അടുത്ത കാലത്ത് ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകളില്‍ വർദ്ധന വരുത്തിയിട്ടുണ്ടെങ്കിലും നിലവിലെ പണപ്പെരുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ ബാങ്കുകളില്‍ നിന്നും എഫ്ഡി നിക്ഷേപത്തിന് ലഭിക്കുന്ന പലിശ ആദായകരമല്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിക്ഷേപകര്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിതായി വരുന്നു. സുരക്ഷിതവും വരുമാനം ലഭിക്കുന്നതുമായ പദ്ധതികളാണ് എല്ലാവരും തെരഞ്ഞെടുക്കുന്നത്.
ബാങ്കുകളിലെ എഫ്ഡിയിലെ നിക്ഷേപത്തില്‍ നിന്നും മെച്ചം ലഭിക്കുന്നില്ലെങ്കില്‍ ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ് കരസ്ഥമാക്കിയിട്ടുള്ള കമ്പനികളുടേയും കോര്‍പറേഷന്റേയും ഫിക്‌സഡ് ഡിപ്പോസിറ്റ് സേവനങ്ങള്‍ പരീക്ഷിക്കാവുന്നത്. ഇത്തരത്തില്‍ സാധാ ഉപഭോക്താക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബാങ്കില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മികച്ച ആദായം നേടുന്നതിന് വേണ്ടി പരിഗണിക്കാവുന്ന സുരക്ഷിതമായ കോര്‍പറേറ്റ് ഫിക്‌സഡ് ഡിപ്പോസിറ്റ് പദ്ധതികളെകുറിച്ചാണ് വിശദമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ വാഗ്‌ദാനം ചെയ്യുന്ന ബാങ്കുകൾ
TNPFC (തമിഴ്‌നാട് പവര്‍ ഫൈനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്) പുറത്തിറക്കിയിരിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതികള്‍ യാതൊരു ആശങ്കയും കൂടാതെ പരിഗണിക്കാവുന്നതാണ്. കാരണം ടിഎന്‍പിഎഫ്‌സിയെ പിന്തുണയ്ക്കുന്നതും നിയന്ത്രിക്കുന്നതും തമിഴ്‌നാട് സര്‍ക്കാര്‍ ആണ്. സര്‍ക്കാര്‍ പിന്തുണയുള്ളതിനാല്‍ നിക്ഷേപം തിരികെ ലഭിക്കുമോയെന്ന ആശങ്കകള്‍ക്കും അടിസ്ഥാനമില്ല. നിലവില്‍ 7.25 മുതല്‍ 8.00 ശതമാനം വരെ ലഭിക്കുന്ന വിവിധ സ്ഥിര നിക്ഷേപ പദ്ധതികള്‍ ലഭ്യമാണ്. കൂട്ടുപലിശ വ്യവസ്ഥയിലും അല്ലാതെയുമുള്ള രണ്ടുതരം പലിശ സംവിധാനങ്ങളും ടിഎന്‍പിഎഫ്‌സിയുടെ നിക്ഷേപ പദ്ധതികള്‍ക്ക് ലഭ്യമാണ്. ഇതുപ്രകാരം കൂട്ടുപലിശയില്ലാത്ത രീതിയില്‍ 2,3,5 എന്നിങ്ങനെയുള്ള കാലയളവില്‍ നിക്ഷേപം സാധ്യമാണ്. ഇതിനുള്ള പലിശ നിരക്ക് 7.25 മുതല്‍ 8.00 ശതമാനം വരെയാണ്. കൂട്ടുപലിശ രീതിയിലുള്ള എഫ്ഡി നിക്ഷേപത്തിന് 1, 2, 3, 4, 5 വര്‍ഷ കാലയളവിലുള്ള പദ്ധതികളുണ്ട്. ഇതിനുള്ള പലിശ 7.00 സതമാനം മുതല്‍ 8.00 ശതമാനം വരെയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക പലിശയും ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: നവ ജീവൻ സുവിധ പ്ലസ്: മുതിര്‍ന്ന പൗരൻമാര്‍ക്ക് സബ്‍സിഡിയോടെ വായ്പ
TTDFC (തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പറേഷന്‍ അഥവാ ടിടിഡിഎഫ്‌സി) പുറത്തിറക്കിയിരിക്കുന്ന ഫിക്‌സഡ് ഡിപ്പോസിറ്റ് സ്‌കീമുകളും നിക്ഷേപകര്‍ക്ക് ധൈര്യമായി പരിഗണിക്കാവുന്നതാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടിടിഡിഎഫ്‌സി. അതിനാല്‍ തന്നെ നിക്ഷേപത്തിന്റെ ഉറപ്പ് സംബന്ധിച്ചും ടെന്‍ഷന്റെ ആവശ്യമേയില്ല. പ്രധാനമായും രണ്ടു രീതിയിലാണ് ടിടിഡിഎഫ്‌സിയില്‍ സ്ഥിര നിക്ഷേപ പദ്ധതികള്‍ സജ്ജമാക്കിയിട്ടുള്ളത്.
