1. സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സെപ്റ്റംബർ മാസത്തിലെ പെന്‍ഷന്‍ തുക ഇന്നു മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 841 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 1600 രൂപ വീതമാണ് പെന്‍ഷനായി ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് പതിവുപോലെ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയും പെൻഷൻ തുക കൈമാറും. കഴിഞ്ഞ മാസത്തെ പെൻഷൻ തുകയ്ക്ക് പുറമെ ഒരു ഗഡു കുടിശിക കൂടി ചേർത്ത് ഓഗസ്റ്റ് 23-ാം തീയതി മുതൽ വിതരണം ചെയ്തിരുന്നു.
2. നാളികേര വികസന ബോർഡിൻ്റെ നേര്യമംഗലം വിത്തുത്പാദന പ്രദർശന തോട്ടത്തിൽ നിന്ന് അത്യുത്പാദന ശേഷിയുള്ള കുറ്റ്യാടി (WCT) തെങ്ങിൻ തൈകൾ വില്പനയ്ക്ക്. തൈ ഒന്നിന് 100 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. പുതുകൃഷി പദ്ധതി പ്രകാരം 350 രൂപ ബോർഡിൻ്റെ സബ്‌സിഡി ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോമുകളും തൈകൾക്കൊപ്പം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0485 2554240, 965685850 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
3. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത രണ്ട് ദിവസങ്ങളിലും മഴ ശക്തമാകുമെന്നും മുന്നറിയിപ്പ്. ഇതിന്റെയടിസ്ഥാനത്തിൽ ഇന്ന് ഏഴ് ജില്ലകൾക്ക് കേന്ദ്രകാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റു ജില്ലകളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ 27-ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.