1. കേരള സർക്കാരിന്റെ കെ റൈസ് മാർച്ച് 12ന് വിതരണം തുടങ്ങും. ജയ അരി കിലോക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുക. സപ്ലൈകോ സബ്‌സിഡിയായി റേഷൻ കാർഡ് ഉടമകൾക്കു നൽകിയിരുന്ന അരിയുടെ ഭാഗമായാണു കെ-റൈസ് വിപണിയിൽ എത്തിക്കുന്നത്. റേഷൻ കാർഡ് ഒന്നിന് മാസംതോറും 5 കിലോ അരി വീതം നൽകും. ഇതോടൊപ്പം സപ്ലൈകോയിൽ നിന്ന് സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന അരികൾ കാർഡ് ഒന്നിന് അഞ്ച് കിലോ വീതം വാങ്ങാം. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാകും വിതരണം ചെയ്യുക. ആദ്യഘട്ടത്തിൽ അഞ്ചുകിലോ അരിയുടെ പാക്കറ്റ് ലഭ്യമാക്കും.
കൂടുതൽ വാർത്തകൾ: സന്തോഷവാർത്ത! ഗാർഹിക പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു
2. ക്ഷീരമേഖലയുടെ വികസനത്തിനായി തദ്ദേശസ്ഥാപനങ്ങൾ നടത്തുന്നത് ശക്തമായ ഇടപെടലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. മലബാർ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ലിമിറ്റഡിന്റെ ക്ഷീര സംഘങ്ങൾക്കും ജീവനക്കാർക്കും ഉള്ള മിൽമ ഗ്രാൻ്റ് കൈമാറൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാലുൽപന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റിയാൽ കർഷകർക്ക് അധിക വരുമാനം ലഭിക്കും. ക്ഷീരഗ്രാമം തുടങ്ങിയ പദ്ധതികളിലൂടെ സംസ്ഥാന സർക്കാരും ക്ഷീരവികസന പ്രവർത്തനങ്ങളിൽ സജീവമാണെന്നും ക്ഷീരമേഖലയുടെ വികസനത്തിനായി കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ക്ഷീര കർഷകർക്കുള്ള ഇൻഷുറൻസ് ധനസഹായ വിതരണം എ.പ്രഭാകരൻ എം.എൽ.എ നിർവഹിച്ചു.
3. സംസ്ഥാനത്ത് 6 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളിൽ അധികചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.
4. പരമ്പരാഗത കർഷകർക്ക് തിരിച്ചടിയായി കേരളത്തിൽ വെറ്റില വില ഇടിയുന്നു. ഒരടുക്ക് വെറ്റിലയ്ക്ക് 100 മുതൽ 120 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് 30 മുതൽ 40 രൂപ വരെയാണ് ഇപ്പോൾ ലഭിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും കീടങ്ങളുടെ ശല്യവും കൂടിയതോടെ വെറ്റില കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. തമിഴ്നാട്ടിലും അവസ്ഥ മറിച്ചല്ല. സാധാരണ വെറ്റില എടുക്കുന്നതിന്റെ മൂന്നിലൊന്ന് മാത്രമാണ് തമിഴ്നാട്ടിലെ വ്യാപാരികൾ ആവശ്യപ്പെടുന്നത്. കൊവിഡിന് ശേഷമാണ് കച്ചവടം ഇടിഞ്ഞതെന്ന് കർഷകർ പറയുന്നു.