ആലപ്പുഴ: സുഗന്ധ ദ്രവ്യങ്ങള്‍ ഉള്‍പ്പെടെ മുല്ലപ്പൂവില്‍ നിന്നും മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണം നടത്തുന്നതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍ദേശിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ മുല്ലപ്പൂ സംഭരണ-വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാർത്തകൾ: അറിയാം നക്ഷത്രമുല്ലയെ
സംഭരിക്കുന്ന പൂക്കള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും പരമാവധി വിപണന സാധ്യതകള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍ കോളേജിനു മുന്‍വശത്തുള്ള പഞ്ചായത്തിന്റെ പച്ചക്കറി സംഭരണ- വിപണന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഒരു തുളസിയില മതി - വൈദ്യന്മാരുടെ അനുഭവങ്ങളിലൂടെ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്ത മുല്ലപ്പൂക്കള്‍ സംഭരിക്കാനാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രം ആരംഭിച്ചത്. കഞ്ഞിക്കുഴി 1145-ാം നമ്പര്‍ പൂകൃഷി സഹകരണ സംഘമാണ് പൂക്കള്‍ സംഭരിക്കുന്നത്. 18 വാര്‍ഡുകളിലായി 288 ഗ്രൂപ്പുകള്‍ മുല്ലകൃഷി നടത്തുന്നുണ്ട്. ഓരോ വാര്‍ഡില്‍ നിന്നും ശേഖരിച്ച് സംഭരണ കേന്ദ്രത്തില്‍ എത്തുന്ന പൂക്കള്‍ ആവശ്യാനുസരണം വിപണനം ചെയ്യും. ബന്ദി, വാടാമുല്ല തുടങ്ങിയ പൂക്കളും തുളസി ഇലയും ഇവിടെ സംഭരിക്കും.
ചടങ്ങില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധാ സുരേഷ്, പൂകൃഷി സഹകരണ സംഘം പ്രസിഡന്റ് കെ. കൈലാസന്‍, സി.ഡി.എസ്. വൈസ് ചെയര്‍പേഴ്സണ്‍ രാജി, കേരള കര്‍ഷകസംഘം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി പ്രസിഡന്റ് സി.വി. മനോഹരന്‍, പഞ്ചായത്ത് അംഗങ്ങള്‍, പൂകൃഷി സഹകരണ സംഘം അംഗങ്ങള്‍, മേറ്റുമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.