച്ചുള്ള നേരിട്ടുള്ള അറിവു സ്ത്രീകൾക്കു നൽകും. വീടുകളിൽ സംശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം എത്തിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന സുപ്രധാന നടപടിക്രമങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.
കൂടാതെ, പൗരന്മാർക്ക് ആവശ്യമായ ഗുണനിലവാരമുള്ള വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ജലത്തിന്റെ ഗുണനിലവാര പരിശോധനാ മാർഗനിർദേശങ്ങളെക്കുറിച്ചുള്ള അറിവും ലഭിക്കും. ജല അടിസ്ഥാനസൗകര്യങ്ങൾക്കായി സ്ത്രീകളിൽ ഉടമസ്ഥാവകാശബോധവും സ്വത്വബോധവും വളർത്തിയെടുക്കുക എന്നതാണു യജ്ഞത്തിന്റെ പ്രധാന ലക്ഷ്യം.