'പീരിയഡ് ഇന്ററസ്റ്റ് പേയ്‌മെന്റ് സ്‌കീം' (PIPS) അഥവാ കൃത്യമായ ഇടവേളകളില്‍ പലിശ നല്‍കുന്നതാണ് ആദ്യത്തെ രീതി. ഇതു പ്രകാരം പിഐപിഎസ് നിക്ഷേപങ്ങള്‍ക്ക് മാസത്തിലോ സാമ്പത്തിക പാദത്തിലോ വാര്‍ഷികമായോ പലിശ വിതരണം ചെയ്യും. അതേസമയം 'മണി മള്‍ട്ടിപ്ലൈയര്‍ സ്‌കീം' (MMS) അഥവാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശയും മുതലും ഒരുമിച്ച്് മടക്കി നല്‍കുന്നതാണ് രണ്ടാമത്തെ സംവിധാനം. എംഎംഎസ് പദ്ധതിയില്‍ നിക്ഷേപത്തിന്മേലുള്ള കൂട്ടുപലിശ ഓരോ സാമ്പത്തിക പാദത്തിലും വരവ് വെയ്ക്കും.
ബന്ധപ്പെട്ട വാർത്തകൾ: നിക്ഷേപ പലിശ പുതുക്കി ഫെഡറൽ ബാങ്കും മറ്റു ബാങ്കുകളും
അതേസമയം ചുരുങ്ങിയത് 50,000 രൂപയെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറായാല്‍ മാത്രമേ ടിടിഡിഎഫ്‌സിയുടെ സ്ഥിര നിക്ഷേപ പദ്ധതികളില്‍ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ.
ഇതില്‍ പിഐപിഎസ് രീതിയിലുള്ള നിക്ഷേപങ്ങള്‍ക്ക് 24 മാസം മുതല്‍ 60 മാസം വരെയുള്ള കാലാവധിയാണുള്ളത്. സാധാ വിഭാഗത്തിന് ഇതിനുള്ള പലിശ 8.00 മുതല്‍ 8.24 ശതമാനം വരെയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പിഐപിഎസ് നിക്ഷേപങ്ങള്‍ക്ക് 8.50 മുതല്‍ 8.77 ശതമാനം പലിശ ലഭിക്കും.
എന്നാല്‍ എംഎംഎസ് പദ്ധതിയില്‍ നിക്ഷേപ കാലാവധി 12 മുതല്‍ 60 മാസം വരെയാണ്. ഇതില്‍ 60 മാസ കാലാവധിയിലുള്ള നിക്ഷേപ പദ്ധതികള്‍ക്ക് സാധാ വിഭാഗത്തില്‍ പരമാവധി 8.00 ശതമാനം ളഭിക്കും. മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ എംഎംഎസ് നിക്ഷേപങ്ങള്‍ക്ക് പരമാവധി 8.50 ശതമാനം നിരക്കിലും പലിശ ലഭിക്കും.