Updated on: 16 July, 2021 10:11 PM IST
കാലാ നമക്

സുഗന്ധ നെല്ലിനങ്ങളിലെ കരിവീരൻ, ബസ്മതിയെ വെല്ലും കാലാ നമക്

മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണ് താരം  എന്നത് പോലെയാണ് സുഗന്ധ നെല്ലിനങ്ങളിൽ ബസ്മതി. ബസ്മതി എന്ന  പേര് യാങ്കികളിൽ നിന്നും രക്ഷിച്ചെടുക്കാൻ നമ്മൾ പെട്ട പാട് ചില്ലറയല്ലേ. എന്നാൽ പിടിച്ചതിനേക്കാൾ വലുത് അളയിൽ ഉണ്ട് എന്ന് പറഞ്ഞത് പോലെ ആണ് കാര്യങ്ങൾ. ബസ്മതിയെ വെല്ലുന്ന  കരിയുപ്പ് നെല്ല് അഥവാ കാലാ നമക് ആണ് ഇപ്പോൾ താരം.  ആ അരിയുടെ കഥയാകട്ടെ ഇന്നത്തെ എഴുത്ത്. 

ഹരിത വിപ്ലവം അരങ്ങേറുന്നതിനു മുൻപ് ഇന്ത്യയിൽ ഇരുപതോളം സുഗന്ധ നെല്ലിനങ്ങൾ ഉണ്ടായിരുന്നുവത്രെ. എന്നാൽ സങ്കരൻ നെല്ലുകളുടെ കുത്തൊഴുക്കിൽ പെട്ടു അതിൽ പന്ത്രണ്ടും അന്യം നിന്ന് പോയി. ശേഷിക്കുന്നവയിലെ കരിവീരൻ അതാണ് കാലാ നമക് നെല്ല്. 

ആള് ചില്ലറക്കാരനല്ല. മിത്തുകൾ ബി സി അഞ്ഞൂറാമാണ്ടിലേക്കു നീളുന്നു. ഉത്തർപ്രദേശിൽ, നേപ്പാൾ അതിർത്തിയിൽ ബുദ്ധന്റെ ജന്മസ്ഥലമായ കപില വസ്തുവിനടുത്തുള്ള മാത്ല ഗ്രാമത്തിൽ വച്ചു,  ബോധോദയം നേടി തിരികെ  വരുന്ന വഴിയിൽ  വച്ചു അവിടുത്തെ ഗ്രാമീണർക്ക് അനുഗ്രഹിച്ചു നൽകി എന്ന് വിശ്വസിക്കപ്പെടുന്ന നെല്ല്. 

ആയതിനാൽ ബുദ്ധ റൈസ് എന്നും അറിയപ്പെടുന്നു. ആ സ്ഥലങ്ങളിൽ ഉൽഖനനം നടത്തിയപ്പോൾ ഈ കറുത്ത നെല്ലിനത്തിന്റെ പഴക്കമേറിയ  ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. 2013 ൽ ഇതിനു ഭൗമ സൂചികാ പദവിയും ലഭിച്ചു. ഉത്തർ പ്രദേശിലെ തറായ് ബെൽറ്റിൽ പെടുന്ന സിദ്ധാർഥ്‌ നഗർ, സന്ത്‌ കബീർ നഗർ, കുശിനഗർ, മഹാരാജ്‌ ഗാംജ്, ബസ്തി, ഗോണ്ട, ഗോരഖ്‌പൂർ എന്നിവിടങ്ങളിൽ വിളയുന്ന കാലാ നമക് നെല്ലിന്  മാത്രമേ ഔദ്യോഗികമായി ഈ പേരുപയോഗിക്കാൻ പാടുള്ളൂ. 

ഒരു പ്രത്യേക ഭൂവിഭാഗത്തിന്റെ പേരിൽ അറിയപ്പെടുന്നതും സവിശേഷ ഗുണങ്ങൾ ഉള്ളതുമായ ഉല്പന്നങ്ങൾക്കാണ് ഭൗമ സൂചികാ പദവി ലഭിക്കുന്നത്.അംഗീകൃത കർഷക സംഘങ്ങൾക്ക് മാത്രമാണ് നിയമപരമായി അത്തരം മുദ്രകൾ ഉപയോഗിക്കാനും കഴിയുന്നത്. 

എന്തൊക്കെ ആണ് കാലാ നമക് അരിയുടെ സവിശേഷതകൾ?

 ജൈവ രീതിയോട് ഇണക്കം 

നല്ല പൊക്കമുള്ള പ്രകൃതം

 ദീർഘ കാല മൂപ്പ്‌ 

വരൾച്ചയെ ചെറുക്കാൻ ഉള്ള മിടുക്ക് 

തവിട്ടു പുള്ളി രോഗത്തെ പ്രതിരോധിക്കാൻ ഉള്ള കഴിവ് 

ഉമിയുടെ കറുത്ത നിറം 

ആസ്വാദ്യകരമായ സുഗന്ധം 

വേവുമ്പോൾ ചോറിനുള്ള  നീളകൂടുതൽ 

( ബിരിയാണി അരികളിൽ അത് ഒരു പ്രധാന യോഗ്യതയാണ്. അരിയുടെ നീളത്തിന്റെ  എത്ര ഇരട്ടി നീളം ചോറിനുണ്ടാകും എന്നത്. കാലാ നമക് അരിയ്ക്കു അത് 2.7ഇരട്ടിയാണ്. എന്നാൽ ബസ്മതിയ്ക്ക് 2 ഇരട്ടിയേ ഉള്ളൂ )

അമിലോസ് ന്റെ അളവ് 20ശതമാനം മാത്രം. ആയതിനാൽ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ് . പ്രമീഹികൾക്കും കഴിക്കാം. ബസ്മതിയിൽ അമിലോസിന്റെ അളവ് 24ശതമാനം. 

വലിയ അളവിൽ അടങ്ങിയിരിക്കുന്ന ഇരുമ്പും സിങ്കും. മറവി രോഗം വരാതെ കാക്കും.

 ബസ്മതി നെല്ല് കുത്തിയെടുക്കുമ്പോൾ മുറിയാതെ കിട്ടുന്ന അരിയുടെ  അളവ് 40-45% ആയിരിക്കെ കാലാ നമക് ന്റെ head rice recovery (നെടിയരി അളവ് ) 65%.

ആനന്ദ ലബ്ധിക്കിനിയെന്തു വേണം. 

എങ്കിലും പെരുമയെല്ലാം നിനക്കാണല്ലോ  ബസ്മതീ... സാരമില്ല.ലേറ്റായാലും ലേറ്റസ്റ്റായി വന്നല്ലോ. 

അങ്ങനെ, തേച്ച് മിനുക്കിയാൽ കാന്തിയും മൂല്യവും വാച്ചിടും കല്ലുകൾ ഭാരതാംബേ താണ്‌ കിടക്കുന്നു നിൻ കുക്ഷിയിൽ. കാലാ നമക്കിനെ പോലെ. 

വാൽകഷ്ണം:കാലാ നമക് അരിയുടെ വൈശിഷ്ട്യം മനസ്സിലാക്കിയ ബ്രിട്ടീഷ്കാർ പണ്ട് അരി മുഴുവൻ ബ്രിട്ടനിലേക്ക് കൊണ്ട് പോകുകയായിരുന്നു. ഞാറ്റുവേല കൊണ്ട് പോകാൻ കഴിയാത്തതിനാൽ ബസ്മതിയുടെ കാര്യത്തിലെ പോലെ കോടതി നിരങ്ങേണ്ടി വന്നില്ല. പോഷക ദാരിദ്ര്യം നിർമാർജ്ജനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ ന്യൂട്രി -ഫാം പദ്ധതിയിൽ കാലാ നമക് ഇടം പിടിച്ചിട്ടുണ്ട്. ഈയിടെ UP സർക്കാർ സിംഗപ്പൂരിലേക്ക് 20ടൺ അരി കയറ്റുമതി ചെയ്തു. അരിയ്ക്കു പ്രചാരണം ലഭിക്കാൻ കാലാ നമക് ഫെസ്റ്റിവൽ നടത്തുകയും ചെയ്തു. നമുക്കും ഇതൊക്കെ നടത്തണം. ഇവിടെയും ഉണ്ട് ഭൗമ സൂചികാ പദവി ലഭിച്ച പാലക്കാടൻ മട്ട, നവര അരി, മറയൂർ ശർക്കര, ചെങ്ങാലിക്കോടൻ നേന്ത്രൻ, പൊക്കാളി അരി  എന്നിവ. 

എന്നാൽ അങ്ങട്.

പ്രമോദ് മാധവൻ 

കൃഷി ഓഫീസർ 

ചാത്തന്നൂർ കൃഷിഭവൻ 

കൊല്ലം ജില്ല 

English Summary: KALA NAMAK RICE – Not just rice, an aroma to remember
Published on: 16 July 2021, 10:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now